ADVERTISEMENT

പാട്ടുകൾ വലിച്ചു നീട്ടിപ്പാടുന്നതിനു വിമർശനങ്ങൾ നേരിട്ടതിനോടു പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗായകന്‍ നിലപാട് വ്യക്തമാക്കിയത്. ഹരീഷിനെപ്പോലെയുള്ള യുവഗായകർ പാട്ടുകൾ വലിച്ചു നീട്ടിപ്പാടുന്ന രീതി ശരിയല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞിരുന്നു. ദേവാങ്കണങ്ങൾ കൈവിട്ടു പാടിയാൽ തനിക്കിഷ്ടപ്പെടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹരീഷ് ശിവരാമകൃഷ്ണൻ രംഗത്തെത്തിയത്. ഒപ്പം അദ്ദേഹം പാട്ട് വിഡിയോ പങ്കുവച്ചിട്ടുമുണ്ട്. 

‘ദേവാങ്കണങ്ങൾ - ശ്രീ യേശുദാസ്, ജോൺസൻ മാഷ്, ശ്രീ കൈതപ്രം ദാമോദരൻ. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ പാട്ട് കാസറ്റിലാക്കി അച്ഛൻ കൊണ്ടു വരുന്നത്. കല്യാണി രാഗത്തിന്റെ ഇതു വരെ കേൾക്കാത്ത മാനങ്ങൾ ജോൺസൺ മാസ്റ്റർ എന്നാ മഹാനായ സംഗീതജ്ഞൻ നമുക്കു മുന്നിൽ കാഴ്ചവച്ച ഈ അപൂർവ സൃഷ്ടിയുടെ രണ്ടാമത്തെ ചരണം ആണ്. വളരെ സൂക്ഷ്മമായ സ്വര വ്യതിയാനത്തിലൂടെ അദ്ദേഹം മറ്റൊരു രാഗത്തിന്റെ അംശം കൊണ്ട് വരുന്നത്. എത്ര തവണ ഇതു ആവർത്തിച്ചു കേട്ടു കാണും എന്നറിയില്ല. ദാസേട്ടന്റെ ഗംഭീര ശബ്ദം കർണാടക ഹിന്ദുസ്ഥാനി ശൈലികളിൽ അനായാസം പ്രവഹിക്കുന്ന ഈണം.

പത്മശ്രീ കൈതപ്രം ദാമോദരൻ അവർകൾ എത്ര മനോഹരമായി ആണ് ആ മീറ്ററിൽ വരികൾ അണിയിച്ചിരിക്കുന്നത്. സംഗീതത്തിൽ അത്രയും പാടവം ഉള്ള ഒരു കവിക്കു മാത്രം ചെയ്യാനാവുന്ന ഒന്ന്. ഇതിനെയൊരു സിനിമ ഗാനമായി മാത്രം കാണുന്നതിനേക്കാൾ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂർവ സൃഷ്ടി എന്നു പറയാതെ വയ്യ. ഇതിനു മുൻപും ഈ പാട്ട് പാടാൻ ശ്രമിച്ചിട്ടുണ്ട്, ഈ ജീവിത കാലം മുഴുവനും പാടുകയും ചെയ്യും. ഓരോ തവണ പാടുമ്പോഴും എനിക്ക് കിട്ടുന്നത് ഒരു പുതിയ അനുഭവം. ജഗന്നാഥൻ തമ്പുരാൻ പറയുന്ന പോലെ - 'അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം, സംഗീതം’.– ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com