ADVERTISEMENT

ഇന്ന് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് തുടർഭരണം ഏറ്റെടുക്കുമ്പോൾ ചടങ്ങു നടക്കുന്ന സെൻട്രല്‍ സ്റ്റേഡിയത്തിലെ വേദിയിൽ പ്രശസ്തഗായകര്‍ ഓൺലൈൻ വഴി സംഗീതസാന്നിധ്യമറിയിക്കും. കെ.എസ്.ചിത്ര, കെ.ജെ.യേശുദാസ്, എ.ആർ.റഹ്മാന്‍, അംജദ് അലിഖാന്‍, ഹരിഹരൻ, എം.ജയചന്ദ്രന്‍, സുജാത മോഹൻ തുടങ്ങി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരുമാണ് ഈ സംഗീത സംരംഭത്തിനൊപ്പം ചേർന്നത്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും താന്താങ്ങളുടെ വീടുകളിൽ സുരക്ഷിതരായിരുന്നുകൊണ്ടാണ് വിഡിയോയ്ക്കു വേണ്ടി കൈകോര്‍ത്തത്. ‘മണ്ണും മനുഷ്യനും’ എന്ന ആശയത്തിലൂന്നിയാണ് വിഡിയോ ഒരുങ്ങുന്നത്. ഇതിന്റെ സംഗീത വിഭാഗം പണ്ഡിറ്റ് രമേഷ് നാരായണനും വിഡിയോ വിഭാഗം സംവിധായകൻ ടി.കെ.രാജീവ് കുമാറും കൈകാര്യം ചെയ്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനകം മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ വിഡിയോയെക്കുറിച്ച് ഇരുവരും മനോരമ ഓൺലൈനോടു മനസ്സ് തുറക്കുന്നു. 

പോസിറ്റീവ് ചിന്തയും പരസ്പര‌ സഹകരണവും: ടി.കെ.രാജീവ് കുമാർ

കോവി‍ഡ് ആയതുകൊണ്ടാണ് ഓൺലൈൻ വഴി ഇത്തരത്തിലൊരു വിഡിയോ ഒരുക്കിയത്. ഓരോരുത്തരും ഓരോ സ്ഥലത്തിരുന്ന് വിഡിയോയുടെ ഭാഗമാവുകയായിരുന്നു. മണ്ണും മനുഷ്യനും എന്ന ആശയമാണ് ഇതിനു പിന്നിൽ. പ്രശസ്തരായ കവികളുടെ വരികൾ, പഴയ നാടക ഗാനങ്ങൾ, സിനിമാ ഗാനങ്ങൾ തുടങ്ങിയവയുടെ ചില ഭാഗങ്ങള്‍‍ എടുത്താണ് ഈ സംഗീത വിഡിയോ ഒരുക്കിയത്. 20 മിനിറ്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. ഗായകരെ കൂടാതെ പ്രശസ്തരായ വാദ്യാപോകരണ വിദഗ്ധരും സംരംഭത്തിന്റെ ഭാഗമായി. പണ്ഡിറ്റ് രമേഷ് നാരായണൻ ആണ് ഈ വിഡിയോയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. എല്ലാവരും ഈ വിഡിയോയെ വളരെ പോസിറ്റീവ് ആയി എടുത്ത് പരിപൂര്‍ണമായി സഹകരിച്ചു. വളരെ വ്യത്യസ്തമായാണ് ഇതിന്റെ പ്രൊഡക്‌ഷൻ പൂർത്തിയാക്കിയത്. നൂറ് അടി നീളമുള്ള വളരെ വലിയ സ്ക്രീനിൽ ആയിരിക്കും വിഡിയോ പ്രദർശിപ്പിക്കുക. 

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആർക്കും എവിടേയ്ക്കും പോകാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ടാണ് ഈ വിഡിയോ ഓൺലൈൻ ആയി ഒരുക്കാൻ തീരുമാനിച്ചത്. പിന്നെ കഴിഞ്ഞ വർഷം മുതൽ ലോകത്തിന്റെ വിവിധ കോണുകളിലായി ഇതുപോലെ ഓൺലൈൻ ആയി നിരവധി പ്രൊഡക്‌ഷനുകൾ നടക്കുന്നുണ്ടല്ലോ. അപ്പോൾ ഇത്തരത്തിലൊരു കാര്യം ചെയ്യാനായി പുതിയ രീതികൾ കണ്ടുപിടിക്കേണ്ടതില്ലായിരുന്നു. നിലവിൽ ഉള്ള സാങ്കേതികവിദ്യയുടെ സഹായത്തിൽ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ നടത്താനുള്ള സാധ്യതകളുണ്ട്. അത് പൂർണമായും വിനിയോഗിച്ചു. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഡിയോയുടെ പ്രൊഡക്‌ഷൻ നല്ല രീതിയിൽ തന്നെ പൂർത്തിയാക്കി.  

പാട്ടിനു പിന്നിൽ തികഞ്ഞ ആത്മാർപ്പണം: പണ്ഡിറ്റ് രമേഷ് നാരായണൻ

  

സത്യപ്രതിജ്ഞാ ചടങ്ങിനു വേണ്ടി ഇത്തരത്തിലൊരു സംഗീത വിഡിയോ ഒരുക്കുന്നതിനെക്കുറിച്ച് സംവിധായകൻ ടി.കെ.രാജീവ് കുമാർ സർ ആണ് എന്നോടു പറഞ്ഞത്. വിഡിയോയ്ക്കു സംഗീതം ഒരുക്കാമോ എന്ന് അദ്ദേഹം ചോദിച്ചു, അതു സംബന്ധിച്ച ചർച്ചകളും നടത്തി. ഈ മഹാമാരിക്കാലത്ത് വിഡിയോ സ്റ്റുഡിയോയിൽ വച്ചു ചെയ്യാതെ എല്ലാം ഓൺലൈനിൽ ചെയ്യാം എന്നു തീരുമാനിച്ചു. അൻപതോളം ഗായകരാണ് ഈ സംരംഭത്തിന്റെ ഭാഗമായത്. എ.ആർ.റഹ്മാന്റെയും സംഭാവനയുണ്ട് ഇതിൽ. അദ്ദേഹത്തിനു പാടാൻ സാധിച്ചില്ല. പക്ഷേ മറ്റൊരു തരത്തിൽ അദ്ദേഹവും വിഡിയോയുടെ ഭാഗമായി. 

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി വൈലോപ്പിള്ളി, ജി.ശങ്കരക്കുറിപ്പ്, കുമാരനാശാൻ, ഇടശ്ശേരി, ഉള്ളൂർ‌, വള്ളത്തോൾ ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, വയലാർ, പി.ഭാസ്കരൻ മാഷ് എന്നിങ്ങനെ മൺമറഞ്ഞ നമ്മുടെ കവികളുടെയും കൂടാതെ, റഫീഖ് അഹമ്മദ്, പ്രഭാ വർമ, മുരുകൻ കാട്ടാക്കാട തുടങ്ങിയവരുടെയും കവിതകളുടെ കുറച്ചു ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വി‍ഡിയോ ഒരുക്കിയിരിക്കുന്നത്. മാത്രവുമല്ല, സ്വന്തം നാടിനു വേണ്ടി പൊരുതി മരിച്ചിട്ടുള്ളവരെ ഓർമിപ്പിക്കുന്ന രീതീയിലുള്ള സിനിമാ പാട്ടുകളുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

വിഡിയോയുടെ പ്രോഗ്രാമിങ് ചെയ്തു തന്നത് സ്റ്റീഫൻ ദേവസ്സി ആണ്. അദ്ദേഹം അക്കാര്യം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അങ്ങനെ സ്റ്റീഫൻ വളരെ ഭംഗിയായി പ്രോഗ്രാമിങ് നിര്‍വഹിച്ചു. ഗായകരെല്ലാം വിവിധയിടങ്ങളിലിരുന്ന് പാടി വിഡിയോ അയച്ചു തന്നു. എല്ലാവരും വളരെ ആത്മാർഥമായി ഈ സംഗീത വിഡിയോയ്ക്കു വേണ്ടി താന്താങ്ങളുടെ ഭാഗം ഭംഗിയായി പൂർത്തീകരിച്ചു. 

കേരളത്തിലെ ഭരണത്തുടർച്ച എന്നതു ചരിത്രം തന്നെയാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ളവരെ തന്നെയാണല്ലോ അവർ തിരഞ്ഞെടുത്ത് അധികാരത്തിലെത്തിച്ചത്. അതുകൊണ്ടു തന്നെ രാഷ്ട്രീയച്ചുവ ഇല്ലാതെ തന്നെ ഈ സർക്കാരിനെ എല്ലാവരും പിന്തുണയ്ക്കണം എന്നാണ് എനിക്കു വ്യക്തിപരമായി പറയാനുള്ളത്. ഞങ്ങൾ ഒരുക്കിയ ഈ സംഗീത വിഡിയോയ്ക്കു രാഷ്ട്രീയമില്ല. ഇതിന്റെ ഭാഗമായ ഓരോരുത്തരും വ്യത്യസ്തമായ രാഷ്ട്രീയ അനുഭാവം ഉള്ളവരായിരിക്കാം. പക്ഷേ അതെല്ലാ മറന്നാണ് ഞങ്ങൾ ഈ വിഡിയോയ്ക്കു വേണ്ടി ഒരുമിച്ചത്. അർപ്പണബോധം മാത്രമാണ് അതിനു പിന്നിൽ. 

വളരെ പെട്ടെന്നാണ് ഇത്തരത്തിലൊരു വിഡിയോ ഒരുക്കിയത്. ലോക്ഡൗൺ സമയം ആയതിനാൽ മറ്റു തിരക്കുകളൊന്നും ഇല്ലാതെയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ഒരു വിഡിയോയുടെ പ്രൊഡക്‌ഷനിലേയ്ക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനായി. കുറഞ്ഞ സമയത്തിനകമാണ് ചെയ്തതെങ്കിലും എല്ലാം ശുഭമായി തന്നെ ഭവിച്ചു. ഞങ്ങൾ എല്ലാവരും അതിൽ വളരെ സംതൃപ്തരാണ്. ടി.കെ.രാജീവ്കുമാർ സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് ഈ വിഡിയോ മനോഹരമായി പൂർത്തിയാക്കാനായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com