ADVERTISEMENT

സ്വർണശ്രീലകത്ത് മുഖമണ്ഡപത്തിൽ ആലവട്ടവും വെഞ്ചാമരവും  നെറ്റിപ്പട്ടവും  അലങ്കരിച്ച സ്വർണപീഠത്തിൽ കണിക്കൊന്നയും കണി കാണാനുള്ള മറ്റ് ദ്രവ്യങ്ങളും നിറച്ച ഓട്ടുരുളിയിൽ ഗുരുവായൂരപ്പൻ കണി കാണുന്ന പുണ്യദിനത്തിലാണ് കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെന്ന കലോപാസകന്റെ പിറന്നാൾ. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സമകാലികനും ശിഷ്യനും സന്തതസഹചാരിയും ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തെ ഇന്ന് കാണുന്ന രീതിയിൽ പരിപോഷിപ്പിച്ചെടുക്കുകയും ആകാശവാണിയിലൂടെ ഗുരുവായൂർ ചെമ്പൈ സംഗീതോൽസവം ആദ്യമായി തൽസമയം സംപ്രേക്ഷണം  ചെയ്തതിൽ മുഖ്യ പങ്കുവഹിച്ച മൃദംഗം വാദകനുമായ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി നവതിയുടെ നിറവിൽ.

 

 

ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിൽ 1931 ഏപ്രിൽ 14 ലെ( 1106 മേടം 1) ഒരു വിഷുനാളിൽ ചതയം നക്ഷത്രത്തിലാണ് പരമേശ്വരൻ നമ്പൂതിരിയുടേയും  പാർവതി അന്തർജനത്തിൻെറയും മകനായി പരമേശ്വരൻ നമ്പൂതിരിയുടെ ജനനം. ചെറുപ്രായത്തിൽ ഉപനയനത്തിനുശേഷം തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വേദാഭ്യാസത്തിന് ചേർന്ന് രണ്ട് വർഷം വേദം പഠിച്ചു. തുടർന്ന്  കോട്ടപ്പടി പള്ളി സ്കൂളിലും കുന്നംകുളം സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. ചെറുപ്രായത്തിൽ തന്നെ സംഗീതത്തിൽ തൽപരനായിരുന്നു കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി. ശാസ്ത്രീയമായി സംഗീതപഠിക്കണം എന്ന അഭിനിവേശമാണ് അദ്ദേഹത്തെ തലപ്പിള്ളി രാജവംശത്തിലെ പ്രധാനിയായിരുന്ന മണക്കുളം കോവിലകത്തെ മുകുന്ദ രാജാവിൻെറ സമീപമെത്തിച്ചത്. അവിടത്തെ കുഞ്ചുണ്ണി രാജയുടെ നിർദേശപ്രകാരം മണക്കുളത്ത് സരോജിനി നേത്യാരമ്മയുടെ ശിക്ഷണത്തിൽ സംഗീതമഭ്യസിച്ചു. വായ്പ്പാട്ടിനേക്കാൾ താളകണക്കുകളിൽ മികവ് കാട്ടിയ പ്രിയ ശിഷ്യനെ സരോജിനി നേത്യാരമ്മ മൃദംഗത്തിലേക്ക് വഴിതിരിച്ചുവിട്ടു. തുടർന്ന് മൃദംഗ വിദ്വാന്മാരായ എരനെല്ലൂർ നാരായണപ്പിഷാരടി, മൂത്തിരിങ്ങോട് നാരായണൻ നമ്പൂതിരിപ്പാട്, പാലക്കാട് അപ്പു അയ്യർ എന്നിവരുടെ കീഴിൽ മൃദംഗം അഭ്യസിച്ചു, തുടർന്ന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലും പഠനം തുടർന്നു. ഇരുപത്തിനാലാമത്തെ വയസിൽ പൂമുള്ളി മനയിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരോടൊപ്പമാണ് ഒരു വലിയ സദസിനു മുൻപിൽ മൃദംഗം വായിക്കുന്നത്..1973 ൽ തൃശൂർ ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1990 ൽ വിരമിച്ചു. പരേതയായ നന്ദിനിയാണ് ഭാര്യ. സംഗീതജ്ഞനും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനുമായ മകൻ ബാബു പരമേശ്വരൻ യുഎസിലാണ്. പാലക്കാട് ശ്രീകൃഷ്ണപുരം വിടിബി കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.പാർവതി മകളാണ്..

kachery
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയതിനു ശേഷം ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം 1958 ൽ രാഷ്ട്രപതിഭവനിൽ നടന്ന കച്ചേരിയിൽ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി മൃദംഗം വായിക്കുന്നു.

 

വഴിത്തിരിവ് 

 

കർണാടക സംഗീതലോകത്തേക്ക് കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയെ കൈപിടിച്ചുയർത്തിയത് ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന കർണാടക സംഗീതത്തിലെ മഹാമേരുവാണ്. ശബ്ദം നഷ്ടപ്പെട്ട് വൈദ്യമഠത്തിന്റെ‌ ചികിത്സക്കായി പൂമുള്ളിമനയിൽ താമസിച്ച ചെമ്പൈ ൈവദ്യനാഥ ഭാഗവതർക്കുള്ള മരുന്ന് തയാറാക്കുന്നതിൽ സഹായിച്ചതും ഭാഗവതർക്ക് മറ്റ് സഹായങ്ങൾ നൽകിയതും കൊങ്ങാർപ്പിള്ളിയാണ് .ഇത് പിന്നീട് ഭാഗവതരുടെ ശിക്ഷണത്തിനും അദ്ദേഹവുമായി അടുത്തിടപഴകാനുമുളള അവസരവുമായി മാറി.  പ്രശസ്ത മൃദംഗം വിദ്വാനായിരുന്ന കൊടുന്തിരപ്പിള്ളി മഹാദേവ അയ്യരെ പൂമുള്ളിയിൽ കൊണ്ടു വന്ന് താമസിപ്പിച്ച് കൊങ്ങാർപ്പിള്ളിയെ മൃദംഗം പഠിപ്പിക്കുവാൻ ഭാഗവതർ മുൻകയ്യെടുത്തു. തുടർന്ന്  ചെമ്പൈയോടൊപ്പം നിരവധി കച്ചേരികൾക്ക് മൃദംഗം പക്കം വായിച്ച കൊങ്ങാർപ്പിള്ളിക്ക് 1958 ൽ ചെമ്പൈക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം സ്വീകരിച്ചതിനു ശേഷം ഉപരാഷ്ട്രപതിയായിരുന്ന ഡോ.എസ്്.രാധാകൃഷ്ണനു മുന്നിൽ രാഷ്ട്രപതിഭവനിൽ ചെമ്പൈ അവതരിപ്പിച്ച കച്ചേരിയിൽ മൃദംഗവാദകനാകാൻ അവസരം ലഭിച്ചു. 

 

തൃശൂർ റേഡിയോ നിലയത്തിന്റെ ഉദ്ഘാടനത്തിന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മദ്രാസ് വാസക്കാലത്തും ഭാഗവതർക്കൊപ്പം കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി ഉണ്ടായിരുന്നു. പത്ത് വർഷക്കാലം ഭാഗവതർക്കൊപ്പം വലംകൈയ്യായി ഉണ്ടായിരുന്ന  കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി 1974 ൽ ചെമ്പൈയുടെ മരണം വരെ അദ്ദേഹവുമായുള്ള ആത്മബന്ധം  നിലനിർത്തി. കൊങ്ങോർപ്പിള്ളിയുടെ മകൻ ബാബുവിനെയും ചെമ്പൈ സംഗീതം പഠിപ്പിച്ചിട്ടുണ്ട്. ചെമ്പൈയോടൊപ്പം  നിരവധി കച്ചേരികളിലും ബാബു പാടിയിട്ടുണ്ട്. ചെമ്പൈയുടെ അവസാന കച്ചേരിയായിരുന്ന ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്രത്തിലെ കച്ചേരിക്കും ബാബു ഒപ്പമുണ്ടായിരുന്നു 

 

 

ഗുരുവായൂർ ഏകാദശി സംഗീതോൽസവത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം

 

 

ഏഴാം വയസുമുതൽ സംഗീതകച്ചേരികൾ പാടിതുടങ്ങിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ 1911 ൽ പതിനാറാമത്തെ വയസിലാണ് അച്ഛൻ അനന്ത ഭാഗവതരോടൊപ്പം ഗുരുവായൂർ ഏകാദശി ഉത്സവത്തിന് ഭജനമിരുന്ന് ഗുരുവായൂരിൽ വന്ന് പാടിതുടങ്ങിയത്. ഇന്ന് കാണുന്ന രീതിയിലുള്ള സംഗീതോത്സവം അന്നുണ്ടായിരുന്നില്ല. എന്നാൽ മുടക്കം കൂടാതെ എല്ലാ ഏകാദശിക്കും ഗുരുവായൂരപ്പനു മുന്നിൽ ചെമ്പൈ വന്ന് പാടുമായിരുന്നു.  കച്ചേരികളിൽ പ്രസിദ്ധി നേടി തുടങ്ങിയ കാലത്തും അദ്ദേഹം ഈ പതിവു തുടർന്നിരുന്നു. ഒരിക്കൽ നേരത്തെ ഏറ്റ കച്ചേരിയുണ്ടായിരുന്നതിനാൽ ഒരു ഏകാദശിക്ക് അദ്ദേഹത്തിന് ഗുരുവായൂരിൽ എത്തിച്ചേരുവാൻ സാധിച്ചില്ല.. പക്ഷേ  കച്ചേരി തുടങ്ങാറായപ്പോഴേക്കും ഭാഗവതരുടെ തൊണ്ട അടഞ്ഞു. ഒരു വരി പോലും പാടാനാവാത്ത ഭാഗവതർ അന്നു ഗുരുവായൂരപ്പനോട് ക്ഷമ യാചിച്ചു . പിന്നെ പതിവിൽ മാറ്റമുണ്ടായില്ല. .ഏകാദശി നാളിൽ വ്രതമെടുത്ത് ശിഷ്യരെ മുഴുവൻ പാടി ഉപാസിപ്പിക്കണമെന്നതിൽ ഭാഗവതർക്ക് നിർബന്ധമുണ്ടായിരുന്നു. അവസാനമായിട്ടാണ് ഭാഗവതർ പാടുക. അന്ന് ഉൗട്ട്പുരയ്ക്കു മുകളിലായാണ് അരങ്ങ്. മൈക്ക് ഉണ്ടായിരുന്നില്ല . ഗുരുവായൂർ ദേശക്കാരനായ ഭാഗവതരുടെ സന്തതസഹചാരി കൊങ്ങോർപ്പിളി പരമേശ്വരൻ നമ്പൂതിരി ഏകാദശി സംഗീതാരാധനയിൽ പ്രധാന പങ്കുവഹിച്ചിരുന്നു. പങ്കെടുത്ത സംഗീതജ്ഞർക്ക് ഭക്ഷണവും ഭഗവത്പ്രസാദവും വിതരണം ചെയ്യുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.   ഒരുതവണ ഏകാദശി സംഗീതോത്സവം എല്ലാ സംഗീത‍ജ്ഞരെയും ഉൾപ്പെടുത്തി പഞ്ചരത്ന കീർത്തനാലാപനമാക്കിയാലോ എന്നൊരു ആശയം കൊങ്ങോർപ്പിളളി മുന്നോട്ട് വച്ചു. എല്ലാവരും ചേർന്ന് ഭാഗവതരെ ഈ ആശയം അറിയിച്ചു . "ഇത് തൻെറ പണിയാണല്ലേ ഇത് തിരുവയ്യാറൊന്നുമല്ല" എന്ന് നർമ്മഭാവത്തിൽ  ചെമ്പൈ ഭാഗവതർ കൊങ്ങോർപ്പിള്ളിയോട് പറഞ്ഞു.അങ്ങനെ ഭാഗവതരുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് കൊടിമരത്തിന് സമീപമിരുന്ന് പഞ്ചരത്ന കീർത്തനങ്ങൾ പാടി . പിന്നീട് ഈ പതിവ് മുടക്കമില്ലാതെ തുടർന്നു. 1974 ൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മരണ ശേഷം ചെമ്പൈ സംഗീതോൽസവം എന്ന പേരിൽ അദ്ദേഹത്തിൻെറ സ്മരണാർത്ഥം ഗുരുവായൂർ ഏകാദശി സംഗീതാരാധന മാറുകയായിരുന്നു. ആദ്യം മൂന്നു ദിവസമായിരുന്ന സംഗീതോൽസവം 1979 ൽ നാല് ദിവസമായി.1983ൽ 11 ദിവസവും ഇപ്പോൾ 15 ദിവസമായി മാറി ലോകത്തിലുള്ള പ്രഗത്ഭരായ സംഗീതജ്ഞരെയും ഗുരുവായൂരിൽ കൊണ്ടുവന്ന് പാടിക്കുക എന്ന പ്രിയ ഗുരുവിൻെറ ആഗ്രഹമായിരുന്നു   ചെമ്പൈ സംഗീതോൽസവത്തിലൂടെ കൊങ്ങോർപ്പിള്ളി പൂർത്തിയാക്കിയത്. ഏകാദശി ദിവസം ചെമ്പൈയുടെ ശിഷ്യരെല്ലാം ഒത്തുചേർന്ന് പാടുന്ന പതിവ് ഇപ്പോഴും തുടരുന്നു

 

 

ഗുരുവായൂർ ഏകാദശി സംഗീതോൽസവം ചെമ്പൈ സംഗീതോൽസവമാകുന്നു. ആദ്യ തത്സമയ റേഡിയോ സംപ്രേഷണം

 

 

തൻെറ പ്രിയ ഗുരുനാഥൻ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ അന്ത്യഭിലാഷമായിരുന്നു തിരുവയ്യാറിലെ ത്യാഗരാജസംഗീതോൽസവം മാതൃകയിൽ ഗുരുവായൂരിലും മുടങ്ങാതെ ഏകാദശി നാളിൽ സംഗീതോൽസവം നടക്കണമെന്നത്. അതിന് മുൻകൈയെടുത്തത് കൊങ്ങാർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയാണ്. 1974 ൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മരണ ശേഷം ചെമ്പൈ സംഗീതോൽസവമായി മാറിയ ഗുരുവായൂർ ഏകാദശി സംഗീതോൽസവം ഇന്നു കാണുന്ന രീതിയിൽ വിപുലമാക്കിയതും കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരിയുടെ ശ്രമഫലമാണ്.  ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ  ഛായചിത്രം നാഗേന്ദ്രൻ എന്ന തൻെറ ശിഷ്യൻെറ അച്ഛനായ മാധവൻ എമ്പ്രാതിരി നൽകിയ അഞ്ഞൂറു രൂപ കൊണ്ട് വരക്കാനുള്ള സാധനസാമഗ്രികൾ വാങ്ങി ഗണപതി മാഷ് എന്ന ചിത്രകാരനെകൊണ്ട് വരപ്പിച്ചു. ചെമ്പൈ സംഗീതോൽസവം റേഡിയോ വഴി തൽസമയം സംപ്രേഷണം ചെയ്യണമെന്ന് കൊങ്ങോർപ്പിള്ളിയും ചെമ്പൈ ഭാഗവതരുടെ മറ്റു ശിഷ്യരും ആഗ്രഹിച്ചു. അപ്രകാരം ചന്ദ്രിക സോപ്പിൻെറ ഉടമ കേശവൻ വൈദ്യരും കൂടി മുൻകൈയ്യെടുത്ത് അന്നത്തെ ദേവസ്വം മാനേജർ പി.ടി മോഹനകൃഷ്ണനെ്‍റ സഹായത്തോടെ ഗുരുവായൂരപ്പ ഭക്തനും അന്നത്തെ ആഭ്യന്തര മന്ത്രിയുമായിരുന്ന കെ കരുണാകരൻെറ ശുപാർശയോടെ സംഗീതോത്സവം തൽസമയം സംപ്രഷണം ചെയ്യാൻ മൂവായിരം പേർ ഒപ്പു വച്ച നിവേദനം ഡൽഹിക്ക് അയച്ചു. തൃശൂർ ആകാശവാണിയിലെ എല്ലാ സഹപ്രവർത്തകരും കൊങ്ങോർപ്പിള്ളിക്കൊപ്പം എല്ലാ സ‍ജ്ജികരണങ്ങളും ക്രമീകരിച്ചിരുന്നു. അങ്ങനെ സംഗീതോൽസവം തുടങ്ങുന്നതിന് എതാനും നിമിഷം മുൻപ് റേഡിയോ സംപ്രഷണത്തിനുള്ള അനുമതി കിട്ടി.അതായിരുന്നു ചെമ്പൈ സംഗീതോൽസവത്തിൻെറ ആദ്യ തൽസമയ റേഡിയോ സംപ്രഷണം. ഇന്ന് ചെമ്പൈ സംഗീതോൽസവം എന്ന പേരിൽ ലോകമറിയപ്പെടുന്ന സംഗീതോൽസവം ആകാശവാണിയും ദൂരദർശനും തൽസമയം സംപ്രഷണം ചെയ്യുന്നു. അഡ്വ.സി.കെ.കെ തമ്പാനും പ്രൊഫ. മാധവൻകുട്ടിക്കുമൊപ്പം ഒരുദേവ നിയോഗമെന്നപോലെ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ തുടങ്ങിവെച്ച ഏകാദശി സംഗീതോത്സവും അദ്ദേഹത്തിൻെറ നേതൃത്തിൽ ശിഷ്യർ നടത്തിവരുന്നു

 

 

ഇപ്പോൾ മകൾക്കൊപ്പം പറളിയിൽ താമസിക്കുന്ന കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി തനെ്‍റ പിറന്നാൾ ദിനമായ മേടത്തിലെ ചതയം നക്ഷത്രം വരുന്ന മെയ് ആറിനാണ് കോട്ടപ്പടിയിലെ ഇല്ലത്ത് തൻെറ ബന്ധുമിത്രങ്ങൾക്കും ശിഷ്യർക്കുമൊപ്പം നവതി ആഘോഷിക്കുന്നത്. തൊണ്ണൂറാം വയസിലും ഓർമക്ക് പ്രായമേറാത്ത മനസ്സിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരും ഗുരുവായൂർ ക്ഷേത്രവും മധുരസ്മരണകളാണ് അദ്ദേഹത്തിന്.ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പം ഗുരുവായൂരപ്പനെ ഉപാസിക്കാൻ കഴിഞ്ഞത് മുൻ ജന്മസുകൃതമായി കരുതുന്നു ഈ കലോപാസകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com