ADVERTISEMENT

തിരുവനന്തപുരം ∙ കർണാടക സംഗീതത്തിൽ ‘കേരള പട്ടമ്മാൾ’ എന്നറിയപ്പെട്ടിരുന്ന പാറശാല ബി. പൊന്നമ്മാൾ (96) ഇനി സംഗീതസാന്ദ്രമായ ഓർമ. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു വലിയശാല വ്യാസ അഗ്രഹാരത്തിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 10നു വലിയശാല ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ.

8 പതിറ്റാണ്ട് ശുദ്ധസംഗീതത്തിന്റെ നറുനിലാവായി ആസ്വാദക മനം നിറച്ച പൊന്നമ്മാളിനെ 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിലെ ആദ്യ വിദ്യാർഥിനിയും അവിടത്തെ ആദ്യത്തെ അധ്യാപികയുമാണ്. പിന്നീട് തൃപ്പൂണിത്തുറ ആർഎൽവി കോളജ് പ്രിൻസിപ്പലായപ്പോൾ ഒരു സംഗീത കോളജിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയായി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കുതിരമാളികയിൽ നടക്കുന്ന വിഖ്യാതമായ നവരാത്രി സംഗീതോത്സവത്തിൽ പാടിയ ആദ്യ വനിതയും പൊന്നമ്മാളാണ്– 2006 ൽ. 

വിഖ്യാത സംഗീതജ്ഞ ഡി.കെ. പട്ടമ്മാളിന്റെ ആലാപന ശൈലിയോടും മികവിനോടുമുള്ള സാമ്യം മൂലമാണ് ‘കേരള പട്ടമ്മാൾ’ എന്ന വിളിപ്പേരു വന്നത്. ആകാശവാണിയിലെയും ദൂരദർശനിലെയും എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. തിരുവനന്തപുരം പുന്നപുരം, കോട്ടൺഹിൽ സ്കൂളുകളിലും സംഗീതാധ്യാപികയായിരുന്നു.

നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ. രാമചന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, ഡോ. കെ. ഓമനക്കുട്ടി, പി.ആർ. കുമാരകേരളവർമ തുടങ്ങിയ വിഖ്യാത സംഗീതജ്ഞർ പൊന്നമ്മാളിന്റെ ശിഷ്യരാണ്. 

1965 ൽ ഗായകരത്നം പുരസ്കാരം ലഭിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്, കേരള സംഗീതനാടക അക്കാദമി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ സ്വാതി പുരസ്കാരം, നിശാഗന്ധി പുരസ്കാരം, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

പരേതനായ ആർ. ദേവനായകം അയ്യരാണു ഭർത്താവ്. മക്കൾ: മഹാദേവൻ (റിട്ട. ബിഎസ്എൻഎൽ), സുബ്രഹ്മണ്യം (റിട്ട. ആർബിഐ), പരേതരായ രാമസ്വാമി, കമല, ലളിത. മരുമക്കൾ: മരതകം (റിട്ട. ബാങ്ക് ഓഫ് ബറോഡ), പത്മ, പ്രഭ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com