ADVERTISEMENT

അമ്മ ശർമിസ്തയുടെ 60ാം പിറന്നാൾ ആഘോഷമാക്കി ഗായിക ശ്രേയ ഘോഷാൽ. അമ്മയ്ക്കു പിറന്നാൾ മധുരം നൽകുന്നതിന്റെയും ആഘോഷവേളയിൽ അമ്മയ്ക്കും അച്ഛനും ഒപ്പം നിൽക്കുന്നതിന്റെയും ചിത്രങ്ങള്‍ ശ്രേയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ശ്രേയ ഘോഷാൽ. നിറവയറോടെയാണ് ഗായിക അമ്മയുടെ ജന്മദിനാഘോഷ വേളയിൽ പ്രത്യക്ഷപ്പെട്ടത്. ശർമിസ്തയ്ക്കു ഹൃദ്യമായ ആശംസകൾ നേർന്നുകൊണ്ട് ശ്രേയ ഘോഷാൽ പങ്കുവച്ച കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായി. 

‘എന്റെ അമ്മയുടെ 60ാം ജന്മദിനമാണിത്. എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മ എന്നും എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കട്ടെ. അമ്മേ, എനിക്ക് ഇനിയും അമ്മയുടെ സ്നേഹവും ലാളനകളും വേണം. അതുപോലെ തിരിച്ച് എനിക്ക് അമ്മയെയും ലാളിക്കണം. അമ്മ ഉടനെ തന്നെ ഒരു മുത്തശ്ശിയും ആകും. എത്രത്തോളം ആകാംക്ഷയോടെയാണ് ആ നിമിഷത്തിനു വേണ്ടി അമ്മ  കാത്തിരിക്കുന്നത് എന്നെനിക്കറിയാം’, ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ഗായികയുടെ പോസ്റ്റിനു പിന്നാലെ സിനിമാ, സംഗീതരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ശർമിസ്തയ്ക്കു ജന്മദിനാശംസകളുമായി രംഗത്തെത്തി. പിറന്നാൾ ആഘോഷവേദിയിൽ നിറവയറിൽ പ്രത്യക്ഷപ്പെട്ട ശ്രേയയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. അമ്മയാകാനൊരുങ്ങുന്ന സന്തോഷവാർത്ത ഈ മാസം ആദ്യവാരമാണ് ശ്രേയ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയും പുറത്തുവിട്ടത്. നിറവയറിൽ കൈ ചേർത്തു നിൽക്കുന്നതിന്റെ ചിത്രവും ഗായിക പങ്കുവച്ചിരുന്നു. ഗർഭകാലത്തെ വീട്ടുകാരുടെ കരുതലിനെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചും ഗായിക ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com