ADVERTISEMENT

ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും കലാ ലോകം മുക്തമായിട്ടില്ല. അദ്ദേഹത്തോട് ഏറെ ആത്മബന്ധം പുലർത്തിയിരുന്ന ശ്രീകുമാരൻ തമ്പി ഓർമ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും തന്റെ ദുഃഖത്തിന്റെ ആഴം വിവരിക്കുകയാണ് ഇപ്പോൾ. ‘ഓർമ്മകൾ മരിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ പൂവച്ചൽ ഖാദറിനൊപ്പമുള്ള ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പൂവച്ചൽ ഖാദറിന്റെ വിയോഗവേളയിൽ ശ്രീകുമാർ തമ്പി കുറിച്ച വാക്കുകളും ആരാധകരെ ദുഃഖിപ്പിക്കുകയാണ്. 

ശ്രീകുമാരൻ തമ്പിയുടെ സമൂഹമാധ്യമ കുറിപ്പിന്റെ പൂർണ രൂപം:

ഒടുവിൽ പൂവച്ചൽ ഖാദറും പോയി. രണ്ടു വർഷങ്ങളായി ഖാദർ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. നടക്കുമ്പോൾ തല ചുറ്റുന്നതു പോലെ തോന്നും എന്നു പറയും. ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി കാണുമായിരുന്നു. കൊറോണ കാലമായപ്പോൾ ആശയവിനിമയം ഫോണിലൂടെ മാത്രമായി. വ്യക്തിജീവിതത്തിലും ഖാദർ എന്നെ സ്വന്തം ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു. ഖാദറിന്റെ രണ്ടു പെണ്മക്കളുടെ വിവാഹങ്ങളോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകളിൽ പോലും ഖാദർ അദ്ദേഹത്തിന്റെ തൊട്ടടുത്ത് എന്നെ നിർബ്ബന്ധിച്ച് ഇരുത്തുകയുണ്ടായി. ഖാദറിന്റെ കൊച്ചുമക്കൾക്ക് ഞാൻ തമ്പിയപ്പൂപ്പനാണ്. നഷ്ടങ്ങളുടെ കഥ തുടരുന്നു. കാവ്യകുടുംബത്തിലെ അനുജന്മാർ യാത്ര പറയുമ്പോൾ ജ്യേഷ്ഠനായ ഞാൻ നിസ്സഹായനായി എല്ലാം കണ്ടു നിൽക്കുന്നു. ആദിയെവിടെ അന്ത്യമെവിടെ പായുന്നു കാലമാം പടക്കുതിര.

ജൂൺ 22നാണ് പൂവച്ചൽ ഖാദർ വിടവാങ്ങിയത്. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിലിരിക്കവെയായിരുന്നു അന്ത്യം. മുന്നൂറ്റിയൻപതിലേറെ സിനിമകൾക്കായി ആയിരത്തിലേറെ ഗാനങ്ങൾക്കൊപ്പം ഒട്ടേറെ ലളിത ഗാനങ്ങളും നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. ‘കളിവീണ’ എന്ന കവിത സമാഹരവും രചിച്ചു.കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പ്രിയ പാട്ടെഴുത്തുകാരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com