ADVERTISEMENT

പാറശാലക്കാരി പൊന്നമ്മാൾ 15–ാം വയസ്സിലാണു തന്നെക്കാൾ എത്രയോ മുതിർന്നവർക്കൊപ്പം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ വിദ്യാർഥിയാകുന്നത്. അവിടെ പഠിക്കാനെത്തുന്ന ആദ്യ പെൺകുട്ടി! അപേക്ഷിക്കാതെ തന്നെ പൊന്നമ്മാളിനെ നിർബന്ധിച്ചു കോളജിലെത്തിച്ചതു പ്രിൻസിപ്പലായിരുന്ന മുത്തയ്യ ഭാഗവതർ. 

രണ്ടുവർഷത്തെ ‘ഗായിക’കോഴ്സിന്റെ ഒന്നാം വർഷ ക്ലാസിൽ മൂന്നു ദിവസമേ ഇരിക്കേണ്ടി വന്നുള്ളൂ. അസാമാന്യ പ്രതിഭയ്ക്കുള്ള അംഗീകാരമായി നേരെ രണ്ടാം വർഷ ക്ലാസിലേക്കു സ്ഥാനക്കയറ്റം. പക്ഷേ, മുതിർന്നവർക്കൊപ്പം പഠിച്ച പൊന്നമ്മാൾ കോഴ്സുകളെല്ലാം പൂർ‌ത്തിയാക്കിയത് ഒന്നാം റാങ്കോടെ. അവിടെ നിന്നു തുടങ്ങി പത്മശ്രീ പുരസ്കാരം വരെ നീണ്ട ജീവിതത്തിലെ നേട്ടങ്ങളെല്ലാം അപേക്ഷിക്കാതെ ഈശ്വരനിശ്ചയത്താൽ കൈവന്നതാണന്ന് എന്നും വിനയത്തോടെ പറഞ്ഞിരുന്നു പാറശാല ബി.പൊന്നമ്മാൾ. പകരം വയ്ക്കാനില്ലാത്ത ചരിത്രഏടുകൾ ബാക്കിയാക്കിയാണു കേരളത്തിന്റെ സംഗീത തറവാട്ടമ്മ യാത്രയാകുന്നത്. 

പൊന്നമ്മാളിനു സംഗീതകോളജിലേക്കുള്ള വഴി തുറന്നതു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ ജന്മദിനത്തോടനുബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച സംഗീത മത്സരമാണ്. ഏഴാം വയസ്സിൽ തുടങ്ങിയ സംഗീതപഠനമായിരുന്നു കൈമുതൽ. അച്ഛൻ മഹാദേവ അയ്യർക്കൊപ്പം മത്സരത്തിനെത്തിയ പൊന്നമ്മാൾ പക്ഷേ മുതിർന്നവരോടു മത്സരിച്ച് ഒന്നാം സ്ഥാനം നേടി. സ്വാതി തിരുനാൾ സംഗീത അക്കാദമി പ്രിൻസിപ്പലായിരുന്ന മുത്തയ്യ ഭാഗവതരും അധ്യാപകനായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുമായിരുന്നു വിധികർത്താക്കൾ. 

 മകളെ സംഗീതകോളജിൽ അയയ്ക്കണമെന്നു മഹാദേവ അയ്യരോടു മുത്തയ്യ ഭാഗവതർ പറഞ്ഞെങ്കിലും പാറശാലയിൽ നിന്നു വന്നു പോകാനുള്ള അസൗകര്യം കാരണം അദ്ദേഹം വിസമ്മതിച്ചു. പുതിയ ബാച്ച് ആരംഭിക്കാൻ സമയമായപ്പോൾ മുത്തയ്യ ഭാഗവതർ ദൂതനെ പ്രവേശന കാർഡുമായി വീണ്ടും പൊന്നമ്മാളിന്റെ വീട്ടിലേക്ക് അയച്ചു.  സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യർ ആ നിർബന്ധത്തിനു വഴങ്ങിയാണു കുടുംബമായി തിരുവനന്തപുരത്തെ വലിയശാലയിലേക്കു ചേക്കേറുന്നത്. ഗായികകോഴ്സ് കഴിഞ്ഞു സ്കൂളിൽ സംഗീതാധ്യാപികയായിരിക്കെയാണു പൊന്നമ്മാൾ ഗാനപ്രവീണ, ഗാനഭൂഷണം കോഴ്സുകളും ഒന്നാം റാങ്കോടെ വിജയിച്ചത്. അതോടെ പഠിച്ച കോളജിൽ ആദ്യത്തെ അധ്യാപികയുമായി. പിന്നെയും സംഗീതചരിത്രത്തിലെ ‘ആദ്യ വനിത’ സ്ഥാനങ്ങൾ പലതും പൊന്നമ്മാളിനെ കാത്തിരിക്കുകയായിരുന്നു. 

കലർപ്പില്ലാത്ത സംഗീതം

കർണാടക സംഗീതത്തിന്റെ പരമ്പരാഗതശൈലി അണുവിട തെറ്റാതെ പിന്തുടരുകയായിരുന്നു ആദ്യംമുതൽ പൊന്നമ്മാൾ. ശാസ്ത്രീയസംഗീതമല്ലാതെ മറ്റൊന്നിലേക്കും പരീക്ഷണാർഥം പോലും വഴിമാറാനും തയാറായില്ല. 16–ാം വയസ്സിൽ ‘ഭക്ത പ്രഹ്ലാദ’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാടിയെങ്കിലും ആ മേഖലയിൽ തുടരാൻ ഒട്ടും താൽപര്യം തോന്നിയില്ലെന്നു പൊന്നമ്മാൾ പറഞ്ഞിട്ടുണ്ട്.

തുടക്കത്തിൽ ഉത്സവവേദികളിലും വിവാഹാഘോഷ വേദികളിലുമെല്ലാം പാടിയിരുന്ന പൊന്നമ്മാളിന്റെ ശൈലിയും ശബ്ദവും അതിവേഗം ഖ്യാതി നേടി. തിരുച്ചിറപ്പള്ളി ആകാശവാണി നിലയത്തിൽ‌നിന്നു ക്ഷണം ലഭിച്ചു. കച്ചേരിക്ക് ആദ്യപ്രതിഫലം 25 രൂപ. അതു പിന്നീട് 60 രൂപയായി. ബി.പൊന്നമാളിനെ സ്വദേശം ചേർത്തു പാറശാല പൊന്നമ്മാളാക്കിയതും തിരുച്ചിറപ്പള്ളി നിലയമാണ്. മറ്റൊരു പൊന്നമ്മാളും അവിടെ ഗായികയായി ഉണ്ടായിരുന്നതിനാലായിരുന്നു ഈ പേരു പരിഷ്കരണം. 

parassala-b-ponnammal-3

തിരുവനന്തപുരത്ത് ആകാശവാണി നിലയം ആരംഭിച്ചതു മുതൽ നിത്യസാന്നിധ്യമായി പൊന്നമ്മാളിന്റെ ശബ്ദം. ഇതിനിടെ സ്വദേശത്തും മറുനാട്ടിലുമായി ഒട്ടേറെ കച്ചേരികൾ. ദക്ഷിണേന്ത്യയിലാകെ പൊന്നമ്മാളിന്റെ കച്ചേരികൾക്ക് ആസ്വാദകർ ഏറെയായിരുന്നു. വിഖ്യാതരായ സംഗീതജ്ഞരിൽ പലരും അപൂർവരാഗങ്ങളിലെ കീർത്തനങ്ങൾ കച്ചേരികളിൽ പാടിയപ്പോൾ സുപരിചിത രാഗങ്ങളിലെ അപൂർവ കീർത്തനങ്ങൾ അവതരിപ്പിച്ചാണു പൊന്നമ്മാൾ കീർത്തി നേടിയത്. വീണയും വായിക്കുമായിരുന്നു. 

പൊന്നമ്മാളിന്റെ ‘ഗുരുവായൂർ പുരേശ സുപ്രഭാതം’ പ്രസിദ്ധമാണ്. ഗുരുവായൂർ ഏകാദശി ദിവസം പാരായണം ചെയ്യാൻ ജ്‌ഞാനാനന്ദ സരസ്വതി രചിച്ച കൃതി 1965ൽ ആണു റിക്കോർഡ് ചെയ്തത്.  തൃശ്ശിവപുരേശ സുപ്രഭാതം, മീനാംബിക സ്‌തോത്രം, ശ്രീപത്മനാഭ ശതകം, ഉത്സവപ്രബന്ധം, കുചേലോപാഖ്യാം തരംഗിണി, നവഗ്രഹ കൃതി, നവരാത്രി കൃതി, രാമാഷ്‌ടപദി, കെ.സി.കേശവപിള്ളയുടെ കൃതികൾ, ഇരയിമ്മൻ തമ്പിയുടെ കൃതികൾ, ശ്യാമശാസ്‌ത്രിയുടെ സ്വരജതികൾ എന്നിവയും പൊന്നമ്മാളിന്റെ സ്വരത്തിൽ ജനപ്രിയമായി.

സ്വാതി തിരുനാൾ സംഗീത കോളജിൽ പഠിച്ച ആദ്യ പെൺകുട്ടി, കോളജിലെ ആദ്യത്തെ അധ്യാപിക. സംഗീതചരിത്രത്തിലെ ‘ആദ്യവനിത’ സ്ഥാനങ്ങൾ പലതും തേടിയെത്തി. കേരളത്തിന്റെ സംഗീത തറവാട്ടമ്മ യാത്രയാകുന്നതു പകരം വയ്ക്കാനില്ലാത്ത ചരിത്രഏടുകൾ ബാക്കിയാക്കി... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com