ADVERTISEMENT

അധ്യാപികയും വഴികാട്ടിയും എന്നതിലുപരി ജീവിതത്തിൽ എന്നും അമ്മയുടെ സ്ഥാനത്തായിരുന്നു പൊന്നമ്മാൾ ടീച്ചർ. സ്വാതിതിരുനാൾ സംഗീത കോളജിൽ ടീച്ചറുടെ സമകാലികരായി പഠിച്ചവരാണ് എന്റെ അമ്മ കമലാക്ഷി അമ്മയും ആറന്മുള പൊന്നമ്മയും ഉൾപ്പെടെയുള്ളവർ. കൂട്ടത്തിൽ എറ്റവും പ്രായം കുറഞ്ഞയാൾ ടീച്ചറായിരുന്നു.

ജാതിപരമായ വേർതിരിവുകൾ നിലനിന്ന ഒരു കാലത്ത് അതൊന്നുമില്ലാതെ ടീച്ചർ എല്ലാവരോടും ഇടപെട്ടിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ നാടായ ഹരിപ്പാട്ടുനിന്നു തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം അമ്മ ഞങ്ങളെയും കൂട്ടി ടീച്ചറെ കാണാൻ പോകുമായിരുന്നു. ടീച്ചർ അപ്പോഴേക്കും സംഗീതകോളജിൽ അധ്യാപികയായിരുന്നു.

പ്രീഡിഗ്രി പഠനത്തിനായി ഞാൻ തിരുവനന്തപുരം വിമൻസ് കോളജിൽ ചേർന്ന സമയത്തു സംഗീതകോളജിൽ ടീച്ചറുടെ ശിഷ്യനായിരുന്നു ചേട്ടൻ എം.ജി. രാധാകൃഷ്ണൻ. പിന്നീടു ഞാനും ഡിഗ്രിക്കു ശേഷം സംഗീതകോളജിൽ ചേർന്നതോടെ എന്റെയും ഗുരുവായി. 

ക്ലാസിൽ എല്ലാ കുട്ടികളും ഒരുപോലെ ജ്ഞാനമുള്ളവരാകില്ല. പക്ഷേ, ഓരോ കുട്ടിക്കും പാഠങ്ങൾ മനസ്സിലാകുന്ന തരത്തിൽ പ്രത്യേക പരിഗണനയോടെയാണു ടീച്ചർ പഠിപ്പിക്കുക. അത്രമാത്രം ക്ഷമയും ഉണ്ടായിരുന്നു. ഒരിക്കലും ടീച്ചർ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. ശാന്ത പ്രകൃതം. സംഗീതത്തിലും വ്യക്തിജീവിതത്തിലും ടീച്ചറുടെ സമീപനവും അതായിരുന്നു.

ഒന്നാംതരം പാരമ്പര്യശുദ്ധമായ സംഗീതമായിരുന്നു ടീച്ചറുടേത്. അതു സമ്പൂർണവുമായിരുന്നു. ഒരു രാഗത്തിൽ എന്തെല്ലാമുണ്ടോ അതെല്ലാം ആ ആലാപനത്തിൽ വന്നിരിക്കും. ഡി.കെ.പട്ടമ്മാളിന്റെ ശൈലിയോട് ഉപമിച്ചിരുന്നതും അതുകൊണ്ടാണ്. തോടിയിൽ ‘ശ്രീകൃഷ്ണ ഭജമാനസം’ എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതി ടീച്ചർ പാടുന്നതൊക്കെ ഒരിക്കലും മായാതെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ആകാശവാണിയുടെ ഉദയഗീതത്തിൽ ടീച്ചർക്കൊപ്പം പാടാനായത് എനിക്കു ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ്.  എന്റെ പല കച്ചേരികൾക്കും ടീച്ചർ വരാറുണ്ട്. മുൻനിരയിൽ ഇരിക്കും. 

വലിയശാലയിലെ ടീച്ചറുടെ വീട് സ്നേഹവും സംഗീതവും ഒരുപോലെ നിറയുന്നൊരിടമായിരുന്നു. പാട്ടു പഠിപ്പിക്കുക മാത്രമല്ല, പായസം ഉൾപ്പെടെ ഒരുക്കി വിളമ്പുകയും ചെയ്യും.

ചേട്ടൻ എം.ജി. രാധാകൃഷ്ണന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ഒരു വർഷം ടീച്ചർക്കായിരുന്നു. സ്വന്തം ശിഷ്യന്റെ ഓർമയ്ക്കായുള്ള ആ പുരസ്കാരം കണ്ണീരോടെയാണു ടീച്ചർ ഏറ്റുവാങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com