ADVERTISEMENT

ഗായിക കെ.എസ്.ചിത്രയെക്കുറിച്ചു വാചാലനായി ജി.വേണുഗോപാൽ. തികഞ്ഞ മാനുഷിക മൂല്യമുള്ള ആളാണ് ചിത്രയെന്നും അത് വ്യക്തി ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും വേണുഗോപാൽ വെളിപ്പെടുത്തി. ഭാര്യാസഹോദരൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ അവസ്ഥയിൽ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് ചിത്രയുടെ സ്വരം ആണെന്ന് വേണുഗോപാൽ പറഞ്ഞു. വിവിധ മേഖലകളിലെ പ്രതിഭാധനരായ മറ്റെല്ലാവരിൽ നിന്നും ചിത്രയെ വ്യത്യസ്തയാക്കുന്നത് മാനുഷിക മൂല്യത്തോടെയുള്ള ചിത്രയുടെ പെരുമാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎച്ച്എൻഎ സംഘടന പത്മപുരസ്കാര ജേതാക്കളെ ആദരിക്കുന്നതിനു വേണ്ടി ഓൺലൈനായി സംഘടിപ്പിച്ച മീറ്റിങ്ങിൽ സംസാരിക്കുകകയായിരുന്നു അദ്ദേഹം.

‘ചലച്ചിത്ര ഗാനാലാപന രംഗത്ത് എന്നേക്കാൾ മൂന്നോ നാലോ വർഷം സീനിയർ ആണ് ചിത്ര. ഞങ്ങൾ സമകാലികർക്കിടയിൽ ഏറ്റവും കൂടുതൽ പ്രതിഭയുള്ള ആൾ. എത്രയൊക്കെ ഉന്നതിയിൽ നിന്നാലും പരിചയപ്പെടുത്തലുകളോ പുകഴ്ത്തലുകളോ ഇഷ്ടപ്പെടാത്ത ആളാണ് ചിത്ര. പല രംഗങ്ങളിലും പ്രതിഭാധനരായ നിരവധി വ്യക്തികളെ നാം കാണാറുണ്ട്. പക്ഷേ അവരിൽ നിന്നൊക്കെ ചിത്രയെ മാറ്റി നിർത്തുന്ന ചില ഘടകങ്ങളുണ്ട്. വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര. അത് ജീവിതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്റെ ഭാര്യാ സഹോദരൻ രാമചന്ദ്രൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണർത്തിയത് ചിത്രയുടെ സ്വരമാണ്. 

രാമചന്ദ്രൻ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്ക്കും റഹ്മാനും ഉൾപ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞർക്കുമൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയർച്ചയിൽ നിൽക്കുമ്പോൾ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററിൽ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലിൽ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേർന്ന് ‘പാടറിയേൻ പടിപ്പറിയേൻ’ എന്ന പാട്ടിന്റെ ഏതാനും വരികൾ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രൻ പ്രതികരിച്ചു. ‘ദ് ഗോൾഡൻ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു. 

ഇന്ന് ഇപ്പോൾ രാമചന്ദ്രനു കാഴ്ചയില്ല. ഏറ്റവും തിരക്കുള്ള ജോലിയിൽ നിന്നും വിരമിച്ച് ഒറ്റപ്പാലത്താണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹത്തിന്റെ അമ്മ എല്ലാ കാര്യങ്ങളും കൈ പിടിച്ചു നടത്തി ചെയ്യിപ്പിക്കുന്നു. പക്ഷേ ഇപ്പോഴും സ്വന്തം കുഞ്ഞിനെപ്പോലെ അദ്ദേഹം വയലിൻ നെഞ്ചോടു ചേർക്കുന്നു. ചിത്രയുടെ നല്ല മനസ്സ് വിവരിക്കാൻ എന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതി. കൂടുതലൊന്നും ചിത്രയെക്കുറിച്ചു പറയേണ്ടതില്ല. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണ്’.– ജി.വേണുഗോപാൽ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com