'എന്റെ വാക്കുകൾ തലമുറകൾ ചർച്ച ചെയ്യണം'; സ്ത്രീപക്ഷ നിലപാടുകളുടെ മൂന്നക്ഷരമായി ഹെർ

her-oscar
SHARE

‘എനിക്ക് ഒരു സാർവത്രിക സന്ദേശം സൃഷ്ടിക്കണം, ഈ തലമുറയും വരാനിരിക്കുന്ന തലമുറയും ചർച്ച ചെയ്യുന്ന ഒന്നായിരിക്കണം അത്’, ഏതാനും ആഴ്ചകൾക്കു മുൻപ് അഭിമുഖത്തിനിടെ അമേരിക്കൻ ഗായിക ഹെർ ദൃഢനിശ്ചയത്തോടെ പറഞ്ഞുവച്ച വാക്കുകളാണ് ഇത്. പെൺകരുത്ത് തെളിയിക്കപ്പെട്ട ഈ വർഷത്തെ ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിലൂടെ ഗായികയുടെ വാക്കുകൾ യാഥാർഥ്യത്തിലേയ്ക്കു നടന്നടുത്തു. ഗബ്രിയേല സാർമിയെന്റോ വിൽസൺ എന്ന പേരു മാറ്റി പാട്ടരങ്ങിൽ HER എന്ന മൂന്നക്ഷരപ്പേരുകാരിയായി ഉയർന്ന ഈ പെൺ താരം 2018ലും 2020ലും ഗ്രാമി പുരസ്കാര നേട്ടത്തിലും തിളങ്ങിയിരുന്നു. 

കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് നടത്തിയ ഇത്തവണത്തെ ഓസ്കറില്‍ ‘ഒറിജിനൽ സോങ്’ വിഭാഗത്തിലുള്ള പുരസ്കാരം കയ്യടക്കി ചരിത്രത്തിൽ പേരെഴുതി ചേർത്താണ് ഹെർ മടങ്ങിയത്. ‘ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ’ എന്ന ചിത്രത്തിലെ ‘ഫൈറ്റ് ഫോർ യു’ എന്ന പാട്ടിനാണ് പുരസ്കാരം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പാട്ട് പുറത്തിറങ്ങിയത് ബെസ്റ്റ് ഒറിജിനൽ സോങ് കൂടാതെ ബെസ്റ്റ് ഒറിജിനൽ സ്കോർ എന്ന വിഭാഗത്തിലേയ്ക്കും ‘ഫൈറ്റ് ഫോർ യു’ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. 

ഓസ്കർ നിർണയത്തിനു മുൻപു നടത്തിയ സംഗീത പരിപാടിയിൽ ഹെർ ഇതേ ഗാനം പ്രൗഢോജ്വലമായി അവതരിപ്പിച്ച് വേദിയെ കയ്യിലെടുത്തു. പാടാൻ ഇതിലും വലിയ ഒരു വേദി ഇനി കിട്ടാനില്ലെന്നു പറഞ്ഞ് അവസരത്തെക്കുറിച്ചു വാചാലയായ ഹെർ, ആവേശത്തോടെ വേദിയിലെത്തി. ഗായികയുടെ പ്രകടനത്തിന്റെ ഊർജം വേദിയെ ത്രസിപ്പിച്ചു. ‘ഫൈറ്റ് ഫോർ യു’ ഉൾപ്പെടെ മികച്ച ഒറിജിനൽ സോങ്ങിനുള്ള നാമനിർദേശം നേടിയ അഞ്ച് പാട്ടുകളും സംഗീതനിശയിൽ അവതരിപ്പിക്കപ്പെട്ടു. നീണ്ട ഒന്നര മണിക്കൂറോളം വേദി ഒന്നാകെ പാട്ടാവേശത്തിൽ മുങ്ങി. 

ഒറിജിനൽ സ്കോർ വിഭാഗത്തിൽ ട്രെന്റ് റെൻസര്‍, അറ്റികസ് റോസ്, ജോൺ ബാറ്റിസ്റ്റെ എന്നിവരാണ് ഓസ്കർ പുരസ്കാരം പങ്കിട്ടത്. ‘സോൾ’ എന്ന ആനിമേറ്റഡ് ചിത്രമാണ് ഇവരെ പുരസ്കാര വേദിയിലെത്തിച്ചത്.‌ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരവും സോളിനു തന്നെ. ഒറിജിനൽ സ്കോർ വിഭാഗത്തിൽ ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിലും ‘സോൾ’ തിളങ്ങിയിരുന്നു. 

കോവിഡ് മഹാമാരി ഓസ്കർ പുരസ്കാരത്തിന്റെയും പതിവുകൾ തെറ്റിച്ചു. ലൊസാഞ്ചലസിലെ ആർട് ഡെക്കോ യൂണിയൻ സ്റ്റേഷനിൽ തിങ്ങിനിറഞ്ഞ സദസ്സ് ഇല്ലാതെയാണ് ഇത്തവണത്തെ പുരസ്കാര നിശ നടന്നത്. സാധാരണ നിലയിൽ ക്ഷണിക്കപ്പെട്ട നാലായിരം പേർ പങ്കെടുക്കേണ്ടതാണ്. എന്നാൽ ഇത്തവണ പ്രത്യേകം സ്റ്റേജ് നിർമിച്ച് എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചായിരുന്നു പുരസ്കാരപ്രഖ്യാപനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA