ADVERTISEMENT

സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ഒരുക്കിയ ‘അവനി വാഴ്‌വ് കിനാവ്’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. ലോകം മുഴുവൻ സുഖം പ്രാപിക്കാനുള്ള പ്രാർഥനാഗീതമായാണ് പാട്ടൊരുക്കിയിരിക്കുന്നത്. അജീഷ് ദാസന്റേതാണു വരികൾ. ഹരിചരൺ ഗാനം ആലപിച്ചിരിക്കുന്നു. സ്റ്റീഫന്‍ ദേവസ്സിയും നടൻ കൈലാഷും സംഗീതസംവിധായകൻ ബിജിബാലും ആണ് ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജോളി ജോസഫ് ആണ് ‘അവനി വാഴ്‌വ് കിനാവി’ന്റെ നിർമാണ‌ം. ആൽബത്തെക്കുറിച്ചും നിർമാണപ്രവർത്തനങ്ങളെക്കുറിച്ചു ജോളി ജോസഫ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ. 

 

‘ഏകദേശം ഒന്നര വർഷമായി കോവിഡ് ക്വാറന്റീന്‍ രംഗത്ത് പ്രവർത്തിക്കുന്ന ഞാൻ ഒരുപാട് നഷ്ടപെട്ട ജീവിതങ്ങൾ കണ്ടു. നാളെ നന്നാവും എന്ന ശുഭ പ്രതീക്ഷയോടെ ജീവിക്കുന്ന ഒരുപാട് ആളുകളെ കണ്ടു. ഭയമില്ലാതെ, ഒന്നും നേടാനില്ലാതെ മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് നല്ല ജന്മങ്ങളെയും കണ്ടു. നാടിന്റെ അവസ്ഥ മനസ്സിലാക്കി നാളത്തെ പൊൻപുലരിയെ പ്രതീക്ഷിക്കുന്ന ഒരു പാട്ടെഴുതിത്തരാൻ പ്രിയ സുഹൃത്ത് അജീഷ് ദാസനോട് ആവശ്യപ്പെട്ടു, രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ഹൃദയത്തിൽ തട്ടുന്ന പദ്യവുമായി അജീഷെത്തി. സ്റ്റേജുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന സ്റ്റീഫനെക്കാൾ വർഷങ്ങളായി എനിക്കടുത്തറിയാവുന്ന കൂട്ടുകാരനായ, സംഗീതജ്ഞനായ സ്റ്റീഫൻ ദേവസ്സി ഒരു സംഗീതാസ്വാദകൻ മാത്രമായ കച്ചോടക്കാരനായ എനിക്ക് അഞ്ചാറ് കോമ്പോസിഷൻസ് അയച്ചു തന്നു. അതിൽ ഒരെണ്ണം എന്റെ ആത്മാവിലോട്ടു കയറി. ഞാനും അവനും അതിൽ ചുറ്റിപിടിച്ചു.

 

അതിനിടയിൽ കൈലാഷും ഞങ്ങടെ സ്വന്തം അജുമാഷും രംഗത്തെത്തി പിന്നെ രംഗം ചൂടുപിടിച്ചു. പദ്യമായി ഗദ്യമായി സംഗീതമായി. ആര് പാടും എന്നതായി പിന്നെ ചിന്ത. അവസാനം മലയാളത്തിലെ ഒരു വലിയ പാട്ടുകാരനിൽ ഉറപ്പിച്ചു. ഇന്ത്യയിലെ പലഭാഗത്തുള്ള ഞങ്ങൾക്കു കോവിഡ് മൂലം റെക്കോർഡിങ് നടത്തിയെടുക്കാൻ ബുദ്ധിമുട്ടായി. ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തെ ഞാൻ ഒഴിവാക്കേണ്ടതായി വന്നു. അതിനിടയിൽ ഞങ്ങളെല്ലാവരും വീണ്ടും പലദിക്കിലായി. കണ്ടൈൻമെന്റ് സോണായി, ലോക്‌ഡോൺ ആയി, പിന്നെയും എല്ലാം വൈകി. ഒരു സുപ്രഭാതത്തിൽ സ്റ്റീഫൻ ഹരിചരനെയും വീണയുടെ ഉസ്താദ് രാജേഷ് വൈദ്യയും കൂടെ കൂട്ടി ചെന്നൈയിൽ വച്ച് പാട്ടെടുത്തു. ഇനി ദൃശ്യവൽക്കരണം എപ്പോൾ എങ്ങനെ എന്നായി ചിന്ത. ഷൂട്ടിങ് നടത്താനാവാതെ വീണ്ടും വൈകി. നാലഞ്ച് തിരക്കഥകൾ മാറ്റി എഴുതി. അപ്പോഴാണ് സുധി അന്നയും ആഷിക് അബുവിന്റെ 'നാരദന്റെ ' ക്യാമറാമാൻ സുശാന്ത് ശ്രീനിയും രംഗത്തേക്കു വന്നത്. സുശാന്ത് വഴി എഡിറ്റർ അരുൺ രവിയും എത്തി. പിന്നെ ആഗ്രഹിച്ച ലൊക്കേഷനുകളിൽ പോകാൻ സാധിക്കാതെ ഇൻഡോർ ഷൂട്ടിങ് പ്ലാൻ ചെയ്തു. മുംബൈയിൽ താമസിക്കുന്ന സ്റ്റീഫനെ കാത്തിരിപ്പായി. അവൻ വന്ന ദിവസം ലൊക്കേഷൻ ഏരിയ കണ്ടൈൻമെന്റ് സോണായി. ഉടനെ അടുത്ത ലൊക്കേഷൻ തപ്പുമ്പോൾ നടൻ ജൈസ്ജോസ് വഴി സംഗതി ശരിയാക്കി പക്ഷെ ഷൂട്ടിങ്ങിന്റെ ദിവസം വരാമെന്നേറ്റ ഒരു വലിയ നടൻ വന്നില്ല. പക്ഷെ ഉടനെ പാപപരിഹാരമായി. അതിനിടയിൽ ദൈവദൂതനായി ബിജിബാലെത്തി. അവസാനം കൈലാഷിന്റെ നേതൃത്വത്തിൽ രാത്രികൾ പകലാക്കി പരിപാടികൾ ഗംഭീരമാക്കി.

 

എം ജി യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ അജുമാഷ് ടൈറ്റിൽ തന്നു 'അവനി വാഴ്‌വ് കിനാവ്' എല്ലാം എന്റെ കിനാവുകളായിരുന്നു, പക്ഷെ കിനാവ് സത്യമായി. കുമാരനാശാന്റെ 'വീണപൂവിലെ' വരികളുടെ ചുവടുപിടിച്ചെങ്കിലും ഞങ്ങളുടെ 'അവനി വാഴ്‌വ് കിനാവ്' സ്റ്റീഫൻ ദേവസ്സിയുടെ വളരെ പോസിറ്റിവായ നന്മയുള്ള സംഗീതമാണ്’. 

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ 'അവനി വാഴ്‌വ് കിനാവ്' ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ പാട്ട് മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. നിരവധി പേര്‍ പാട്ട് പങ്കുവച്ചിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com