ADVERTISEMENT

13–ാം വയസ്സ് മുതൽ പിന്തുടരുന്ന രോഗാവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തി അമേരിക്കൻ ഗായകനും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. ടൈപ്പ് 1 പ്രമേഹമാണ് നിക് ജൊനാസിന്. താനും പ്രമേഹവും തമ്മിലുള്ള ബന്ധത്തിന് 16 വയസ്സ് തികയുകയാണെന്ന് സമൂഹമാധ്യമ കുറിപ്പിലൂടെ നിക് വ്യക്തമാക്കി. തനിക്ക് പ്രമേഹമുണ്ടെന്ന് അറിഞ്ഞ നിമിഷം ആകെ തകർന്നു പോയെന്നും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ആശങ്ക തോന്നിയെന്നും നിക് ജൊനാസ് കുറിക്കുന്നു. 

 

‘എനിക്ക് പ്രമേഹമുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടതിന്റെ 16–ാം വാര്‍ഷികമാണിത്. ഒരിക്കൽ പിടിപെട്ടാൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനോ അതിൽ നിന്നു പുറത്തുകടക്കാനോ സാധ്യമല്ലെന്നു നമുക്കറിയാം. വര്‍ഷങ്ങളായി ആ രോഗാവസ്ഥയുമായി കടുത്ത പോരാട്ടത്തിലാണു ഞാൻ. അന്ന് എനിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം. എന്റെ സഹോദരങ്ങൾക്കൊപ്പം വിവിധയിടങ്ങളിലായി സംഗീതപരിപാടികളുമായി തിരക്കിട്ടു നടക്കുകയായിരുന്നു ഞാൻ. പെട്ടെന്നൊരു ദിവസം എനിക്കെന്തോ പ്രശ്നമുണ്ടെന്ന് ഉള്ളിൽ തോന്നി. തുടര്‍ന്ന് ഡോക്ടറെ കാണണമെന്ന് ഞാൻ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. 

 

ലക്ഷണങ്ങളും മറ്റും പരിശോധിച്ചതിനു ശേഷം എനിക്ക് ടൈപ്പ് 1 പ്രമേഹമാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ആ നിമിഷം ഞാനാകെ തകർന്നു പോയി. പേടിയായിരുന്നു മനസ്സ് നിറയെ. ലോകം മുഴുവൻ യാത്ര ചെയ്യണമെന്നും സംഗീതപരിപാടികൾ അവതരിപ്പിക്കണമെന്നുള്ള എന്റ ആഗ്രഹങ്ങൾ തകർന്നടിയുമോയെന്നായിരുന്നു ഞാൻ ആദ്യം ചിന്തിച്ചത്. സംഗീതജീവിതം അസാനിപ്പിക്കേണ്ടി വരുമോയെന്നു ഭയപ്പെട്ടു. 

 

രോഗാവസ്ഥ തിരിച്ചറിഞ്ഞപ്പോൾ നിരാശ തോന്നിയെങ്കിലും തോറ്റുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു. അന്നു മുതൽ ഇന്നുവരെ പ്രമേഹ ചികിത്സയിലും ഭക്ഷണക്രമത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ജീവിതത്തില്‍ തികച്ചും മോശപ്പെട്ട അവസ്ഥയിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. പക്ഷേ അവയെ അതിജീവിക്കണം. എന്നെ പിന്തുണയ്ക്കാൻ നിരവധി പേര്‍ ഉണ്ടെന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം’, നിക് ജൊനാസ് കുറിച്ചു. 

 

നിക്കിന്റെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. പ്രതിസന്ധിയിൽ തളരാതെ സധൈര്യം മുന്നോട്ടു നീങ്ങുന്ന നിക്കിനെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. 2018ലാണ് താൻ പ്രമേഹരോഗിയാണെന്ന കാര്യം നിക് ജൊനാസ് വെളിപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com