ADVERTISEMENT

കുറച്ചുദിവസങ്ങളായി ഇൻസ്റ്റയിലും മറ്റു സമൂഹമാധ്യമങ്ങളിലുമൊക്കെയായി കേട്ടുകേട്ട് മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഒരു ശ്രീലങ്കൻ ഗാനമുണ്ട്. അടുത്തിടെ ഈ പാട്ടിനൊപ്പം താളംപിടിക്കുന്ന നടൻ പൃഥ്വിരാജിന്റെ ഒരു വിഡിയോ ഭാര്യ സുപ്രിയ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും വൈറൽ ആയിരുന്നു. ശ്രീലങ്കയിൽനിന്നുള്ള ‘മനികാ മാകെ ഹിതേ’ എന്ന ഗാനമാണ് ഇപ്പോൾ കടലും കടന്ന് ആസ്വാദകരുടെ ചുണ്ടിൽ നിറഞ്ഞുനിൽക്കുന്നത്. ആഗോളതലത്തിൽതന്നെ ആരധകരുള്ള ഒരു ശ്രീലങ്കൻ സുന്ദരിയാണ് ഈ ഗാനം ആലപിച്ച് ഹിറ്റാക്കിയത്. യൊഹാനി. ഗായിക മാത്രമല്ല, പാട്ടെഴുത്തുകാരിയും റാപ്പറും യു‍ട്യൂബറുമൊക്കെയാണ് ഈ ഇരുപത്തെട്ടുകാരി. 

 

സംഗീതോപകരണങ്ങളുടെ ബിസിനസ് കൂടി നടത്തുന്ന യൊഹാനിയെ താരമാക്കിയത് ടിക്ടോക് ആണ്. യു‍ട്യൂബറായിട്ടായിരുന്നു തുടക്കം. പ്രശസ്ത ഗാനങ്ങളുടെ കവർ വെർഷനുകൾ ചെയ്താണ് ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. റാപ് സംഗീതം ഇഴചേർത്തുള്ള ഫ്യൂഷൻ പരീക്ഷണങ്ങൾ ശ്രീലങ്കയുടെ റാപ് രാജകുമാരി എന്ന വിശേഷണം നേടിക്കൊടുത്തു യൊഹാനിക്ക്. മനികാ മാകെ ഹിതേ എന്ന പുതിയ ഗാനമാണ് ഇപ്പോൾ സംഗീതാസ്വാദകർക്കിടയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യു‍ട്യൂബിൽ 2.46 മില്യൺ സബ്സ്ക്രൈബേഴ്സിനെ പാട്ടിലാക്കിയ ആദ്യ ശ്രീലങ്കൻ ഗായികയാണ് യൊഹാനി. 

 

കൊളംബോയിൽ മുൻ ആർമി ജനറലിന്റെയും എയർഹോസ്റ്റസിന്റെയും മകളായി പിറന്ന യൊഹാനിക്ക് പോപ്–ജാസ്– റാപ് സംഗീത ഫ്യൂഷനോടാണ് ഏറെ താൽപര്യം. യുകെയിലെ ക്യാംപസ് കാലമാണ് യൊഹാനിയുടെ മനസ്സിൽ ഈ ഫ്യൂഷൻ പരീക്ഷണങ്ങളുടെ വിത്തു പാകിയത്. സിംഹള ഭാഷയിൽ 12 ഗാനങ്ങളടങ്ങുന്ന പുതിയ ആൽബം ഈ വർഷം അവസാനം ലൈവ് സംഗീതവേദിയിൽ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ് യൊഹാനി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com