ADVERTISEMENT

എഴുത്തിലും അഭിനയത്തിലും മാത്രമല്ല ആലാപനത്തിലും പ്രതിഭ തെളിയിച്ചതാണ് മുരളി ഗോപി. കുട്ടിക്കാലം മുതൽ പാട്ടുമായി കൂട്ടായിരുന്നു മുരളി. അച്ഛൻ ഭരത് ഗോപിയിൽ നിന്നും അമ്മ ജയലക്ഷ്മിയിൽ നിന്നും പാട്ടുകൾ കേൾക്കുകയും അടുത്തറിയുകയും ചെയ്തു. ഇതിനോടകം പത്തോളം ചിത്രങ്ങളിൽ പിന്നണിയിൽ സ്വരമായിക്കഴിഞ്ഞു അദ്ദേഹം. മുരളി ഗോപി തിരക്കഥയൊരുക്കിയ ‘രസികൻ’ എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു പിന്നണിഗാനരംഗത്തിലെ ഹരിശ്രീ. അഭിനയത്തോടും എഴുത്തിനോടും ഒപ്പമുള്ള പാട്ടു കൂട്ടിനെക്കുറിച്ച് മുരളി ഗോപി മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്നത് ഇങ്ങനെ:

‘കുട്ടിക്കാലം മുതൽ സംഗീതത്തോട് എനിക്കു വലിയ സൗഹൃദമുണ്ടായിരുന്നു. പാട്ടിൽ പരിശീലനം നേടിയിട്ടില്ലെങ്കിലും വളരെ ഇഷ്ടമാണ്. യഥാർഥത്തിൽ പാട്ട് പഠിക്കാത്തത് വലിയ ഗുണമായാണ് ഞാൻ കാണുന്നത്. കാരണം, സ്വഭാവികമായ രീതിയിലാണ് ഞാൻ പാടുന്നത്. ‘രസികനി’ലെ ‘ചാഞ്ഞു നിൽക്കണ’ എന്ന പാട്ടാണ് ആദ്യമായി പിന്നണി പാടിയത്. എനിക്ക് അയ്യപ്പൻ എന്ന ഒരു സുഹൃത്ത് ഉണ്ട്. അദ്ദേഹം ഇടയ്ക്കിടെ ഈ പാട്ട് പാടാറുണ്ടായിരുന്നു. രസിക‍നു വേണ്ടി തിരക്കഥ എഴുതുന്ന സമയത്ത് ചിത്രത്തിൽ ഒരു ഭാഗത്ത് ഈ പാട്ട് ചേർത്താൽ നന്നായിരിക്കും എന്ന് എനിക്കു തോന്നി. അക്കാര്യം ലാലിനോടു പറഞ്ഞപ്പോൾ അദ്ദേഹം അത് അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ അത് കാസെറ്റിൽ ആക്കി അയച്ചു. അദ്ദേഹം അത് വിദ്യാസാഗറിനു കൈമാറി. അദ്ദേഹവും താത്പര്യപ്പെട്ടതോടെ രസികനിൽ ആ പാട്ട് ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ഞാൻ പോയി പാടുകയുമായിരുന്നു. എം.ടി.അശോക് വരികൾ കുറിച്ച പാട്ടാണത്. 

അച്ഛന് പാട്ട് വളരെ ഇഷ്ടമായിരുന്നു. സുഖമില്ലാതാകുന്നതുവരെ അച്ഛൻ പാടുമായിരുന്നു. അച്ഛൻ പല തരത്തിലുള്ള പാട്ടുകൾ എനിക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. അച്ഛനൊപ്പമിരുന്ന് തബല വായിച്ചു പാട്ട് പാടുമായിരുന്നു. ഞാൻ‍ മൂന്നാം ക്ലാസ് മുതൽ തബല പഠിക്കാൻ തുടങ്ങിയതാണ്. 8 വർഷത്തോളം പഠിച്ചു. ഇടയ്ക്കിടയ്ക്ക് അച്ഛനൊപ്പം ഇരുന്ന് തബലയിൽ താളം പിടിച്ച് പാടുമായിരുന്നു. അക്കാലത്തെ രാത്രികളിലെ പവർകട്ട് നല്ല ഓർമകളുടെ നിമിഷമാണ്. ആ സമയത്ത് മെഴുകുതിരി വെട്ടത്തിൽ അച്ഛനുമായി ഒരു കൂടിക്കാഴ്ച പതിവായിരുന്നു. അപ്പോൾ സിനിമയും നാടകവും പാട്ടും ഒക്കെ ചർച്ച ചെയ്യും. ഇടയ്ക്ക് പാടുകയും ചെയ്തിരുന്നു. അതൊക്കെ നല്ല നിമിഷങ്ങളും ഓര്‍മകളുമാണ്. അമ്മയുടെ ആലാപനത്തെക്കുറിച്ചും എടുത്തു പറയേണ്ടതാണ്. അമ്മ വളരെ മികച്ച ഗായികയാണ്. അമ്മയിൽ നിന്നാണ് പഴയ പല പാട്ടുകളും ഞാൻ കേൾക്കുന്നത്’, മുരളി ഗോപി പറഞ്ഞു. 

അച്ഛൻ ഭരത് ഗോപിക്ക് ഏറെ ഇഷ്ടപ്പെട്ട ‘തങ്കക്കിനാക്കൾ ഹൃദയേ വീശും’ എന്ന പാട്ട് കൂടി പാടിയാണ് മുരളി ഗോപി അഭിമുഖം അവസാനിപ്പിച്ചത്. 1951ൽ പുറത്തിറങ്ങിയ ‘നവലോകം’ എന്ന ചിത്രത്തില്‍ ദക്ഷിണാമൂർത്തി സ്വാമി ഈണമൊരുക്കിയ ഗാനമാണിത്. ഭാസ്കരൻ മാസ്റ്റർ വരികൾ കുറിച്ച ഗാനം ആലപിച്ചത് കോഴിക്കോട് അബ്ദുൾ ഖാദർ ആണ്. ലൂസിഫർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പ്രേമം എന്നീ ചിത്രങ്ങളിൽ മുരളി ഗോപി പാടിയ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. താരത്തിന്റെ അഭിനയം പോലെ തന്നെ ആലാപനത്തിനും ആരാധകർ ഏറെയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com