ADVERTISEMENT

അച്ചമ്മയെക്കുറിച്ചു വാചാലയായി ഗായിക സിത്താര കൃഷ്ണകുമാർ. അച്ചമ്മയുടെ സ്നേഹവും കരുതലും തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ഓരോ തവണ അച്ചമ്മയുടെ അടുത്തു ചെല്ലുമ്പോൾ ലഭിക്കുന്ന സ്നേഹപൂർവമുള്ള ആലിംഗനവും അനുഗ്രഹവും ഏറെ ശ്രേഷ്ഠമാണെന്നും സിത്താര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഹൃദ്യമായ കുറിപ്പിനൊപ്പം അച്ചമ്മയുടെ ഒരു ‘ചിരി’ വിഡിയോ ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

‘എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ ഞങ്ങൾ അച്ചമ്മയെ കണ്ടിട്ടുള്ളു. വലിയ ഉച്ചത്തിലാണ് അച്ചമ്മയുടെ ചിരി. അടുത്തെത്തുന്ന ഓരോ വ്യക്തിയെയും അച്ചമ്മ സ്നേഹപൂർവം കെട്ടിപ്പിടിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. ഒപ്പം എപ്പോഴും സ്നേഹത്തിന്റെ ഒരു കപ്പ് ചായയും കയ്യിൽ കരുതും. ചില സമയങ്ങളിൽ ചിലരുടെ പേരും മുഖവും പോലും അച്ചമ്മ മറന്നു പോകും. എങ്കിൽപ്പോലും അടുത്തെത്തുന്നവരെ ഹൃദ്യമായി സ്വീകരിക്കാൻ ഒരിക്കലും മടി കാണിക്കില്ല. 

 

ഏതാനും വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ അച്ചാച്ചൻ മരണപ്പെട്ടു. അതിനു ശേഷം അച്ചമ്മ വിഷാദരോഗത്തിന്റെ ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഭാഗ്യം കൊണ്ട് അതുണ്ടായില്ല. അച്ചമ്മയുടെ മുഖത്ത് എപ്പോഴും പുഞ്ചിരി നിറഞ്ഞു. എപ്പോഴും ഹൃദ്യമായി സംസാരിച്ചുകൊണ്ടേയിരുന്നു. ഒപ്പം സ്നേഹത്തോടെ എല്ലാവർക്കും ആഹാരം വിളമ്പി. ചിരിക്കുന്ന എല്ലാവരും സന്തോഷവതികളായിരിക്കില്ലല്ലോ. ആർക്കും ഇരുപത്തിനാലു മണിക്കൂറും ചിരിച്ചും സന്തോഷിച്ചുമിരിക്കാൻ സാധിക്കില്ല. ആർക്കും എല്ലായ്പ്പോഴും മറ്റുള്ളവരുടെ വേദനശമിപ്പിക്കുന്ന ആളായി നിൽക്കാനും സാധിക്കില്ല. സ്വയം ജീവിക്കുക, കാരണം നിങ്ങൾക്കു വേണ്ടി മറ്റാർക്കും അത് ചെയ്തുതരാൻ കഴിയില്ല’, സിത്താര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.   

 

കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്ന താരമാണ് സിത്താര. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്യാറുണ്ട്. മകൾ സാവൻ ഋതുവിനും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com