ADVERTISEMENT

ഒബ്ലിവിയോൺ.. ആ പേരിൽ തന്നെയുണ്ട് ഒരു കൗതുകം. മരണത്തെയും മറവിയെയും ഓർമകളുടെ വീണ്ടെടുപ്പിനെയുമൊക്കെ ഒരു സംഗീതപഥത്തിലെന്നപോലെ അവതരിപ്പിക്കുന്ന മ്യൂസിക് വിഡിയോയെ അന്വർഥമാക്കുന്ന പേര്. മനോരമ മ്യൂസിക് പുറത്തിറക്കിയ ഈ വിഡിയോ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞതിനു പിന്നിൽ സിനിമാറ്റിക് ആയ വിഷ്വലുകളുടെ ഭംഗിയും ഉള്ളുലയ്ക്കുന്ന സംഗീതവും തന്നെ കാരണം. അശ്വിൻ രഞ്‌ജു ഒരുക്കിയ സംഗീതത്തിനനുസരിച്ച് മനു മഞ്ജിത്ത് ആണ് വരികളെഴുതിയത്.  

രാത്രി വൈകി നടന്ന ഒരു വാഹനാപകടത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതുൾപ്പെടെ ഗുരുതര പരുക്കുകളേറ്റ ഒരു യുവാവിന്റെ അവസാന മണിക്കൂറുകളാണ് വിഡിയോയുടെ പ്രമേയം. ഒരു കണ്ണു നഷ്ടപ്പെട്ട യുവാവിന്റെ മായക്കാഴ്ചകളിലൂടെയാണ് വിഡിയോ പുരോമിക്കുന്നത്. മതിഭ്രമങ്ങളും മിഥ്യയും സ്വപ്നവും സങ്കൽപവും എല്ലാം കൂടിക്കുഴഞ്ഞ് ഭൂതകാലത്തിനും വർത്തമാനകാലത്തിനുമിടയിലുള്ള ഒരു മ്യൂസിക് ഫാന്റസിയായാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ‘അശ്വിൻ സാധാരണ മ്യൂസിക് വിഡിയോയിൽനിന്ന് വ്യത്യസ്തമായി ഒരു ഡാർക്ക് മ്യൂസിക് ആണ് ചിട്ടപ്പെടുത്തിയത്.’ അതുകൊണ്ടാണ് വിഡിയോയ്ക്ക് ഒരു ഡാർക്ക് ഫാന്റസി തീം തന്നെ തിരഞ്ഞെടുത്തതെന്നു പറയുന്നു ആൽബത്തിന്റെ സ്ക്രിപ്റ്റ് തയാറാക്കിയ അഭിനേത്രി കൂടിയായ ശാന്തി ബാലചന്ദ്രൻ. മനുഷ്യൻ ലോകത്തെ അറിയുന്നത് അവന്റെ ഇന്ദ്രിയങ്ങളിലൂടെയാണെന്ന ധാരണയെ അടിസ്ഥാനമാക്കിയാണ് വിഷ്വലുകൾ കാഴ്ചക്കാരെ കൊണ്ടുപോകുന്നത്. കുട്ടിക്കാലത്തെ പിറന്നാൾകേക്കിന്റെ മധുരവും കൺകുളിരെക്കണ്ട അമ്മക്കാഴ്ചയും മുതൽ പ്രണയിനിയുടെ ശരീരഗന്ധവും സ്പർശവും ശബ്ദവുമെല്ലാം യുവാവിന്റെ അവസാനനിമിഷങ്ങളിൽ മനസ്സിൽ മിന്നിമറയുന്നു.

ലോക്ഡൗൺ മാന്ദ്യം മനസ്സിനെ ബാധിച്ചുതുടങ്ങിയ കാലത്താണ് ഒബ്ലിവിയോൺ എന്ന മ്യൂസിക് ആൽബത്തെക്കുറിച്ച് ശാന്തിയും കൂട്ടരും ചിന്തിച്ചത്. ഡൊമിനിക് അരുൺ ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ശാന്തിയാണ് പ്രൊഡ്യൂസർ.

‘നൊസ്റ്റാൾജിയ, നഷ്ടം, മരണം എന്നീ ആശയങ്ങൾ വച്ചാണ് ഞങ്ങൾ വർക്ക് ചെയ്തത്. ശ്രദ്ധിച്ചു കണ്ടാൽ നിങ്ങൾക്കിതിലെ ഫിലോസഫി മനസ്സിലാകും. നായക കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാർഥ് വർമയുടെ വേഷം നമ്മുടെ ഉള്ളിലെ നമ്മൾക്കുപോലുമറിയാത്ത അടരുകളെ വെളിപ്പെടുത്തിത്തരുന്നുണ്ട്. സർറിയൽ പരീക്ഷണമായിരുന്നു വിഡിയോ. പക്ഷേ കാഴ്ചക്കാരെ പിടിച്ചിരുത്താൻ അതിനു സാധിച്ചു എന്നതിൽ സന്തോഷമുണ്ട്. കാഴ്ച നഷ്ടപ്പെടുത്തി ലോകജ്ഞാനം നേടാൻ പുറപ്പെട്ട ഓഡ്‌വിൻ എന്ന മിത്തിക്കൽ കഥാപാത്രത്തെയും സിദ്ധാർഥിന്റെ നായകനിൽ വായിച്ചെടുക്കാം..’’ പല അടരുകകളിൽ പല വായനയ്ക്കും പല കേൾവിക്കും സാധ്യമാകുന്ന സംഗീതവിഡിയോയാണ് ഒബ്ലിവിയോണിന്റേതെന്നു പറയുന്നു ശാന്തി. എ. ആർ റഹ്മാനാണ് മ്യൂസിക് വിഡിയോ ലോഞ്ച് ചെയ്തതെന്ന പ്രത്യേകത കൂടിയുണ്ട് ഒബ്ലിവിയോണിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com