ചുണ്ടോരം ഇനി ക്രിസ്മസീണം...

christmas-songs
SHARE

വീണ്ടും ഒരു ഡിസംബർ... ഇനി പുൽനാമ്പിലും പൂവിതളിലും തൂമഞ്ഞുപോലും കവിതയായി വിരിയുന്ന ക്രിസ്‌മസ് കാലം... മലയാളികൾക്ക് അവരുടെ ഏറ്റവും പ്രിയപ്പട്ട ഓർമവരമ്പുകളിലൂടെ പിന്തിരിഞ്ഞു നടന്നാൽ പുലരാപ്പാതിരകളുടെ ഡിസംബർകാലത്ത് മനസ്സു ചെന്നു വഴി മുട്ടി നിൽക്കാതിരിക്കില്ല. അത്രയേറെ പാട്ടോർമകൾ നിറഞ്ഞ ഡിസംബറിന് പുതിയ ക്രിസ്മസ് ഈണങ്ങൾ സമ്മാനിക്കുകയാണ് മനോരമ മ്യൂസിക് ഈ വർഷവും. ഈണത്തിലും ഭാവത്തിലും വ്യത്യസ്തമായ ആറ് ഗാനങ്ങളാണ് ഇത്തവണ മനോരമ മ്യൂസിക് ആസ്വാദകർക്കായി തയാറാക്കിയിരിക്കുന്നത്.

മലയാളി സംഗീതാസ്വാദകർക്ക് എക്കാലത്തെയും ക്രിസ്മസ് ഗൃഹാതുരത്വം സമ്മാനിച്ച ജെറി അമൽദേവിന്റെ ഓർക്കസ്ട്രേഷനിൽ ഒരുങ്ങിയ ‘ആനന്ദസാഗരം’ എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ‘ആനന്ദസാഗരം പാരിലൊഴുക്കുവാൻ അവതാരം ചെയ്യുന്നു ശ്രീയേശു നായകൻ’ എന്നുതുടങ്ങുന്ന ഗാനം സിതാര കൃഷ്ണകുമാർ ആലപിക്കുമ്പോൾ കൈവിരലുകൾ അറിയാതെ താളം പിടിച്ചുപോകും. എൺപതുകളുടെ അവസാനങ്ങളിലെ മെലഡിയെ ഓർമിപ്പിക്കുംവിധം സ്വച്ഛസുന്ദരമായ ഈ സംഗീതം വരികളെ ഹൃദ്യമായി മനസ്സിൽ പകർത്തിവയ്ക്കുന്നു. 

ക്രിസ്മസ് സംഗീതം കുട്ടികളുടേതുകൂടിയാണ്. കാരൾഗാനങ്ങളിൽ ഉയർന്നുകേൾക്കുന്ന പിഞ്ചുസ്വരങ്ങളെ മാറ്റിനിർത്തിയാൽ പിന്നെ എന്തു ക്രിസ്മസ് സംഗീതം. ‘ബെത്‌ലഹേം പുൽക്കൂടിൻ’, ‘ആട്ടിടയക്കൂട്ടം’ എന്നീ രണ്ടു ഗാനങ്ങളും ആലപിച്ചിരിക്കുന്നത് മലയാളി കുടുംബസദസ്സുകൾ കീഴടക്കിയ റിയാലിറ്റി ഷോ താരം റിച്ചുക്കുട്ടനാണ്.

കുര്യാക്കോസ് മാത്യു യുഎസ്എ, സാബു ആരക്കുഴ എന്നിവരുടേതാണു വരികൾ. നക്ഷത്രവിളക്കുകളും, പുൽക്കൂടുകളും അണിയിച്ചൊരുക്കി ക്രിസ്മസിനെ വരവേൽക്കാൻ കാത്തിരിക്കുന്ന കുട്ടിക്കൂട്ടത്തിന് ഏറ്റുപാടാവുന്നവിധം ലളിതമാണ് ഗാനങ്ങൾ.

‘അന്നൊരുനാൾ ബെത്‌ലഹേം കാലിത്തൊഴുത്തിൽ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ അന്ന ജോസഫ് ആണ്. വരികളും സംഗീതവും അലിൻ മാത്യു  ഒത്താറയുടേതും. വിനു ചാക്കോ തന്നെ സംഗീതവും ആലാപനവും നിർവഹിച്ച ‘മാലാഖ പാടുന്ന’ എന്നു തുടങ്ങുന്ന ഗാനം കോറസിന്റെകൂടി ആഘോഷമാണ്. വീട്ടുമുറ്റത്തെത്തുന്ന കാരൾസംഘങ്ങളുടെ രാത്രിഗാനങ്ങളെ ഓർമിപ്പിക്കുന്ന ഓർക്കസ്ട്രേഷനാണ് ഒരുക്കിയിരിക്കുന്നത്. സോണി കാരക്കലിന്റേതാണു വരികൾ.

‘ആഗതനായല്ലോ ആശ്വാസദായകൻ’ എന്ന പീറ്റർ ചേരാനല്ലൂരിന്റെ പാട്ടും അതീവഹൃദ്യം. നെദിൻ പീറ്ററും ചേർന്നാണ് ആലാപനം. ജിമ്മി കുളങ്ങരയുടേതാണു വരികൾ. ക്രിസ്മസ് കാലത്തു മലയാളികളുടെ മൂളിപ്പാട്ടീണമായി ഈ വരികൾ ചുണ്ടിൽ ചേക്കേറാതിരിക്കില്ല..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA