ADVERTISEMENT

പട്ടണപ്രവേശമെന്ന ചിത്രത്തിൽ ‘സൗഭാഗ്യം വാതിൽ തുറക്കും സന്താപം പമ്പകടക്കും’ എന്ന ഗാനമാലപിച്ച കൊച്ചിൻ ഇബ്രാഹിമിനു ഹിന്ദി സിനിമാ ലോകത്തേക്കുള്ള സൗഭാഗ്യവാതിൽ തുറന്നു നൽകിയതു മഹാനടൻ ദിലീപ് കുമാറായിരുന്നു. മുംബൈയിലേക്കുള്ള ഇബ്രാഹിമിന്റെ പട്ടണപ്രവേശത്തിനു ദിവസങ്ങൾക്കകംതന്നെ ഹിന്ദി സിനിമയിൽ പാടാനും സൗഭാഗ്യമൊരുങ്ങി. ദിലീപ് കുമാറിന്റെ സാന്നിധ്യത്തിൽ റിക്കോർഡിങ്. ഉഷാ ഖന്നയുടെ സംഗീതസംവിധാനം. എന്നാൽ, ‘ആത്മരക്ഷ’ എന്ന ചിത്രത്തിലെ ‘ജോ ഭി തുംസെ സുൽമ് കരേ’ എന്ന ഗാനവും ആ ചിത്രവും വെളിച്ചം കണ്ടില്ല.

 

മഹാ നടന്റെ വിയോഗം ഇങ്ങു കൊച്ചിയിൽ ഗായകൻ കൊച്ചിൻ ഇബ്രാഹിമിനു സൃഷ്ടിക്കുന്നതു ഹൃദയം നുറുങ്ങുന്ന വേദനയാണ്. 1986–87കാലത്തായിരുന്നു ദിലീപ് കുമാറിന്റെ കൊച്ചി സന്ദർശനം. അന്നു നാവികസേന ദക്ഷിണമേഖലാ മേധാവിയായിരുന്ന വൈസ് അഡ്മിറൽ കെ.കെ. നയ്യാറിനു ദിലീപ്കുമാറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം ദിലീപ് കുമാറിനും സംഘത്തിനും നേവൽ ബേസിലെ ഓഡിറ്റോറിയത്തിൽ ഒരു സംഗീതവിരുന്നൊരുക്കി. പാടാനായി കൊച്ചിൻ ഇബ്രാഹിമിനെയും സംഘത്തെയും ഏൽപിച്ചു.

 

തുടക്കത്തിൽതന്നെ ഇബ്രാഹിം പാടിയതു ദിലീപ് കുമാറിനു പ്രിയപ്പെട്ട ‘മധുബന് മേ രാധികാ നാച്ചെ രേ…’ എന്ന ഗാനം. പാട്ടു കഴിഞ്ഞയുടൻ അദ്ദേഹം വന്ന് ആശ്ലേഷിച്ചു. അന്നു വൈകിട്ട് അദ്ദേഹത്തിനായി വൈസ് അഡ്മിറൽ നയ്യാർ ഒരുക്കിയ വിരുന്നിലേക്ക് ഇബ്രാഹിമിനും ക്ഷണം ലഭിച്ചു. വിരുന്നിനിടെയാണു ഇബ്രാഹിമിനെ ദിലീപ് കുമാർ മുംബൈയിലേക്കു ക്ഷണിച്ചത്. 36 വയസ്സായിരുന്നു അന്ന് ഇബ്രാഹിമിന്. അവിടെ മുഹമ്മദ് ഭായ് എന്ന സിനിമാ നിർമാതാവിനെ പരിചയപ്പെട്ടു. ദിലീപ്കുമാറുമായുള്ള പരിചയം പറഞ്ഞായിരുന്നു പരിചയപ്പെടൽ. പാടാൻ അവസരംതന്നു, പക്ഷേ, ഒരു നിബന്ധന വച്ചു.

 

റിക്കോർഡിങ്ങിന് ദിലീപ് കുമാറിനെ എത്തിക്കണം. ഇബ്രാഹിം ബാന്ദ്രയിലെ വസതിയിലെത്തി ദിലീപ് കുമാറിനെ കണ്ടു. മെഹ്ബൂബ് സ്റ്റുഡിയോയിലെ റെക്കോർഡിങ്ങിനു ദിലീപ് കുമാർ എത്തിയപ്പോൾ സർവർക്കും വിസ്മയം. അങ്ങനെ ദിലീപ്കുമാറിനു മുന്നിൽ വീണ്ടും പാടി, ‘‘ജോ ഭി തുംസെ സുൽമ് കരേ’. ഉഷാ ഖന്നയ്ക്കും നിർമാതാവിനും ദിലീപ് കുമാറിനുമെല്ലാം സന്തോഷം. എന്നാൽ, ആ ചിത്രം എന്തുകൊണ്ടോ പുറത്തുവന്നില്ല. പിന്നീട് അവസരങ്ങളൊന്നും ഒത്തുവരാതിരുന്നതോടെ നാട്ടിലേക്കു തിരിച്ചുവന്നു. മലയാളത്തിൽ 16 ചിത്രങ്ങളിൽ കൊച്ചിൻ ഇബ്രാഹിം പാടി.

 

1969 മാർച്ചിലും ദിലീപ് കുമാർ കൊച്ചിയിലെത്തിയിരുന്നു. അന്നു സുനിൽദത്ത് അടക്കമുള്ള താരങ്ങൾ ഒപ്പമുണ്ടായിരുന്നു. മുസ്‌ലിം എജ്യുക്കേഷനൽ സൊസൈറ്റിയുടെയും ക്രസന്റ് എജ്യുക്കേഷനൽ സെന്ററിന്റേയും ധനശേഖരണാർഥം മഹാരാജാസ് കോളജ് മൈതാനത്തു നടന്ന താരനിശയിൽ അദ്ദേഹം പങ്കെടുത്തു. അന്നത്തെ വ്യവസായ മന്ത്രി ടി.വി.തോമസാണു പരിപാടി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായിരുന്ന സി.എച്ച്.മുഹമ്മദ് കോയയും അവുക്കാദർ കുട്ടിനഹയുമെല്ലാം പങ്കെടുത്തു. സുനിൽദത്തായിരുന്നു ആങ്കർ. പ്രേംനസീറും അടൂർ ഭാസിയും ഷീലയുമെല്ലാം അന്നു വേദിയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com