ADVERTISEMENT

അന്തരിച്ച സംഗീതസംവിധായകൻ വാജിദ് ഖാനെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്നാണ് വാജിദ് അന്തരിച്ചത്. വൃക്ക മാറ്റി വയ്ക്കൽ ആവശ്യമായി വന്നപ്പോൾ സഹോദരൻ സാജിദിന്റെ ഭാര്യ ലുബ്നയാണ് അദ്ദേഹത്തിനു വൃക്ക ദാനം ചെയ്തത്. ഇക്കാര്യമാണ് ഇപ്പോൾ കുടുംബം തുറന്നു പറഞ്ഞത്. 2019ല്‍ വാജിദിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരുന്നു. പൂർണ ആരോഗ്യവാനായി ജീവിതത്തിലേയ്ക്കു മടങ്ങി വരുന്നതിനിടയിലാണ് കഴിഞ്ഞ വർഷം രോഗം മൂർചിഛിച്ചത്. തുടർന്ന് ജൂൺ മാസത്തിൽ വാജിദ് മരണത്തിനു കീഴടങ്ങി. 

 

വാജിദിന്റെ വൃക്ക തകരാറിലായപ്പോൾ വൃക്ക ദാനത്തിന് അമ്മ റസീന തയ്യാറായെങ്കിലും പ്രേമേഹരോഗവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ അത് സാധ്യമായില്ല. തുടർന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം കുടുംബം ആവശ്യം അറിയിച്ചെങ്കിലും ആരും അതിനു തയ്യാറായില്ല. ആ സമയത്ത് ലുബ്ന വൃക്ക ദാനം ചെയ്യാൻ സമ്മതമറിയിച്ചു മുന്നോട്ടു വരികയായിരുന്നു. ആരും അറിയാതെ വളരെ രഹസ്യമായാണ് ലുബ്ന വൃക്ക മാറ്റിവയ്ക്കലിന് ആവശ്യമായ പരിശോധനകളെല്ലാം നടത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നു കണ്ടതോടെ ലുബ്ന വാജിദിനു വൃക്ക ദാനം ചെയ്തു. 

 

സംഗീത റിയാലിറ്റി ഷോ വേദിയിൽ അതിഥികളായെത്തിയപ്പോഴാണ് സാജിദും അമ്മ റസീനയും ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നത്തെ കാലത്ത് സ്വന്തം മാതാപിതാക്കൾ പോലും മക്കൾക്കു വേണ്ടി അവയവദാനത്തിനു തയ്യാറാകാറില്ലെന്നും, അങ്ങനെയിരിക്കെയാണ് രണ്ടാമതൊന്നു ചിന്തിക്കാതെ ലുബ്ന അതു ചെയ്തതെന്നും ഇരുവരും വേദിയിൽ പറഞ്ഞു. വാജിദിന്റെ ഓർമകൾ പങ്കുവച്ച് വികാരാധീനരായ ഇരുവരും വേദിയെയും സദസ്സിനെയും ഒരുപോലെ കരയിപ്പിച്ചു. 

 

42ാം വയസിലാണ് വാജിദ് ഖാൻ അപ്രതീക്ഷിതമായി വിടവാങ്ങിയത്. സാജിദിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സംഗീത പ്രയാണം. സാജിദ്–വാജിദ് എന്നീ പേരിലാണ് ഇരട്ട സംഗീതസംവിധായകർ അറിയപ്പെടുന്നത്. വാജിദിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ കമൽറുഖ് ഖാൻ ‌വാർത്തകളിൽ ഇടം നേടിയിരുന്നു. വാജിദിന്റെ കുടുംബം തന്നെ മതം മാറ്റത്തിനു നിർബന്ധിച്ചു എന്നും ഭര്‍ത്താവ് മരിച്ചിട്ടും അവർ തന്നോടുള്ള ക്രൂരത അവസാനിപ്പിച്ചിട്ടില്ലെന്നുമുള്ള കമൽറുഖിന്റെ തുറന്നു പറച്ചിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് കമൽറുഖിനു പിന്തുണ പ്രഖ്യാപിച്ച് പ്രമുഖർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. വാജിദ് ഖാനും കമൽറുഖിനും പതിനാറും ഒൻപതും വയസ്സുള്ള രണ്ടു മക്കളാണ് ഉള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com