ADVERTISEMENT

സമൂഹമാധ്യമങ്ങൾ തന്റെ ചിത്രങ്ങൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി പോപ് താരം മഡോണ. നഗ്നതാപ്രദർശനം ആരോപിച്ചുകൊണ്ടാണ് സമൂഹമാധ്യമം ഗായികയുടെ ചിത്രങ്ങൾ നീക്കം ചെയ്തത്. പിന്നാലെ ശക്തമായി പ്രതികരിച്ച് മഡോണ രംഗത്തെത്തി. നീക്കം ചെയ്ത ചിത്രങ്ങൾ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക പ്രതിഷേധം അറിയിച്ചത്.

 

‘നഗ്നത കണ്ടു എന്നു പറഞ്ഞാണ് സമൂഹമാധ്യമം എന്റെ ചിത്രങ്ങൾ ഒഴിവാക്കിയത്. ഇക്കാര്യത്തിൽ എന്നോടു സമ്മതം ചോദിക്കാനോ മുന്നറിയിപ്പു നൽകുകാനോ അവർ തയ്യാറായില്ല. എന്റെ സ്വകാര്യതയെ നിയന്ത്രിക്കാനും പോസ്റ്റുകൾ ഒഴിവാക്കാനും ആരാണ് അവർക്ക് അനുമതി നൽകിയത്? 

കുഞ്ഞുങ്ങളെ പാലൂട്ടുന്ന സ്ത്രീകളുടെ ശരീരഭാഗത്തിന് എന്തു മോശം വശമാണ് ഉള്ളത്. പുരുഷൻമാരുടെ ആ ഭാഗം കാണുന്നതിനു കുഴപ്പമില്ലേ? സ്ത്രീശരീരത്തിലെ ചില ഭാഗങ്ങൾ മാത്രം പുറത്തുകാണിക്കുന്നതിനോടാണ് ചിലർക്ക് എതിർപ്പ്. എങ്ങനെയാണ് ചില അവയവങ്ങൾ മാത്രം അശ്ലീലമാകുന്നത്?

 

കാലങ്ങളായി സ്ത്രീകളെ ശരീരങ്ങൾ മാത്രമായി കണ്ടതിനു നന്ദി. ഇപ്പോഴും തുടരുന്ന സ്ത്രീവിരുദ്ധതയ്ക്കും ലിംഗ/പ്രായ വിവേചനങ്ങള്‍ക്കുമിടയിലും എനിക്കെന്റെ വിവേകം കാത്തുസൂക്ഷിക്കാൻ സാധിച്ചു. ഇപ്പോഴും യാഥാസ്ഥിതികരായി തുടരുന്ന എല്ലാവർക്കും യുക്തിബോധം ഉണ്ടാകാൻ വേണ്ടി ഞാൻ പ്രാർഥിക്കുകയാണ്’, മഡോണ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

ഗായികയുടെ പ്രതിഷേധക്കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ആരാധകർക്കിടയിൽ ചർച്ചയായി. എതിർത്തും അനുകൂലിച്ചും നിരവധി പേരാണു രംഗത്തെത്തിയത്. വസ്ത്രധാരണത്തിന്റെ പേരിൽ പലതവണ വിവാദങ്ങളിലകപ്പെട്ടിട്ടുള്ള ഗായികയാണ് 63കാരിയായ മഡോണ. അർധ നഗ്നശരീരം പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യാറുള്ള ഗായിക, വിമർശനങ്ങളെ തുടർന്ന് അവ നീക്കം ചെയ്തിട്ടുമുണ്ട്. പൊതുവിഷയങ്ങളിലുള്ള ചില പ്രസ്താവനകളുടെ പേരിലും ഗായിക വിവാദക്കുരുക്കിലകപ്പെട്ടിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com