ADVERTISEMENT

ലാപ്ടോപ്പിലെ ‘ജലശയ്യയിൽ തളിരമ്പിളി’ എന്ന ഗാനം ചിട്ടപ്പെടുത്തുമ്പോഴേ അതിനു ജീവൻ നൽകേണ്ടതു കല്യാണി ആന്റിയാണെന്നുറപ്പിച്ചിരുന്നു. മാതൃത്വത്തിന്റെ മധുരമുള്ളൊരു താരാട്ടു പാട്ടിന് അതിലും യോജ്യമായ, ഭാവാത്മകമായ ശബ്ദം എന്റെ ഓർമയിലെങ്ങുമുണ്ടായിരുന്നില്ല. ആ പാട്ടിനെ മറ്റൊരു തലത്തിലേക്കുയർത്താൻ അവരിലെ ഗായികയ്ക്കാകുമെന്ന് എനിക്കത്രയ്ക്കുറപ്പായിരുന്നു.

 

പാടാൻ ക്ഷണിച്ചപ്പോൾ, ആന്റിക്കു സൗകര്യപ്രദമായ ദിവസം ചെന്നൈയിലെത്താമെന്നും അവിടെയുള്ള ഏതു സ്റ്റുഡിയോയിൽ വച്ചും റിക്കോർഡിങ് നടത്താൻ തയാറാണെന്നുമാണു ഞാൻ പറഞ്ഞത്. എന്നാൽ, ‘അതു വേണ്ട, ഞാൻ ശ്രീവത്സൻ പറയുന്നിടത്തു വന്നു പാടിക്കോളാം’ എന്നായിരുന്നു മറുപടി. എത്രയോ സീനിയർ ആയ ഗായിക ആയിട്ടും തലക്കനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ പെരുമാറ്റമാണ് അവരെ എല്ലാവരുടെയും പ്രിയങ്കരിയാക്കിയത്. തൃശൂരിലെ സ്റ്റുഡിയോയിലെത്തിയപ്പോഴാകട്ടെ എങ്ങനെയും എത്ര തവണയും പാടാൻ അവർ സന്നദ്ധയായിരുന്നു. എന്റെ മനസ്സിലുള്ളതു തുറന്നു പറയണമെന്നും ഉദ്ദേശിക്കുന്നത്ര പാട്ടു നന്നാക്കാൻ എത്ര പരിശ്രമിക്കാനും മടിയില്ലെന്നും ഓരോ നിമിഷവും ഓർമിപ്പിച്ചുകൊണ്ടിരുന്നു. ആ ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കരുത്തിലാണ് ആ പാട്ടു കുരുത്തത്.  താൻ പാടിയതിൽ ഏറെയിഷ്ടമുള്ള പാട്ടുകളിലൊന്നാണതെന്നു പിന്നീട് എത്രയോ വട്ടം എത്രയോ വേദികളിൽ ആന്റി ആവർത്തിച്ചു.

 

 മനസ്സിന്റെ ആഴങ്ങളിലേക്കൂളിയിട്ടിറങ്ങിച്ചെന്നു തണുപ്പും സുഖവും പകരുന്ന ശബ്ദമായിരുന്നു കല്ല്യാണി മേനോൻ. ആ ഗാനങ്ങൾ, സ്വരമാധുരി നമ്മെ എന്നും എപ്പോഴും ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കും. എന്നാൽ, മലയാളം സിനിമ ആ ഗായികയെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെന്നൊരു പരിഭവവും എന്റെ മനസ്സിലുണ്ട്.  

എനിക്കു കുടുംബാംഗം തന്നെയായിരുന്നു അവർ. എപ്പോൾ ചെന്നൈയിലെത്തിയാലും ആന്റിയുടെ വീട്ടിലാണു തങ്ങിയിരുന്നത്. രാപാർക്കാൻ ഹോട്ടൽ മുറി തേടിപ്പോകാൻ അനുവദിക്കാതെ അമ്മയുടെ വാത്സല്യം ആന്റി എനിക്കായി കാത്തിരുന്നു. ചെന്നൈയിൽ എന്റെ കച്ചേരികൾ കേൾക്കാനും മുടങ്ങാതെ എത്തി. കാത്തിരിപ്പിന്റെയും കരുതലിന്റെയും ആ സ്നേഹസ്വരം ഇനി ഇല്ലെന്നത് എന്നും മനസ്സിനു നൊമ്പരമാണ്; ആ സംഗീതം നിലയ്ക്കുന്നത് ആസ്വാദകർക്കു തീരാനഷ്ടവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com