ADVERTISEMENT

ആകസ്മികതകളുടേതായിരുന്നു എസ്. രമേശൻ നായർക്ക് ഈ ജന്മം. നാലാം വയസ്സിൽ ഭിക്ഷക്കാരി തട്ടിക്കൊണ്ടുപോയതിന്റെ നേരിയ ഓർമകൾ അദ്ദേഹം ഒരിക്കൽ പങ്കു വച്ചിട്ടുണ്ട്.. കുടുംബത്തിലെ ഏക ആൺതരിയായതിനാൽ ഏറെ ശ്രദ്ധ നേടിയിട്ടും അതു സംഭവിച്ചു. തട്ടിക്കൊണ്ടുപോകൽ തിരുവോണനാളിലായിരുന്നു. ആഘോഷനാളിൽ എല്ലാവരും ചാർത്തിയ ആഭരണങ്ങളോടെ സ്വർണത്തിൽ കുളിച്ച നാലുവയസ്സുകാരനെ കോരിയെടുത്തു ഭിക്ഷക്കാരി ഓടിയെങ്കിലും ഒരു മൈൽ അകലെ വഴിയിൽ തളർന്നുവീണു. വീട്ടിലെ കാര്യസ്ഥൻ ചെല്ലക്കണ്ണനാണു രമേശൻ നായരെ കണ്ടെടുത്തു തിരിച്ചെത്തിക്കുന്നത്. ആ രക്ഷപെടൽ പിന്നീട് സാഹിത്യത്തിന്റെ കൊടുമുടിയിലേക്കുള്ള യാത്രയുമായി. 

1948 ഫെബ്രുവരി 2-ന് കന്യാകുമാരിയിലെ കുമാരപുരത്താണ് എസ്.രമേശൻ നായർ  ജനിച്ചത്. അച്‌ഛൻ ഷഢാനന്ദൻ തമ്പി. അമ്മ പരമേശ്വരിയമ്മ. കന്യാകുമാരിക്കാർ മലയാളവും തമിഴും സംസാരിക്കുന്നവരായിരുന്നു. അതിനാൽ മലയാളത്തോടൊപ്പം തമിഴിലും അദ്ദേഹം പ്രാവീണ്യം നേടി. എം.എ.മലയാളം ഒന്നാംറാങ്കിൽ പാസായ രമേശൻ നായർ 1975-ൽ എ.ഐ.ആറിൽ സ്‌ക്രിപ്‌റ്റ് റൈറ്ററായി ജോലിയിൽ പ്രവേശിച്ചു. എം.ടി.യുടെ തിരക്കഥയിൽ ഐ.വി.ശശി സംവിധാനം ചെയ്‌ത ‘രംഗം’ എന്ന എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടാണ് രമേശൻ നായർ സിനിമാഗാനരചനയിലേക്കു കടന്നു വന്നത്. ആദ്യ ചിത്രത്തിലെ മൂന്നുഗാനങ്ങൾ ഹിറ്റായി. തുടർന്ന് മുപ്പതിൽപ്പരം ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങളെഴുതി. 

ചലച്ചിത്രഗാനങ്ങൾക്കു വേണ്ടി ഗാനരചന ആരംഭിക്കുന്നതിനുമുമ്പ് കാവ്യഗന്ധമാർന്ന അനവധി ഗാനങ്ങൾ ആകാശവാണിയ്‌ക്കും ദൂരദർശനും വേണ്ടിയും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയ്‌ക്കു പുറമെ രമേശൻ നായർ രചിച്ച മൂന്നൂറിലധികം ഗാനങ്ങൾ അമ്പതിൽപ്പരം കാസെറ്റുകളിലൂടെ യേശുദാസിന്റെയും ജയചന്ദ്രന്റെയും സ്വരമാധുരിയിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. യേശുദാസ് പാടിയ ‘മയിൽപ്പീലി’ എന്ന കാസെറ്റും ജയചന്ദ്രൻ പാടിയ ‘പുഷ്‌പാഞ്‌ജലി’യും ഏറെ വിറ്റഴിഞ്ഞു. യേശുദാസ് പാടിയ വനമാല, അയ്യപ്പഭക്‌തിഗാനങ്ങൾ വോള്യം-4 എന്നിവയും രമേശൻ നായരുടെ ശേഖരത്തിലെ എടുത്തുപറയത്തക്ക കാസെറ്റുകളാണ്. 

വിവാദത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ട ‘ശതാഭിഷേകം’ എന്ന നാടകം രചിച്ചത് എസ്. രമേശൻ നായരാണ്. കവിതയായിരുന്നു രമേശൻ നായരുടെ കളരിയെങ്കിലും നാടകങ്ങളിലും ഇടയ്‌ക്കിടെ ശ്രദ്ധ പതിപ്പിച്ചു. 1975-ൽ തൃശൂർ ആകാശവാണിയിൽ നിന്നും ‘സ്‌ത്രീപർവ്വം’ എന്ന നാടകം ആറുഭാഗങ്ങളിലായി പ്രക്ഷേപണം ചെയ്യുകയുണ്ടായി. 1985-ൽ നാടകവാരത്തിൽ ചിലപ്പതികാരം എന്ന നാടകം പ്രക്ഷേപണം ചെയ്‌തു. പുത്തേഴൻ അവാർഡ്, ഇടശ്ശേരി അവാർഡ്, കേരള പാണിനി പുരസ്‌കാരം, പൂന്താനം അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. തമിഴ് ഭാഷയിൽ നല്ല പ്രാഗൽഭ്യമുളള അദ്ദേഹം ചിലപ്പതികാരവും തിരുക്കുറലും മലയാളത്തിലേക്കു തർജ്‌ജമ ചെയ്‌തിട്ടുണ്ട്. കഥാകൃത്തായ രമയാണ് ഭാര്യ. 

പ്രശസ്‌ത ഗാനങ്ങൾ 

വാർതിങ്കൾ പാൽക്കുടമേന്തും....(ഞങ്ങളുടെ കൊച്ചുഡോക്‌ടർ) 

ദേവഗാനം പാടുവാൻ....(എഴുതാൻ മറന്ന കഥ) 

താളം തെറ്റിയ പഥികന്മാരുടെ....(അഗ്നിവസന്തം) 

കിളിയേ കിളിയേ....(ധിം തരികിട തോം) 

അച്യുതം കേശവം രാമനാരായണം...(അച്ചുവേട്ടന്റെ വീട്) 

ഷൺമുഖ പ്രിയരാഗമോ....(രാക്കുയിലിൻ രാഗസദസ്സിൽ) 

പൂമുഖ വാതുക്കൽ സ്‌നേഹം വിടർത്തുന്ന....(രാക്കുയിലിൻ രാഗസദസ്സിൽ) 

പ്രധാന കൃതികൾ

കന്നിപ്പൂക്കൾ, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉർവശീപൂജ, അഗ്രേപശ്യാമി, അളകനന്ദ, ജന്മപുരാണം, സൂര്യഹൃദയം, സരയൂതീർഥം, സ്വാതിമേഘം, ഭാഗപത്രം, ചരിത്രത്തിനു പറയാനുള്ളത്, ഗ്രാമക്കുയിൽ, ഗുരുപൗർണമി, ഉണ്ണി തിരിച്ചുവരുന്നു എന്നിവ കവിതാസമാഹാരങ്ങൾ.

ചിലപ്പതികാരം, തിരുക്കുറൽ, സുബ്രഹ്മണ്യഭാരതിയുടെ കവിതകൾ, തെൻപാണ്ടിസിംഹം, സംഗീതക്കനവുകൾ എന്നിവ വിവർത്തനങ്ങൾ.

കളിപ്പാട്ടങ്ങൾ, ഉറുമ്പുവരി, പഞ്ചാമൃതം, കുട്ടികളുടെ ചിലപ്പതികാരം എന്നിവ ബാലസാഹിത്യകൃതികൾ.

സ്ത്രീപർവം, ആൾരൂപം, വികടവൃത്തം, ശതാഭിഷേകം എന്നിവ നാടകങ്ങൾ.

പൂമുഖവാതിൽക്കൽ, ഓപ്രിയേ, മഞ്ഞുപോലെ, ഹരിവരാസനം, പുഷ്പാഞ്ജലി, വനമാല തുടങ്ങിയവ ഗാനസമാഹാരങ്ങൾ.

നൂറ്റൻപതോളം ചലച്ചിത്രങ്ങൾക്കു ഗാനരചന നിർവഹിച്ചിട്ടുണ്ട്.

ആദ്യ ആൽബം പുഷ്പാഞ്ജലി 1981ൽ പുറത്തിറങ്ങി. ഇതിൽ ജയചന്ദ്രൻ ആലപിച്ച വിഘ്നേശ്വരാ, ജന്മനാളികേരം നിന്റെ തൃക്കാൽക്കലുടയ്ക്കുവാൻ വന്നൂ എന്നു തുടങ്ങിയതുൾപ്പെടെ 10 ഗാനങ്ങളും പ്രസിദ്ധം. 1982ൽ രണ്ടാമത്തെ ആൽബം – വനമാല. അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു, അഗ്രേ പശ്യാമി തുടങ്ങി 12 ഗാനങ്ങളും മലയാളം നെഞ്ചേറ്റുകയായിരുന്നു. ഒറ്റരാത്രി കൊണ്ടു രമേശൻ നായർ എഴുതിത്തീർത്ത് മൂന്നാം ദിവസം റെക്കോർഡ് ചെയ്ത തരംഗിണിയുടെ മയിൽപ്പീലി കസെറ്റ് ഭക്തിഗാനരംഗത്തെ മറ്റൊരു ചരിത്രമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com