ADVERTISEMENT

 

കൊറിയൻ സംഗീതബാൻഡ് ബിടിഎസിന്റെ പുതിയ വെളിപ്പെടുത്തൽ ആരാധകവൃന്ദത്തെ നിരാശയിലാഴ്ത്തുകയാണ്. പുറത്തിറക്കാൻ തയ്യാറാക്കി വച്ചിരുന്ന പാട്ടിന്റെ ഫയൽ നഷ്ടപ്പെട്ടു പോയി എന്ന വിവരമാണ് ഇപ്പോൾ ബാൻഡ് പുറത്തു വിട്ടത്. ബിടിഎസ് താരം ആർഎം ആണ് ഇക്കാര്യം കടുത്ത നിരാശയോടെയും ദുഃഖത്തോടെയും ലോകത്തെ അറിയിച്ചത്. 

 

കമ്പ്യൂട്ടറിലെ ചില ഡോക്യുമെന്റുകൾ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുതിയ പാട്ടിന്റെ ഫയലുകളും ഡിലീറ്റ് ആയിപ്പോയി എന്ന് ആർഎം വെളിപ്പെടുത്തി. പൂർണമായും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണതെന്നു സമ്മതിച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 

 

ആ പാട്ട് നശിച്ചു പോയി എന്നും ഇനിയൊരു വീണ്ടെടുപ്പില്ല എന്നും കുറിച്ച ആർഎം, തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു അതെന്നും കൂട്ടിച്ചേർത്തു. പാട്ടിന്റെ അറുപതോളം ഓഡിയോ ട്രാക്കുകളും നഷ്ടപ്പെട്ടെന്നും അതുകൊണ്ടു തന്നെ ഇനി ആ പാട്ടിനെ പുനസൃഷ്ടിക്കുക സാധ്യമല്ലെന്നും താരം പറഞ്ഞു. 

 

ലക്ഷങ്ങൾ വിലയുള്ള പാട്ടുകൾ സൃഷ്ടിക്കുന്ന ഗായകനും സംഗീതസംവിധായകനുമായ ആർഎമ്മിന്റെ നിരാശയോടെയുള്ള വാക്കുകൾ ചുരുങ്ങിയ സമയത്തിനകം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി. നിരവധി പേരാണ് ആശ്വാസവാക്കുകളുമായി സമൂഹമങ്ങളിലൂടെയും അല്ലാതെയും എത്തുന്നത്.

 

ബിടിഎസിന് ഉണ്ടായ ഈ നഷ്ടം ആരാധകവൃന്ദത്തെയും ഏറെ ദുഃഖിപ്പിച്ചിരിക്കുകയാണ്. ഏഴംഗസംഘം പുറത്തിറക്കുന്ന ഓരോ പാട്ടും ആസ്വദിക്കാൻ ഇന്റർനെറ്റിനു മുന്നിൽ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആരാധകർക്ക് ഇക്കാര്യം വിശ്വസിക്കാനാകുന്നില്ല. ബിടിഎസിന്റെ കഠിനാധ്വാനം വിഫലമായതിൽ പലരും ദുഃഖം രേഖപ്പെടുത്തി. 

 

ബിടിഎസിന്റെ ആദ്യ അംഗവും സ്റ്റേജ് നായകനും ആണ് കിം നാജൂൻ എന്ന ആർഎം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാപ് ചെയ്തു തുടങ്ങിയ ആർഎം പിന്നീട് ഒരു ഹിപ് ഹോപ് ഏജൻസിയുടെ ഓഡിഷൻ വേദിയിലാണ് ബിഗ് ഹിറ്റ് സിഇഒ ബാങ് ഷി ഹ്യൂകുമായി പരിചയപ്പെട്ടത്. അതു ജീവിതത്തിലെ വഴിത്തിരിവായി. 2010ൽ ‘റാപ് മോൺസ്റ്റർ’ കിംനാജുൻ (ആർഎം) ആദ്യത്തെ അംഗമായി ബിടിഎസിന്റെ ഭാഗമായി. വി, ജംകുക്ക്, ഷുഗ, ജെഹോപ്, ജീമിൻ, ജിൻ എന്നിവരാണ് മറ്റു ബിടിഎസ് താരങ്ങൾ. 

 

ലോക വ്യാപകമായി ഭാഷാ ഭേദമില്ലാതെ ബിടിഎസിന് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആരാധകരെ വാരിക്കൂട്ടി ട്രെൻഡിങ്ങിൽ ഇടം പിടിക്കുന്നതാണ് ബിടിഎസിന്റെ പതിവ്. പാട്ട് മാത്രമല്ല, ബിടിഎസ് താരങ്ങളുടെ വസ്ത്രധാരണ രീതിയും ആരാധകർ അതേപടി ഏറ്റെടുക്കുകയും അനുകരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഗ്രാമങ്ങളിൽ പോലും ‘കെ മാനിയ’ രൂപപ്പെട്ടത് അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

 

ഏതാനും ആഴ്ചകൾക്കു മുൻപാണ് ഹോളിവുഡ് ചിത്രത്തിൽ സംഗീതമൊരുക്കുന്നതിന്റെ സന്തോഷവാർത്ത ബിടിഎസ് ലോകത്തെ അറിയിച്ചത്. ‘സിങ് 2’ എന്ന അനിമേറ്റഡ് ചിത്രത്തിലാണ് സംഘത്തിന്റെ പാട്ട് ഉണ്ടാവുക. 64ാമത് ഗ്രാമി പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടവയിൽ ബിടിഎസ് ഉണ്ട്. ഇത് രണ്ടാം തവണയാണ് ബിടിഎസ് ഗ്രാമി നോമിനേഷൻ നേടുന്നത്. സന്തോഷവാർത്തകൾ പങ്കുവച്ച് പുതിയ പാട്ട് പുറത്തിറക്കാൻ തയ്യാറായിരുന്ന ബിടിഎസിനു പക്ഷേ, ഇപ്പോൾ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവം ഉൾക്കൊള്ളാനാകുന്നതല്ല, ആരാധകർക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com