ADVERTISEMENT

ഇൻസ്റ്റഗ്രാം റീൽസിൽ ട്രെൻഡിങ്ങായി കക്ഷി അമ്മിണിപിള്ളയിലെ 'ഉയ്യാരം പയ്യാരം' ഗാനം. സിനിമയിലെ വിവാഹ സൽക്കാര രംഗം കളറാക്കാൻ ഒരുക്കിയ പാട്ട്, ഒന്നരവർഷത്തിനു ശേഷം സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ച് മുന്നേറുകയാണ്. ഒറ്റയ്ക്കും കൂട്ടമായും പല രൂപത്തിലും ഭാവത്തിലുമാണ് ആരാധകർ ഈ ഗാനം അവതരിപ്പിക്കുന്നത്. ആഘോഷനേരങ്ങൾ ഏതായാലും പശ്ചാത്തലത്തിൽ വയ്ക്കേണ്ട പാട്ട് ഒന്നു മാത്രം, 'ചെക്കനങ്ങനെ നോക്കി നിന്നതും പെണ്ണിനുള്ളില് താനതീനതോം'! 

ഏകദേശം സമാനമായ ഫീലാണ് ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും! പാട്ടും സിനിമയും ഇറങ്ങി വർഷം ഒന്നു കഴിഞ്ഞപ്പോഴാണ് 'ഉയ്യാരം പയ്യാരം' പാട്ടു കേറി ഹിറ്റാകുന്നത്. സൂഫിയും സുജാതയും സിനിമയിലെ വാങ്കിലൂടെ പ്രശസ്തനായ സിയ ഉൽ ഹക്കാണ് 'ഉയ്യാരം പയ്യാരം' ഗാനം ആലപിച്ചത്. സാമുവേൽ എബിയുടെ സംഗീതത്തിൽ വരികളൊരുക്കിയത് മനു മഞ്ജിതും. സിനിമയിൽ ഈ രംഗത്ത് പ്രത്യക്ഷപ്പെടുന്നത് നടനും സംവിധായകനുമായ ബേസിൽ ജോസഫാണ്. സൂപ്പർഹിറ്റ് ഗാനത്തിന്റെ അണിയറ വിശേഷങ്ങളുമായി ഗായകൻ സിയ ഉൽ ഹഖും ഗാനരചയിതാവ് മനു മഞ്ജിത്തും സംഗീതസംവിധായകൻ സാമുവൽ എബിയും മനോരമ ഓൺലൈനിൽ.   

വൈകിയാണെങ്കിലും വൈറൽ: സിയ ഉൽ ഹക്ക്

കക്ഷി അമ്മിണിപ്പിള്ളയ്ക്കു വേണ്ടി ഈ പാട്ടു പാടിയപ്പോൾ ഇതു വൈറൽ ആകുമെന്നായിരുന്നു അന്ന് എല്ലാവരും കരുതിയത്. ഗോദയിലെ 'ഓ റബ്ബാ ഭയങ്കരിയാ' എന്ന പാട്ടും ബിടെക്കിലെ യാ ഇലാഹി എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന സമയത്തായിരുന്നു ഈ പാട്ടും വന്നത്. ഈ പാട്ടിന് മ്യൂസിക് ചെയ്ത സാമുവൽ എബിയും ഞാനും സുഹൃത്തുക്കളാണ്. എബിയാണ് എന്നെ വിളിച്ച് ഈ പാട്ടു പാടണമെന്നു പറയുന്നത്. വേഗം തലശേരിയിലേക്ക് വന്നോളൂ എന്നായിരുന്നു എബി ഫോണിൽ പറഞ്ഞത്. അവിടെയുള്ള നവരത്ന ഹോട്ടലിൽ വച്ചാണ് ട്രാക്ക് പാടിയത്. സിനിമയുടെ ഷൂട്ട് നടക്കുന്നതിന് ഇടയിലായിരുന്നു പാട്ടിന്റെ കംപോസിങ്ങും നടന്നത്. സിനിമയിൽ ബേസിൽ ചെയ്ത കഥാപാത്രം ഷംസുവിന് യോജിക്കുന്ന തരത്തിൽ ശബ്ദം ചെറുതായൊന്നു മാറ്റിയാണ് പാടിയത്. അന്നത് കാര്യമായി ശ്രദ്ധിക്കാതെ പോയി. 

ഇപ്പോൾ ഈ വൈറൽ ട്രെൻഡ് തുടങ്ങിയത് എങ്ങനെയാണെന്ന് ഒരു ഐഡിയയും ഇല്ല. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നപ്പോൾ ഒരുപാടു കല്ല്യാണങ്ങൾ വന്നല്ലോ! പ്രത്യേകിച്ചും മലബാർ ഭാഗത്ത്... അവിടെ നിന്നാണ് ഈ ട്രെൻഡ് തുടങ്ങിയതെന്നു തോന്നുന്നു. എനിക്കു തന്നെ ഇൻസ്റ്റഗ്രാമിൽ രണ്ടായിരത്തിലധികം ടാഗുകളാണ് വന്നിരിക്കുന്നത്. പതിനായിരത്തിലധികം ഷോർട്ട് വിഡിയോകൾ ഈ പാട്ടിൽ വന്നിട്ടുണ്ട്. ഇൻസ്റ്റാ റീലിലാണ് ഏറ്റവും കൂടുതൽ വി‍ഡിയോകൾ ഉള്ളത്. സിനിമ ഇറങ്ങിയ സമയത്ത് ഈ പാട്ട് ഇത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സൂഫിയും സുജാതയും സിനിമയിലെ വാങ്കിനേക്കാളും പ്രേക്ഷകശ്രദ്ധ ഈ പാട്ടിലൂടെ ഇപ്പോൾ ലഭിക്കുന്നുണ്ട്. അതിൽ ഏറെ സന്തോഷം!  

ഉയ്യാരം പയ്യാരം വന്ന വഴി: മനു മഞ്ജിത്

'ഇന്ന് നീ വന്നു ഒരു പാട്ടെഴുതി തന്നാൽ നാളെ അതു നമ്മൾ ഷൂട്ട് ചെയ്യും',- പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാടിന്റെ ഇങ്ങനെയൊരു ഡയലോഗാണ് എന്നെ ഈ പാട്ടിലേക്ക് എത്തിച്ചത്. ആ സമയത്ത് ഞാൻ മംഗളൂരുവിൽ എം.ഡി ചെയ്യുകയായിരുന്നു. ഷാഫിക്ക വിളിച്ചു പറഞ്ഞതനുസരിച്ച് ഞാൻ തലശേരിയിൽ എത്തി. പാട്ടിന്റെ വിവരണം കേട്ടു. 

സിനിമയിൽ ബേസിൽ ജോസഫ് ചെയ്യുന്ന കഥാപാത്രം ഷംസു മലബാർ ഭാഗത്തു ആൽബങ്ങൾ ഒക്കെ ഇറക്കുന്ന ഒരു മാപ്പിളപ്പാട്ടുകാരനാണ്. അങ്ങനെയുള്ള ഒരു കക്ഷി പാടുന്ന ഒരു ഫൺ മൂഡുള്ള പാട്ടു വേണമെന്നായിരുന്നു നിർദേശം. പ്രശ്നം എന്താണെന്നു വച്ചാൽ ഈ പാട്ടിന് ഒരുപാടു സാഹിത്യഭംഗി കൊടുത്താൽ ശരിയാകില്ല. കാരണം ഷംസു പാടുന്ന പാട്ടല്ലേ! തലശേരി ഭാഗത്ത് കേൾക്കാൻ സാധ്യതയുള്ള പാട്ടിന്റെ ഫീലും കൊണ്ടുവരണമായിരുന്നു. അതുകൊണ്ട്, ഏറെ പരിമിതികൾക്കുള്ളിൽ നിന്നാണ് ആ പാട്ടൊരുക്കിയത്. മ്യൂസിക് ചെയ്ത എബിക്ക് ആ പാട്ടിനെക്കുറിച്ച് കൃത്യമായ ഐഡിയ ഉണ്ടായിരുന്നു. 

എന്റെ അച്ഛന്റെ വീട് വടകരയാണ്. അവിടെയൊക്കെ എന്തെങ്കിലും ആപത്തു വന്നാൽ അയ്യോ എന്നു പറയുന്നതിനു പകരം ഉയ്യോ എന്നാണ് പറയുക. അങ്ങനെ നിലവിളിക്കുന്നതിനെയാണ് ഉയ്യാരം കൂട്ടുക എന്നു പറയുന്നത്. ആ നാടിന്റെ ഭാഷയുടെ ഭംഗിയുണ്ട് ആ വാക്കിൽ. ഉയ്യാരം പയ്യാരം, മക്കാറും പുക്കാറും (മക്കാറാക്കുക എന്നു വച്ചാൽ തമാശയാക്കുക) തുടങ്ങിയ എന്ന വാക്കുകൾ‍ അങ്ങനെയാണ് വരുന്നത്. നല്ല രസകരമായിരുന്നു ആ പാട്ടെഴുത്ത് സെഷൻ. 'ചെക്കനങ്ങനെ നോക്കി നിന്നതും പെണ്ണിനുള്ളില്' എന്ന വരിയിൽ അവസാന ഭാഗത്ത് ഞാനെഴുതിയത് 'പൂരക്കാവടി' എന്നായിരുന്നു. അതു കറക്ട് മീറ്ററായിരുന്നെങ്കിലും മൊത്തം ആ പാട്ടിന്റെ ഫീലുമായി വിട്ടുനിൽക്കുന്നുണ്ട് ആ വാക്ക് എന്ന് എബി പറഞ്ഞു. 'താനതീനതോം' എന്നാണ് എനിക്ക് എബി ട്യൂൺ പാടി തന്നത്. അതു തന്നെ വച്ചാലെന്താ എന്നായി ഞാൻ. പാട്ടു തീർത്ത് അന്നു പുലർച്ചെ ഞാൻ തിരിച്ചു പോയി. പിറ്റേ ദിവസം എബി വിളിച്ചു പറഞ്ഞു, മനുവേട്ടാ ആ താനതീനതോമിൽ എല്ലാവരും ചിരിക്കുന്നുണ്ട് എന്ന്. അങ്ങനെ വളരെ രസകരമായി ചെയ്ത പാട്ടാണ് അത്. പാട്ട് റിലീസ് ചെയ്തപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചില്ല. വളരെ പതുക്കെ 10 ലക്ഷം കാഴ്ചക്കാരെ തികച്ച ആ പാട്ട് ഈ കുറച്ചു ദിവസങ്ങൾക്കുള്ളിൽ അരക്കോടി കാഴ്ചക്കാരെ നേടി. ഇതിൽ നിന്നു തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്, നമ്മൾ എന്തെഴുതിയിട്ടും കാര്യമില്ല... ആളുകൾക്ക് ഇഷ്ടപ്പെടുക, അവർ കേൾക്കുക എന്നതു തന്നെയാണ് ഒരു സിനിമാപ്പാട്ടിനെ സംബന്ധിച്ചിടത്തോളം പ്രധാനം.    

ലോക്കൽ സെലിബ്രിറ്റിക്കു വേണ്ടിയൊരു ആഘോഷപ്പാട്ട്: സാമുവൽ എബി

ഞാൻ ഒരു സിനിമയ്ക്കു വേണ്ടി ആദ്യം ചെയ്യുന്ന പാട്ടാണ് ഉയ്യാരം പയ്യാരം. ഞാൻ പ്രോഗ്രാമർ ആയിട്ടായിരുന്നു അതുവരെ വർക്ക് ചെയ്തുകൊണ്ടിരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് ആണ് എന്നെ ഈ പ്രൊജക്ടിലേക്ക് ക്ഷണിക്കുന്നത്. മലപ്പുറത്തെ ഒരു ലോക്കൽ സെലിബ്രിറ്റി ആയിട്ടുള്ള മാപ്പിളപ്പാട്ടുകാരന് പാടാൻ പറ്റുന്ന പാട്ടു വേണമെന്നായിരുന്നു ആവശ്യം. പിലാക്കൂൾ ഷംസു എന്ന ബേസിൽ ജോസഫ് ചെയ്ത കാഥാപാത്രത്തിന്റെ ഇൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്രോ സോങ് ആണ്. ഈ പാട്ടിലൂടെ കുറെ കാര്യങ്ങൾ സിനിമയിൽ പറയാനുമുണ്ട്. ഈയൊരൊറ്റ പാട്ടിലൂടെ പടത്തിലേക്ക് ആളുകൾ കേറണം.

ഞാൻ ആദ്യം ചെയ്ത ട്യൂൺ ശരിയായില്ല. പിന്നീട് സംവിധായകൻ ദിന്‍ജിത്ത് അയ്യത്താന്‍ എനിക്കു കുറച്ച് റഫറൻസുകൾ തന്നു. അതിനുശേഷം നിമിഷങ്ങൾക്കുള്ളിൽ ട്യൂൺ ഓകെ ആയി. ഇതിന് വരികളെഴുതാൻ ഞങ്ങളുടെ മനസിൽ മനു മഞ്ജിത് എന്ന ഒറ്റ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആട് 2ലെ പാട്ടൊക്കെ അദ്ദേഹം നല്ല രസമായി ചെയ്തിരുന്നല്ലോ! ഫോണിലൂടെ എഴുതിയാൽ മതിയോ എന്നായിരുന്നു മനുവേട്ടൻ ആദ്യം ചോദിച്ചത്. പക്ഷേ, നമുക്ക് സമയം കുറവായിരുന്നതു കൊണ്ട് ഒരുമിച്ചിരുന്ന് എഴുതുന്നതാകും നല്ലതെന്നു തോന്നി. അങ്ങനെ മനുവേട്ടൻ വന്ന് വരികൾ എഴുതി. അടുത്ത ദിവസം സിയ എത്തി. ട്രാക്ക് സെറ്റ് ആയി. അങ്ങനെ ഒരു മുറിയിലിരുന്ന് രണ്ടു മൂന്നു ദിവസം കൊണ്ടുണ്ടായ പാട്ടാണ് ഇത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com