മതം മാറിയോ എന്നു ചോദ്യം, ‘പാസ്റ്റർ’ എന്നു വിളിച്ചു പരിഹാസം; വിമർശകരുടെ വായടപ്പിച്ച് എം.ജി.ശ്രീകുമാറിന്റെ പ്രതികരണം

mg-sreekumar-new
SHARE

മതം മാറിയോ എന്ന ചോദ്യങ്ങളോടു ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ഏതാനും വർഷം മുൻപ് മഴവിൽ മനോരമയിലെ പരിപാടിയായ ‘ഒന്നും ഒന്നും മൂന്നി’ന്റെ വേദിയിൽ ഗായകൻ പറഞ്ഞ ചില കാര്യങ്ങൾ അടുത്തിടെ ചർച്ചയായിരുന്നു. താൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടുമ്പോൾ പ്രത്യേക അനുഭവം തോന്നാറുണ്ടെന്നും പറഞ്ഞ എം.ജി.ശ്രീകുമാറിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാണ് ഇപ്പോൾ മതപരിവർത്തനം വരെയുള്ള ചർച്ചകളിലേയ്ക്ക് എത്തിയത്. 

കഴിഞ്ഞ ദിവസം നവരാത്രി ദേവി ഗീതങ്ങൾ റിലീസ് ചെയ്ത എം.ജി.ശ്രീകുമാറിനു നേരേ മതത്തിന്റെ പേരിൽ അനാവശ്യ വിമർശനങ്ങൾ ഉയർന്നു. ഗായകൻ മതം മാറുകയാണോ എന്നു ചോദിച്ചാണ് പലരും രംഗത്തെത്തിയത്. ചിലർ പരിഹാസരൂപേണ അദ്ദേഹത്തെ ‘പാസ്റ്റർ’ എന്ന് അഭിസംബോധന ചെയ്യുകയുമുണ്ടായി. ‘പാസ്റ്റര്‍, നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ?’ എന്നായിരുന്നു എംജിയുടെ പോസ്റ്റിനു താഴെ ചിലരുടെ കമന്റ്. തൊട്ടുപിന്നാലെ എം.ജി.ശ്രീകുമാറിന്റെ പ്രതികരണവുമെത്തി. 

‘ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ധികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നത്. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷേ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായിത്തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്‍’, എന്നാണ് കമന്റുകൾക്കു മറുപടിയായി എം.ജി.ശ്രീകുമാർ കുറിച്ചത്. 

തുടർന്ന് ഗായകനെ പിന്തുണച്ച് ആരാധകർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ഓരോരുത്തരുടെയും കമന്റുകൾക്ക് എം.ജി.ശ്രീകുമാർ മറുപടി നൽകുന്നുമുണ്ട്. ഒപ്പം പുതിയ പാട്ടിനെക്കുറിച്ചുള്ള പ്രശംസയ്ക്ക് ആരാധകരോട് അദ്ദേഹം നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA