ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചവർക്കു കടുത്ത ഭാഷയിൽ മറുപടി നൽകി ഗായകൻ അദ്നാൻ സമി. ഗായകന്റെ പിതാവ് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്നായിരുന്നു പ്രചരിച്ച ട്രോള്‍. ഇന്ത്യയും പാക്കിസ്ഥാനും അടുത്തടുത്ത ദിവസങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് സമി ട്വിറ്ററിൽ ഇങ്ങനെ ഒരു ചോദ്യം നേരിട്ടത്. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം തന്നെയാണ് അദ്നാൻ സമിയുടെ ജന്മദിനവും. തലേദിവസം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച പാക്കിസ്ഥാൻ ആണോ സമിയുടെ പിതാവ് എന്ന ദുരുദ്ദേശപരമായ ചോദ്യത്തെയാണ് സമി കടുത്ത ഭാഷയിൽ നേരിട്ടത്.

 

ഇന്ത്യയുമായും പാക്കിസ്ഥാനുമായും ബന്ധമുള്ള ഒരു വ്യക്തി എന്ന നിലയിൽ അദ്നാൻ സമി ഇരു രാജ്യങ്ങളുടെയും സ്വാതന്ത്രദിനാഘോഷവേളയിൽ തന്നെ ജന്മദിനം ആഘോഷിക്കുന്നത് രസകരമായ ഒരു യാദൃച്ഛികതയാണ്. 2016ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചതിനു ശേഷം പാക്കിസ്ഥാനിൽ നിന്ന് രൂക്ഷമായ വിമർശനമാണ് അദ്‌നാൻ സമി നേരിടുന്നത്. പാക്കിസ്ഥാന് 'പിതൃദിനാശംസകൾ' നേരണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂടെ ഒരാൾ അദ്നാൻ സമിക്ക് കുറിപ്പെഴുതി. ആഗസ്റ്റ് 13ന് ട്വീറ്റ് വന്നതിനാൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്നും സ്വാതന്ത്ര്യദിനത്തിനു രണ്ട് ദിവസം അവശേഷിക്കുന്നു എന്നുമാണ് സമി മറുപടി നൽകിയത്. 

 

ഇന്ത്യക്ക് ഒരു ദിവസം മുൻപ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഏതു രാജ്യമാണ് 'പിതാവ്' എന്നാണു ട്വീറ്റിനു മറുചോദ്യമായി മറ്റൊരാൾ എത്തിയത്. എന്നാൽ ഇന്ത്യയുടെ ഉദരത്തിൽ നിന്നാണ് ആഗസ്റ്റ് 14ന് പാകിസ്ഥാൻ ജനിച്ചതെന്നായിരുന്നു അദ്നാൻ സമിയുടെ കുറിക്കുകൊള്ളുന്ന മറുപടി. 'നൂറ്റാണ്ടുകൾക്കുമുമ്പാണ് ഇന്ത്യ ജനിച്ചത്' എന്ന് സംഗീതജ്ഞൻ അഭിമാനത്തോടെ പറയുകയും ചെയ്തു. ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് ആഗസ്റ്റ് 15നാണെന്നും എന്നാൽ പാക്കിസ്ഥാനാണ് ഇന്ത്യയിൽ നിന്ന് ജനിച്ചതെന്നും അപ്പോൾ അച്ഛൻ ആരാണെന്ന് നിങ്ങൾ തന്നെ മനസിലാക്കുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

 

പാക്കിസ്ഥാനികളുടെ ട്രോളുകൾക്കു കടുത്ത ഭാഷയിലാണ് അദ്‌നാൻ സമി എപ്പോഴും പ്രതികരിക്കാറുള്ളത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ പാക്കിസ്ഥാൻ ആരാധകർക്ക് അദ്‌നാൻ ആശംസകൾ നേരണമെന്നു പറഞ്ഞ ഒരാളോട് ഞാൻ ഇപ്പോൾ ഒരു ഇന്ത്യക്കാരനായതിനാൽ അടുത്ത ദിവസമേ ആശംസകൾ അർപ്പിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com