ADVERTISEMENT

ഗായിക സിത്താര കൃഷ്ണകുമാർ ആലപിച്ച ‘അരുതരുത്’ എന്ന പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. പ്രകൃതിയോടു മനുഷ്യർ ചെയ്യുന്ന ക്രൂരതകൾ എണ്ണിപ്പറഞ്ഞാണ് പാട്ടൊരുക്കിയത്. സിത്താരയുടെ സംഗീത ബാൻഡ് ആയ പ്രോജക്ട് മലബാറിക്കസ് ആണ് പാട്ട് ചിട്ടപ്പെടുത്തിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ചു. 

കുന്നും മലയും ഇടിച്ചു നിരത്തിയും ജീവജാലങ്ങളെ കൊന്നൊടുക്കിയും മണ്ണും വായുവും ജലവും മലിനമാക്കിയുമുള്ള മാനവരാശിയുടെ കടന്നുപോക്കിനോട് അരുതരുതെന്ന് പാടിപ്പറയുകയാണ് സിത്താര. മരം മുറിച്ച് മഴ മുടക്കുന്നതും വയൽ നികത്തി അന്നം മുടക്കുന്നതുമെല്ലാം വരികളില്‍ പകർത്തി പ്രകൃതിയോടുള്ള ക്രൂരത വിലക്കി പാട്ടിലൂടെ മഹത്തായ സന്ദേശമാണ് പിന്നണിപ്രവർത്തകർ പകരുന്നത്. ഇന്നു ചെയ്യുന്ന പ്രവൃത്തികളുടെ ഭവിഷ്യത്തുകൾ നാളെ അനുഭവിക്കേണ്ടി വരുമെന്നും സംഘം ഓർമിപ്പിക്കുന്നുണ്ട്. മനുഷ്യർ മാത്രമല്ല സർവജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നും പാട്ടിൽ പറഞ്ഞുവയ്ക്കുന്നു. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. പുതിയ പാട്ടിനെക്കുറിച്ച് സിത്താര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. പാട്ടൊരുക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായി അതു മാറുമെന്ന് വിചാരിച്ചതേയില്ല എന്ന് സിത്താര പറയുന്നു. ശ്രീജേഷ് നായരാണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്. പ്രോജക്ട് മലബാറിക്കസിലെ മറ്റ് അംഗങ്ങളായ ലിബോയ്, അജയ്, വിജോ എന്നിവര്‍ പാട്ടിനു വേണ്ടി ഗിറ്റാറിലും ശ്രീനാഥ് കീ ബോർഡിലും ഈണമൊരുക്കി. മിഥുൻ പോൾ ആണ് ഡ്രംസ് വായിച്ചത്. 

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘അരുതരുത്’ പ്രേക്ഷകർക്കരികിൽ എത്തിയത്. സുമേഷ് ലാൽ ആണ് ഗാനരംഗങ്ങളുടെ സംവിധാനം. മഹേഷും അനീഷും ചേർന്നു ചിത്രീകരിച്ച പാട്ടിന്റെ എഡിറ്റിങ് നിർവഹിച്ചത് ആൽബി നടരാജ് ആണ്. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com