ADVERTISEMENT

മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് അനാവശ്യ ചർച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഗായകൻ നജിം അർഷാദ് രംഗത്ത്. ഗായകന്റെ മതവിശ്വാസം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്ത ഒരു ഓൺലൈൻ മാധ്യമം നൽകിയതിനു പിന്നാലെ അതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കിട്ടുകൊണ്ടാണ് നജീമിന്റെ പ്രതികരണം. ‘താൻ ഇസ്‌ലാം ആണെന്നു കരുതിയവർക്കു മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തി ഗായകൻ നജിം അര്‍ഷാദ്, താരത്തിന്റെ മാതാപിതാക്കൾ ആരാണെന്ന് അറിയുമോ’ എന്ന തലക്കെട്ടോടെയാണ് ഓൺലൈൻ മാധ്യമം വാർത്ത പ്രചരിപ്പിച്ചിത്. തന്റെ മതവിശ്വാസത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയതിനോട് രൂക്ഷമായ ഭാഷയിലാണ് നജിം അർഷാദ് പ്രതികരിച്ചത്. 

 

 

‘ഇങ്ങനൊരു പ്രസ്താവന ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്റെ  ഉമ്മയുടെ പേര് റഹ്‌മ. പേര് മാറ്റിയിട്ട് 45 വർഷം ആയി. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ്. ഞാൻ ജനിച്ചത് ഇസ്‌ലാം ചുറ്റുപാടിൽ തന്നെ ആണ്. വളർന്നതും. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ. മാറ്റി തരാം. നിങ്ങളുടെ ഫേസ്ബുക് പേജ്  ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ. ഞാൻ എല്ലാവർക്കും വേണ്ടി പാടും. അതെന്റെ പ്രഫഷൻ ആണ്’, നജിം അർഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

 

ഗായകന്റെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. കമന്റുകളിൽ പലതിനും നജിം മറുപടി പറയുന്നുമുണ്ട്. തന്റെ ഉമ്മ വിവാഹത്തിനു ശേഷം മതം മറിയതാണെന്നും അതു സംബന്ധിച്ച് മൂന്നു വർഷത്തോളമായി ഇത്തരം ചർച്ചകൾ നടക്കുന്നു എന്നും നജിം പറഞ്ഞു. ഇത്രയും കാലം മനഃപൂർവം മറുപടി കൊടുക്കാതിരുന്നതാണെന്നും ഗായകൻ കൂട്ടിച്ചേർത്തു. ജാതിയും മതവും പറഞ്ഞ് പലരും നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി എല്ലാം നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കുറേയായി ക്ഷമിക്കുന്നു എന്നും നജിം കമന്റുകൾക്കു മറുപടിയായി കുറിച്ചു. ഓൺലൈൻ മാധ്യമവാർത്തയും നജീമിന്റെ പോസ്റ്റും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു തുടക്കം കുറിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com