ADVERTISEMENT

പോപ് താരം ലേഡി ഗാഗ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകവൃന്ദം. പത്തൊൻപതാം വയസ്സിൽ തന്നെ ഒരു മ്യൂസിക് പ്രൊഡ്യൂസർ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് ലേഡി ഗാഗയുടെ തുറന്നു പറച്ചിൽ. എന്നാൽ അയാളുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായിട്ടില്ല. സംഗീതരംഗത്തു ചുവടുവച്ചു തുടങ്ങിയ കാലത്താണ് ലേഡി ഗാഗയ്ക്ക് ഇത്തരത്തിലൊരു തിക്താനുഭവം നേരിടേണ്ടി വന്നത്. 

മാനസികമായി തകർന്ന ഗായികയ്ക്ക് ജീവിതത്തെ തിരിച്ചു പിടിക്കാൻ ഏറെ നാളത്തെ പരിശ്രമം വേണ്ടി വന്നു. ഇപ്പോഴും ആ സംഭവം തന്റെ മനസ്സിനെ അലട്ടുന്നു എന്ന് 35കാരിയായ ഗായിക ‌തുറന്നു പറയുന്നു. ജീവിതത്തെ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവത്തെക്കുറിച്ച് ലേഡി ഗാഗ വിവരിക്കുന്നത് ഇങ്ങനെ:

‘അന്ന് എനിക്കു പ്രായം 19. സംഗീതവുമായി ബന്ധപ്പെട്ട ചില വർക്കുകളിലായിരുന്ന ഞാൻ. ആ സമയത്ത് ഒരു മ്യൂസിക് പ്രൊഡ്യൂസർ എന്റെ അടുത്ത് വന്ന് എന്റെ മുഴുവൻ വസ്ത്രവും ഊരി മാറ്റാൻ ആവശ്യപ്പെട്ടു. പറ്റില്ല എന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടോടി. സമ്മതിച്ചില്ലെങ്കിൽ ഞാനൊരുക്കിയ എന്റെ സംഗീതത്തെ മുഴുവനായി ഇല്ലായ്മ ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. അയാൾ വീണ്ടും അതേ ആവശ്യം ആവർത്തിച്ചു കൊണ്ടിരുന്നു. എല്ലാം കേട്ടുകൊണ്ട് ആ സമയം ഞാൻ മരവിച്ചു നിൽക്കുകയായിരുന്നു. അക്ഷരാർഥത്തിൽ ഞാൻ സ്തബ്ധയായി. ബാക്കിയൊന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. 

അയാൾ എന്നെ ക്രൂരമായി പീഡിപ്പിച്ചു. വേദന കൊണ്ടു ഞാൻ പുളയുകയായിരുന്നു. അയാൾ എന്റെ ജീവിതത്തെ തകർത്തു കളഞ്ഞു. തുടർന്ന് ആഴ്ചകളോളം എനിക്കു ചികിത്സയില്‍ കഴിയേണ്ടി വന്നു. ഞാൻ ഗർഭിണി ആണെന്ന് പിന്നീടു തിരിച്ചറിഞ്ഞു. ഇപ്പോഴും ആ സംഭവം എന്റെ മനസ്സിനെ വേട്ടയാടുകയാണ്. പക്ഷേ അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. അയാളെ ജീവിതത്തിൽ ഒരിക്കൽപ്പോലും കാണാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല’, കണ്ണീരോടെ ലേഡി ഗാഗ പറഞ്ഞു നിർത്തി. 

ഗായികയുടെ തുറന്നു പറച്ചിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താൻ വിഷാദ രോഗിയാണെന്ന് ലേഡി ഗാഗ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. മാനസികാരോഗ്യത്തിനായി ഗായിക വർഷങ്ങളായി ചികിത്സയിലായിരുന്നു. വിഷാദരോഗത്തിൽ നിന്നും മുക്തി നേടാനായി ഗാഗയ്ക്ക് മരുന്ന് ജീവിതത്തിന്റെ ഭാഗമാക്കേണ്ടി വന്നിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com