ADVERTISEMENT

ഗാനരചയിതാവ് എസ്.രമേശൻ നായർ വരികൾ കുറിച്ച ‘മാനത്തെ അമ്പിളി’എന്ന ഗാനം പ്രേക്ഷകർക്കരികിൽ. അദ്ദേഹത്തിന്റെ മകനും സംഗീതസംവിധായകനുമായ മനു രമേശൻ ആണ് പാട്ടിന് ഈണം പകർന്നത്. ഈ വർഷം ജൂണിലായിരുന്നു രമേശൻ നായരുടെ അപ്രതീക്ഷിത വേർപാട്. ഒടുവിലായി പുറത്തുവന്ന അദ്ദഹത്തിന്റെ ഈ ഗാനവും മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണിപ്പോൾ. 

 

മനു രമേശന്റെ മകൾ മായിക ആലപിച്ച ‘ടാറ്റാ പോവാം’ എന്ന പാട്ടിനാണ് രമേശന്‍ നായർ അവസാനമായി വരികൾ കുറിച്ചത്. മനുവിന്റെ സംഗീത്തിലൊരുങ്ങിയ ഗാനം ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങി മികച്ച സ്വീകാര്യത നേടിയിരുന്നു. 

 

രമേശൻ നായർ വരികൾ എഴുതി പൂർത്തിയാക്കിയിട്ടും വെളിച്ചം കാണാതെ പോയ നിരവധി ഗാനങ്ങളിലൊന്നാണ് ‘മാനത്തെ അമ്പിളി’യായി ഇപ്പോൾ ആരാധകൃദയങ്ങളില്‍ തെളിഞ്ഞത്. മറ്റുള്ളവയും വൈകാതെ പുറത്തിറങ്ങുമെന്ന് മനു രമേശൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. 

 

‘മാനത്തെയമ്പിളിത്തെല്ലുപോലെ 

മാറത്തിരിക്കും കുഞ്ഞുപൂവേ,

അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ 

കണ്മണിപ്പൂങ്കരള്! വളര്

കൈ വളര് തങ്കപ്പൂങ്കാൽ വളര്

താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ’ 

 

സിത്താര കൃഷ്ണകുമാർ ആലപിച്ച ‘മാനത്തെ അമ്പിളി’ താരാട്ടീണമായാണ് ആസ്വാദകരിൽ എത്തിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. രമേശൻ നായരുടെ വരികൾ വീണ്ടും ആസ്വദിക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒപ്പം മനു രമേശന്റെ ഈണവും പ്രേക്ഷകരെ പാട്ടിലേയ്ക്കു കൂടുതൽ അടുപ്പിക്കുന്നു. 

 

സിത്താര കൃഷ്ണകുമാർ ആണ് ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച ദൃശ്യാനുഭവം പകരുന്ന പാട്ടിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് വേണു ശശിധരൻ ലേഖ. അനൂപ് എസ് പിള്ള ഗാനരംഗങ്ങളുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. 

 

‘മനു രമേശൻ പ്രൊഡക്‌ഷൻസ്’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ‘മാനത്തെ അമ്പിളി’ പ്രേക്ഷകർക്കരികിലെത്തിയത് . ഇതിനു മുൻപും മനു ഒരുക്കിയ സ്വതന്ത്ര സംഗീത വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റു പുതിയ ഗാനങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരുപ്പിലാണ് സംഗീതാസ്വാദകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com