ADVERTISEMENT

ശരദിന്ദു മലര്‍ദീപ നാളം നീട്ടി മധുരമായ് മലയാളിയുടെ മനസ്സിനെ പാടി തഴുകിയ പാട്ടുകാരി. ഇതുവരെ കാണാത്ത പാട്ടിന്റെ കരയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയ സെല്‍മ ജോര്‍ജിന്റെ മേല്‍വിലാസം ഇന്നും "ശരദിന്ദു" എന്ന ഗാനം തന്നെയാണ്. നാലു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ആര്‍ദ്രമായ ആ പ്രണയഗാനം ഇന്നും പാടാന്‍ പുതുതലമുറ ഇഷ്ടപ്പെടുന്നു. അപ്പോഴും ബാക്കിയാകുന്നത്, സെല്‍മയ്ക്ക് എന്തേ കൂടുതല്‍ അവസരങ്ങള്‍ കിട്ടാതെ പോയി എന്ന ചോദ്യം മാത്രം.

 

കേരള സൈഗള്‍ പാപ്പുകുട്ടി ഭാഗവതരുടെ മകളില്‍ സംഗീതം അലിഞ്ഞുചേര്‍ന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത് ജീവന്റെ തുടിപ്പായി പരിണമിച്ചത് അതിവേഗത്തിലായിരുന്നു. കുട്ടിക്കാലം അമ്മ ബേബിയ്‌ക്കൊപ്പം തിരുവല്ലയില്‍. അവിടെനിന്ന് വൈപ്പിന്‍കരയിലേക്ക് വരുമ്പോള്‍, ഉള്ളു നിറയെ സംഗീതയാത്രകളെക്കുറിച്ചുള്ള പദ്ധതികളും. കുട്ടിക്കാലം മുതല്‍ നന്നായി പാടുന്ന സെല്‍മ, മത്സരിച്ച വേദികളിലൊക്കെ ഒന്നാമതെത്തി. പാട്ടു പാടി ദേശാന്തരങ്ങള്‍ അലയുന്ന പാപ്പുകുട്ടി ഭാഗവതര്‍ക്ക് മകളെ പാട്ടു പഠിപ്പിക്കാന്‍ എവിടെ സമയം. അതുകൊണ്ടുതന്നെ രംഗനാഥ കമ്മത്ത്, ഏഴിക്കര പരമുദാസ്, പള്ളുരുത്തി രാമന്‍കുട്ടി ഭാഗവതര്‍ തുടങ്ങിയവരില്‍ നിന്നും സംഗീതം അഭ്യസിച്ചു.

 

ഒരിക്കല്‍ ശാസ്ത്രീയസംഗീത മത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയപ്പോള്‍ വിധികര്‍ത്താക്കള്‍ക്കും സെല്‍മയുടെ പാട്ടു കേട്ട് അതിശയം. ഫലപ്രഖ്യാപനത്തിനു ശേഷം തിരഞ്ഞുപിടിച്ചവര്‍ സംഗീതജ്ഞയെ കണ്ടു, വിശേഷങ്ങള്‍ തിരക്കി. പാപ്പുകുട്ടി ഭാഗവതരുടെ മകളാണെന്ന് കേട്ടതോടെ സമ്മാനം കിട്ടിയില്ലെങ്കിലേ അതിശയമുള്ളു എന്നായി വിധികര്‍ത്താക്കള്‍. സെല്‍മയുടെ ശബ്ദം അനുഭവിച്ചവരൊക്കെ വലിയ പാട്ടുകാരിയാകുമെന്ന് മുന്നേ വിധിയെഴുതി...

 

പന്ത്രണ്ടാം വയസുമുതല്‍ ഗാനമേളകളില്‍ സജീവമായി. ആശാ ഭോസ്‌ലെയുടെ പാട്ടുകളാണ് കൂടുതലും പാടുക. 'പിയാ തൂ' എന്ന ഗാനം സെല്‍മയുടെ ശബ്ദത്തില്‍ വലിയ സ്വീകാര്യത ലഭിച്ചതോടെ പീയാത്തു എന്ന വിളിപ്പേരും അക്കാലത്ത് ആസ്വാദകര്‍ ചാര്‍ത്തി നല്‍കി. പില്‍ക്കാലത്ത് ബാബുരാജിനൊപ്പവും നിരവധി വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചു. കായംകുളം പീപ്പിള്‍സ് തിയറ്റര്‍, വൈക്കം മാളവിക, ചങ്ങനാശേരി ഗീതം ആര്‍ട്സ് തുടങ്ങിയ നാടകസമിതികളിലും പാട്ടുകാരിയായി.

 

സിനിമാഗാനങ്ങളുടെ സുവര്‍ണകാലം. അങ്ങനെയും ഒരു പാട്ടുമോഹം വന്നതോടെ പിതാവ് പാപ്പുകുട്ടി ഭാഗവതരോട് ആഗ്രഹം പറഞ്ഞു. മദ്രാസിലേക്ക് വണ്ടികയറി. 'ആദ്യം കണ്ടത് ദേവരാജന്‍ മാസ്റ്ററെയാണ്. പാപ്പുകുട്ടി ഭാഗവതരുടെ മകളാണെന്നറിഞ്ഞതോടെ അടുത്ത ദിവസം തന്നെ ന്യൂ വുഡ്‌ലാന്‍ഡ് സ്റ്റുഡിയോയിലേക്ക് വരാന്‍ പറഞ്ഞു. കുറച്ചധികം പാട്ടുകള്‍ മാഷെന്നെകൊണ്ട് പാടിച്ചു നോക്കി. ഞാനെന്റെ പ്രിയപ്പെട്ട പാട്ടുകളൊക്കെ പാടി കേള്‍പ്പിച്ചു. ഒരു ദിവസം നാളെയൊരു റെക്കോര്‍ഡിങ്ങുണ്ട് അതിനു വരാന്‍ പറഞ്ഞു. ഞാനവിടെ ചെല്ലുമ്പോള്‍ ജയചന്ദ്രനും മാധുരിയുമൊക്കെ അവിടെയുണ്ട്. അവര്‍ക്കൊപ്പം ഞാനെന്തു പാടാനാണ്. കോറസായിരിക്കും എന്ന ചിന്തയിലായിരുന്നു ഞാന്‍. ആര്‍. കെ. ശേഖറാണ് അന്ന് ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്റ്. കോറസൊന്നുമല്ല, കുട്ടി ധൈര്യമായി ഇരിക്കാന്‍ അദ്ദേഹം പറഞ്ഞു.' സെല്‍മ ആദ്യഗാനത്തിന്റെ അനുഭവം പങ്കുവച്ചു. അങ്ങനെ 1974ല്‍ പുറത്തിറങ്ങിയ 'ദേവീ കന്യാകുമാരി' എന്ന ചിത്രത്തില്‍ "ജഗദീശ്വരി ദേവി" എന്നു തുടങ്ങുന്ന ഗാനത്തിലെ ഏതാനും ചില വരികള്‍ ആലപിച്ചുകൊണ്ടാണ് കന്നിയങ്കം. ദേവരാജന്‍ മാസ്റ്റര്‍ അന്ന് വലിയ പിന്തുണ നല്‍കിയെങ്കിലും ചെറിയൊരു പിണക്കം പിന്നീട് അദ്ദേഹത്തിനുണ്ടായെന്നും സെല്‍മ ഓര്‍ക്കുന്നു. 'സെല്‍മയ്ക്ക് ഇനിയും സിനിമയില്‍ ധൈര്യമായി പാടാം എന്ന് ദേവരാജന്‍ മാസറ്റര്‍ ആദ്യഗാനം കഴിഞ്ഞു പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. എന്റെ വീട്ടിലന്ന് ഫോണ്‍ സൗകര്യങ്ങളൊന്നുമില്ല. അവസരം വന്നാല്‍ വിളിക്കുന്നതിനുവേണ്ടി സമീപത്തുള്ള ഒരു വീട്ടിലെ നമ്പരാണ് കൊടുത്തിരിക്കുന്നത്. മൂന്നുവട്ടം അദ്ദേഹമെന്നെ വിളിച്ചെങ്കിലും ആ വീട്ടില്‍ നിന്ന് അറിയിപ്പൊന്നും എനിക്കു ലഭിച്ചില്ല. പിന്നീടൊരിക്കല്‍ ഞാന്‍ മാഷിനെ കണ്ടപ്പോള്‍ ഞാന്‍ വിളിച്ചാല്‍ തിരികെ വിളിക്കില്ല അല്ലേ എന്നു അദ്ദേഹം പരാതിയുടെ സ്വരത്തില്‍ സംസാരിച്ചു. കൂടുതല്‍ ഒന്നും പറയാന്‍ അദ്ദേഹമെന്നെ അനുവദിച്ചതുമില്ല.'

 

കെ. ജി. ജോര്‍ജിന്റെ 'വ്യാമോഹം...'

 

തന്റെ ആദ്യ ചിത്രത്തമായ 'സ്വപ്‌നാടനത്തിന്റെ' അവസാനഘട്ട പരിപാടികളുമായി കെ. ജി. ജോര്‍ജ് മദ്രാസില്‍ അലയുന്ന കാലം. അവിചാരിതമായി, ഒരു സുഹൃത്തുവഴി സെല്‍മ കെ. ജി. ജോര്‍ജിനെ പരിചയപ്പെടുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സെല്‍മയോട് ഇഷ്ടം തോന്നിയ കെ. ജി. ജോര്‍ജ് വിവാഹാലോചനയുമായി തന്റെ സുഹൃത്തിനെ വീട്ടിലേക്ക് അയച്ചു. തിരുവല്ലക്കാരനാണെന്ന് കേട്ടതോടെ സെല്‍മയുടെ അമ്മയ്ക്കും താല്‍പര്യമേറി. സിനിമാക്കാരനെ കെട്ടുന്നത് സെല്‍മയുടെ സംഗീതജീവിതത്തിനും ഇമ്പമേറുമെന്ന കണക്കുകൂട്ടലില്‍ എല്ലാവരും വലിയ താല്‍പര്യമെടുത്തു. 'എനിക്കന്ന് മാനസികമായി അദ്ദേഹത്തിനോട് അത്ര താല്‍പര്യം തോന്നിയില്ല. സിനിമാക്കാരനെ കല്യാണം കഴിക്കണോ എന്ന ചിന്തയായിരുന്നു പ്രധാനമായും. ഞാനൊഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാല്‍ പിന്നീട് പലവട്ടം അദ്ദേഹത്തെ കണ്ടതോടെ ആ തീരുമാനങ്ങളൊക്കെ ഞാന്‍ മാറ്റി,' സെല്‍മ പറയുന്നു.

 

ഇളയരാജ ആദ്യമായി സംഗീതം നല്‍കിയ മലയാളചിത്രം 'വ്യാമോഹം' അടക്കമുള്ള ചിത്രങ്ങളില്‍ സെല്‍മ ആലപിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 'ഓണപ്പുടവ' (1978) എന്ന ചിത്രത്തില്‍ ഒ. എന്‍. വി - എം. ബി. ശ്രീനിവാസ് കൂട്ടുകെട്ടില്‍ പിറന്ന "മാറത്തൊരു കരിവണ്ട്" എന്ന ഗാനമാണ്.

 

മധുരമായ് പാടിവിളിച്ച എം. ബി. എസ്

 

ഉള്‍ക്കടലിലെ ഗാനങ്ങളൊരുക്കാന്‍ മദ്രാസില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് എം.ബി. ശ്രീനിവാസ്. മദ്യപിച്ചെത്തിയ ഒരു സംഘം ട്രെയിനില്‍ ബഹളംവെച്ചതോടെ എം.ബി.എസ് അവരെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചു. അവര്‍ക്കുണ്ടോ ബോധം, അതൊരു വലിയ തര്‍ക്കമായി. സംഘം ട്രെയിനില്‍ വലിയ ഒച്ചപാടുണ്ടാക്കി. അതോടെ റെയില്‍വേ പൊലീസ് ഇടപെട്ടു. പ്രശ്‌നക്കാരനെന്ന് തെറ്റിദ്ധരിച്ച് എം.ബി.എസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ കെ. ജി. ജോര്‍ജ് നേരെ തിരുവനന്തപുരം റെയില്‍വേ പൊലീസിനെ ബന്ധപ്പെട്ടു. കാര്യം മനസ്സിലായതോടെ പൊലീസ് എം.ബി.എസിനെ മോചിപ്പിച്ചു.

 

അസ്വസ്ഥമായ മനസ്സുമായി എത്തിയ എം.ബി.എസിനോട് ഇന്നിനി പാട്ടൊരുക്കം വേണ്ടെന്ന് കെ. ജി. ജോര്‍ജ് പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കഴിഞ്ഞതു കഴിഞ്ഞു എന്ന ഭാവത്തില്‍ ഒ.എന്‍.വിയുമൊത്തിരുന്നു. അസ്വസ്ഥമായ ആ മനസ്സിനെ തഴുകാനെന്നവണ്ണം കെ. ജി. ജോര്‍ജും സമ്മതം മൂളി. എല്ലാ വേദനകളും എം.ബി.എസ് തന്റെ സംഗീതത്തില്‍ ഇല്ലാതാക്കിയതോടെ മലയാളത്തിലെ എക്കാലത്തെയും ആ മധുരസുന്ദര ഗാനം പിറന്നു, "ശരദിന്ദു മലര്‍ദീപ നാളം നീട്ടി.... "സെല്‍മയോട് പ്രത്യേക വാത്സല്യമുള്ള എം.ബി.എസ് ഈ പാട്ട് സെല്‍മ പാടട്ടെ എന്നു തീരുമാനിച്ചു.

 

വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് കെ. ജി. ജോര്‍ജ് സെല്‍മയോട് ഉള്‍ക്കടലിലെ പാട്ടുപാടണമെന്ന വിവരം പറയുന്നത്. 'ഒരു പാട്ടുണ്ട്, നല്ല പാട്ടാണെന്നു മാത്രം അദ്ദേഹം എന്നോടു പറഞ്ഞു. അടുത്ത ദിവസം ഞാന്‍ എം.ബി.എസിന്റെ അടുത്തെത്തി. മനോഹരമായി പാടുന്ന അദ്ദേഹം ശരദിന്ദു എനിക്കുവേണ്ടി പാടിത്തന്നു. എ.വി. എം സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. ആദ്യ ടേക്കില്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞെങ്കിലും വീണ്ടും ഒന്നുകൂടി പാടാന്‍ ആവശ്യപ്പെട്ടു. ഓരോ തവണ പാടുമ്പോഴും എനിക്കാ പാട്ടിനോടുള്ള ഇഷ്ടം കൂടി വന്നു. മൂന്നാമത്തെ ടേക്കിനിടയില്‍ വിമാനത്തിന്റെ മൂളക്കം സ്റ്റുഡിയോയിലേക്ക് ഇരച്ചു കയറി. അതോടെ ആ ടേക്കും ഒഴിവാക്കി. വലിയ നിരാശ അപ്പോള്‍ തോന്നിയെങ്കിലും എം.ബി. എസ് വലിയ ആത്മവിശ്വാസം പകര്‍ന്നു. നാലാമത്തെ ടേക്കിലാണ് ഓക്കെയാകുന്നത്. പാടി പൂര്‍ത്തിയാക്കുമ്പോഴും എനിക്കറിയില്ലായിരുന്നു ഇത് വലിയൊരു ഹിറ്റായി മാറുമെന്ന്.' സെല്‍മ പറയുന്നു.

 

വലിയ ഇടവേളകള്‍...

 

ആദ്യ ടേക്കില്‍ തന്നെ മിക്ക ഗാനങ്ങളും ഒക്കെയാക്കുന്ന സെല്‍മയെ എം. ബി. ശ്രീനിവാസന്‍ വിളിച്ചിരുന്നത് 'ടേക്ക് ആര്‍ട്ടിസ്റ്റ്' എന്നായിരുന്നു. ഒ.എന്‍. വി-എം. ബി. ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളാണ് സെല്‍മയെ പിന്നീട് ശ്രദ്ധേയയാക്കിയത്. ഭരതമുനിയൊരു (യവനിക), പ്രഭാമയി, മൂകതയുടെ സൗവര്‍ണ്ണം (ലേഖയുടെ മരണം ഒരു ഫ്ഷാഷ്ബാക്ക്), കണ്ണീരാറ്റില്‍ മുങ്ങി (ആദാമിന്റെ വാരിയെല്ല്) തുടങ്ങിയ ഗാനങ്ങള്‍ ആലപിച്ചു. വ്യത്യസ്തമായ ശബ്ദംകൊണ്ട് ശ്രദ്ധേയായ സെല്‍മയെ തേടി തുടര്‍ന്നും അവസരങ്ങള്‍ വന്നെങ്കിലും കുടുംബജീവിതത്തിനായി മാത്രം കൂടുതല്‍ സമയം കണ്ടെത്തി.

 

'ഒരിക്കല്‍, ഒരു പാട്ടു പാടി കഴിഞ്ഞ് വീണ്ടുമത് കേള്‍ക്കുമ്പോള്‍ ശബ്ദത്തിലൊരു പതര്‍ച്ച. വീണ്ടും ആലപിച്ചെങ്കിലും അത് തുടര്‍ന്നു. പിന്നീടാണ് മനസ്സിലായത് അത് സൗണ്ട് എന്‍ജിനീയര്‍ ഒപ്പിച്ച പണിയായിരുന്നുവെന്ന്. ഇങ്ങനെയൊക്കെ ബോധപൂര്‍വം എനിക്ക് ചില പാരകള്‍ വന്നിട്ടുണ്ട്. എങ്കിലും ഞാനതിനെയൊക്കെ അതിജീവിച്ചു. ഒരിക്കലും ജോര്‍ജ് സാര്‍ പറഞ്ഞതുകൊണ്ടല്ല ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ കൂടുതലും പാടിയത്. അതിന്റെ കാരണം. എം.ബി.എസായിരുന്നു. അദ്ദേഹമാണ് സംഗീതമെങ്കില്‍ എനിക്കുറപ്പുണ്ടായിരുന്നു, എന്നെ പാടിക്കാന്‍ വിളിക്കുമെന്ന്. ജോര്‍ജ് സാര്‍ ഒരിക്കലും എനിക്കുവേണ്ടി ആരോടും പറഞ്ഞിട്ടില്ല. ശരദിന്ദു എന്ന ഒരു പാട്ടിന്റെ പേരില്‍ എനിക്കു കിട്ടുന്ന പരിഗണന വലുതാണ്. കാലമിത്രയും കടന്നു പോയിട്ടും എന്നെ ഓര്‍ക്കുന്നത് ആ പാട്ടുകൊണ്ടല്ലേ...' സെല്‍മ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com