ഇനി ഇളവില്ല, ഹാജരായില്ലെങ്കില്‍ വാറന്റ്; ജാവേദ് അക്തറിന്റെ മാനഷ്ടക്കേസിൽ കങ്കണയ്ക്കു മുന്നറിയിപ്പ്

kangana-javed-akthar
SHARE

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകുന്നതിൽ നിന്ന് ആരോഗ്യസ്ഥിതി പരിഗണിച്ച് നടി കങ്കണ റനൗട്ടിന് മജിസ്ട്രേറ്റ് കോടതി ഇളവനുവദിച്ചു. ഇനി ഇളവുണ്ടാകില്ലെന്നും സെപ്റ്റംബര്‍ 20നു നടക്കുന്ന വിചാരണയില്‍ ഹാജരായില്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കുമെന്നും മജിസ്ട്രേറ്റ് ആര്‍.ആര്‍. ഖാന്‍ കങ്കണയ്ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കനുവദിച്ച അഭിമുഖത്തില്‍ കങ്കണ റനൗട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്നും കാണിച്ചാണ് ജാവേദ് അക്തര്‍ ഈ വര്‍ഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിനുശേഷം ആദ്യം നടന്ന വിചാരണയായിരുന്നു ചൊവ്വാഴ്ചത്തേത്. പുതിയ സിനിമയുടെ പ്രചാരണത്തിനായി കങ്കണ വിവിധയിടങ്ങളിലായി യാത്രയിലായിരുന്നെന്നും തിരിച്ചെത്തിയപ്പോള്‍ നടിക്ക് കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവു നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാൽ ഇത് കങ്കണയുടെ നാടകമാണെന്നും ഈ വര്‍ഷം ഫെബ്രുവരി മുതല്‍ നടി തുടര്‍ച്ചയായി സമന്‍സുകള്‍ ലംഘിച്ചുവരികയാണെന്നും ജാവേദ് അക്തറിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാൽ കങ്കണയുടെ അഭിഭാഷകന്‍ ഹാജരാക്കിയ വൈദ്യപരിശോധനാ രേഖകള്‍ പരിശോധിച്ച കോടതി ഇത്തവണത്തേക്ക് കങ്കണയ്ക്ക് ഇളവു നല്‍കുന്നതായി അറിയിക്കുകയായിരുന്നു. 

തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് നേരത്തേ കങ്കണയ്‌ക്കെതിരേ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരായതിനുശേഷം നടിക്കു ജാമ്യം അനുവദിക്കുകയും ചെയ്തു. ജാവേദ് അക്തറിന്റെ പരാതി ലഭിച്ചയുടന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മജിസ്ട്രേറ്റ് കോടതി തുടര്‍നടപടികള്‍ സ്വീകരിച്ചത് എന്നു ചൂണ്ടിക്കാണിച്ചാണ് കങ്കണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം പരിഗണിച്ച് മജിസ്ട്രേറ്റ് കോടതിയുടെ നടപടികളെല്ലാം റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് രേവതി മോഹിതേ ദേരേയുടെ ഏകാംഗ ബെഞ്ചാണ് കങ്കണയുടെ ഹര്‍ജി തള്ളിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA