ADVERTISEMENT

വലിയ മാറ്റങ്ങൾ പിന്നീടു വന്നുവെങ്കിലും, എന്റെ ബാല്യം കടന്നുപോയ ദേശം, ക്രൈസ്തവ സംസ്കാരത്തെയോ ആരാധനാസമ്പ്രദായത്തെയോ മനസിലാക്കാൻ സഹായിച്ചിട്ടില്ല. അവരുടെ എണ്ണം കുറവായിരുന്നതും ഉണ്ടായിരുന്നവർതന്നെ ഹൈന്ദവരീതികളുമായി ഇഴുകിച്ചേർന്നു ജീവിച്ചതും അതിനു കാരണമായി. എന്നിട്ടും യേശുദേവനും  അദ്ദേഹം അരുളിയ മഹദ്വചനങ്ങളും ഞാൻ  അറിയാതിരുന്നില്ല. അതെങ്ങനെയെന്നാൽ,  ഒരു ദിവസം വിദ്യാലയത്തിലേക്കു പോകുന്നവഴിയിൽ,  ജില്ലാക്കാടതിയുടെ മുന്നിൽ വചനപ്രഘോഷണം നിർവഹിച്ചുകൊണ്ടിരുന്ന വെള്ളവസ്ത്രധാരി ഞങ്ങളെ പിടിച്ചുനിർത്തുകയും ബലമായി കുറേ പുസ്തകങ്ങൾ ഏൽപ്പിക്കുകയും ചെയ്തു.

 

പിങ്കു നിറമുള്ള 'പുതിയനിയമം' ഞാൻ വീട്ടിൽകൊണ്ടുവന്നു. സമയം എടുത്തിട്ടാണെങ്കിലും മുഴുവനും വായിച്ചുനോക്കി. ലളിതമായ ഭാഷ. കൂടാതെ എനിക്കു ഗ്രഹിപ്പാൻ പ്രയാസമുള്ളതായി യാതൊന്നും അതിലുണ്ടായിരുന്നില്ല. ചില വരികൾ, പ്രയോഗങ്ങൾ  വളരെ ആകർഷിച്ചു, പിന്നെയും എടുത്തു വായിക്കാനുള്ള പ്രേരണ നിർമിച്ചു, വായിച്ചു. അന്നേരം ഞാൻ ആശാട്ടിയുടെ വീടിൻറെ തെക്കുഭാഗത്തെ ഇളംതിണ്ണയിൽ ഇരിക്കുന്നു. ആശാട്ടിയുടെ അമ്മ, അമ്മാമ്മ ഏതോ പലഹാരം കൊണ്ടുത്തന്നു. എന്റെ കയ്യിലിരുന്ന 'പുതിയനിയമം' അമ്മാമ്മയും  കണ്ടു. പല സംശയങ്ങളും അമ്മാമ്മയോടു  ചോദിക്കാറുള്ള ഞാൻ സന്ദർഭവശാൽ ഇതും ചോദിച്ചു- അമ്മാമ്മേ,  ആരാ ഈ ക്രിസ്ത്യാനികൾ? അമ്മാമ്മയുടെ മറുപടി വിചിത്രമായിരുന്നു - 'അവര്  കപ്പേം  മത്തീമാണ് തിന്നുന്നത് '.

 

അമ്മാമ്മ അപ്പറഞ്ഞതിന്റെ യുക്തി മനസിലാക്കാൻ എനിക്കു പ്രയാസമുണ്ടായി! കപ്പയും മത്തിക്കറിയും ആർക്കും കഴിക്കാവുന്നതല്ലേയുള്ളൂ. എങ്കിലും തർക്കത്തിനു നിന്നില്ല. അമ്മാമ്മയുടെ  മുൻകോപവും കൈപ്പുണ്യവും അറിയാവുന്ന ഞാൻ അവരുമായി തെറ്റിയാലുണ്ടാകുന്ന രുചിനഷ്ടത്തെപ്പറ്റി ജാഗരൂകനായി. അതേവിഷയം  പിന്നെയും ആലോചിച്ചപ്പോൾ  അമ്മാമ്മ  പറഞ്ഞതിൽ  സത്യമുണ്ടല്ലോ എന്ന വിഭ്രമവുമുണ്ടായി. വടക്കേവെളിക്കാരുടെ  വാടകവീട്ടിൽ താമസിക്കുന്ന, മൃഗാശുപത്രിയിലെ കമ്പോണ്ടർ സേവിച്ചൻ,  തൊട്ടടുത്തുള്ള മൊതലാളിയുടെ പലചരക്കുകടയിൽനിന്നു കപ്പ വാങ്ങിക്കൊണ്ടുപോകുന്ന ദൃശ്യം  പലപ്പോഴും കണ്ടിട്ടുണ്ട്.  

 

അവരുടെ വീടിനു മുന്നിൽ എല്ലാ ദിവസവും മീൻകച്ചവടക്കാരനെയും  കാണാം. പട്ടിക്കുഞ്ഞിനെ കളിപ്പിക്കാൻ ചെന്നപ്പോൾ അവർ ഞങ്ങൾക്കു കഴിക്കാൻ  തന്നതും കപ്പയും മത്തിക്കറിയുമാണല്ലോ! അന്നത്തെ കുട്ടിയുടെ മനസിൽ അമ്മാമ്മ  പറഞ്ഞ വാക്യം  'ശരി'യായി വന്നുകൊണ്ടിരുന്നു. 'അതേ, കപ്പയും മത്തിയും കഴിക്കുന്നവരാണ് ക്രിസ്ത്യാനികൾ'. അതിവികലവും ചപലവുമായ ഈ ചിന്ത ഉള്ളിൽ  കിടന്നതുകൊണ്ടാവണം ക്രൈസ്തവ വിശ്വാസിയായ ജീവിതപങ്കാളിക്ക് ഞാൻ പലപ്പോഴും കപ്പയും മത്തിക്കറിയും  വാങ്ങിക്കൊടുത്തിട്ടുള്ളത്. ബാല്യത്തിൽ നമ്മുടെ അകമേ  കടന്നുകയറുന്ന യുക്തിരഹിതങ്ങളായ ഇത്തരം ധാരണകൾ ഏതു ദൂരംവരെ കൂടെവരും എന്നതിനുള്ള ഉദാഹരണമായി ഈ അനുഭവത്തെ  ഇന്നലെ  മഹാരാജാസിൽ നടന്ന ക്രിസ്മസ് ആഘോഷച്ചടങ്ങിൽ ഞാൻ അവതരിപ്പിച്ചുകൊടുത്തു.

 

യാതൊരു സന്ദേഹവുമില്ല, മലയാളസിനിമയിൽ ഏറ്റവും മികച്ച ക്രൈസ്തവഭക്തിഗാനങ്ങൾ രചിച്ച  കവി വയലാർ രാമവർമ തന്നെ! 'വെളിച്ചമേ നയിച്ചാലും, നന്മനിറഞ്ഞ മറിയമേ, ആകാശങ്ങളിൽ ഇരിക്കും, ദൈവപുത്രന്, നിത്യവിശുദ്ധയാം, ഈശോ മറിയം, ബാവായ്ക്കും പുത്രനും, അത്യുന്നതങ്ങളിൽ, മാതാവേ മാതാവേ, വെള്ളിക്കുരിശ്, സ്നേഹത്തിൻ ഇടയനാം' എന്നിങ്ങനെ ക്രൈസ്തവ ദർശനങ്ങൾ ഉൾക്കൊള്ളുന്ന  ഭക്തിസാന്ദ്രങ്ങളായ നിരവധി  ഗാനങ്ങൾ വയലാർ എഴുതി. അവ ഇന്നും സകലർക്കും പ്രിയപ്പെട്ടതായിരിക്കുന്നു. ഹൈന്ദവ സംസ്കാരത്തിലും അനുഷ്ഠാനങ്ങളിലും വളർന്നുവന്ന വയലാർ  യേശുദർശനത്തെ ഇത്രയും ആഴത്തിൽ എങ്ങനെ സ്വായത്തമാക്കി എന്ന ചോദ്യം എന്റെ മനസിലും തീവ്രമായിനിന്നു. അതിനുള്ള ചുട്ടമറുപടി ദേവരാജൻമാസ്റ്ററിൽനിന്നു  കിട്ടി.

 

എറണാകുളം  ഫൈൻ ആർട്സ് ഹാളിൽ 'ശക്തിഗാഥ'യുടെ സംഗീതപരിപാടി നയിക്കാൻ ദേവരാജൻ മാസ്റ്റർ നേരിട്ടുവന്നനേരം ഞാനും പിന്നാലേ  കൂടി. തലേദിവസത്തെ പരിശീലനസെഷനും കണ്ടു. ഭാഷ മയപ്പെട്ടിരുന്നുവെങ്കിലും സ്വരസ്ഥാനങ്ങൾ തെറ്റിച്ചവരുടെ നേരേ  തൊടുത്തുവിട്ട പരിഹാസശരങ്ങളിൽ  മൂർച്ച കുറവായിരുന്നില്ല. ഞാൻ ചെന്നുകയറിയപ്പോൾ 'നദി'യിലെ 'നിത്യവിശുദ്ധയാം കന്യാമറിയമേ' എന്ന ഗാനം ഗായകസംഘം പരിശീലിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഇത്തിരി ഇടവേള ലഭിച്ചു. ഇതുതന്നെ സന്ദർഭം, ഞാൻ മാസ്റ്ററോടു  ചോദിച്ചു, വയലാറിന് ക്രൈസ്തവ സംസ്കാരത്തിലും ജീവിതരീതികളിലും ഇതിനുംമാത്രം  പരിചയം  എങ്ങനെ ലഭിച്ചു? അതിനു മറുപടിപോലെ മാസ്റ്റർ ഒരു പഴയ ഓർമ  പങ്കിട്ടു. 'നാടൻപെണ്ണി'നുവേണ്ടി 'ആകാശങ്ങളിലിരിക്കും നമ്മുടെ'  കമ്പോസുചെയ്യുന്ന സമയം. മദിരാശിയിലെ ഹോട്ടൽമുറിയിലെ കട്ടിലിൽ  വയലാർ ചുരുണ്ടു കിടക്കുന്നു. തലേരാത്രിയിലെ പാനോത്സവം  വല്ലാതെ തളർത്തിയിട്ടുണ്ട്. പക്ഷേ ദേവരാജൻ മാസ്റ്റർ  പല്ലവി പാടിയതും  വയലാർ ചാടി എഴുന്നേറ്റതും ഒരുമിച്ചായിരുന്നു.

 

ലഹരിക്കെട്ടിൽനിന്നു  മോചിതനായ വയലാർ, പാട്ട്   മുഴുവനായും കേട്ടു. മുഖഭാവത്തിൽ നേർത്ത വ്യതിയാനമുണ്ടായി. എവിടെയോ ഒരു സന്ദേഹംപോലെ! 'വല്ലതും മാറ്റേണ്ടതുണ്ടോ' എന്നായി മാസ്റ്റർ. വയലാർ ഒന്നും മിണ്ടിയില്ല. മുറിയുടെ മൂലയിൽ വച്ചിരുന്ന പെട്ടി അദ്ദേഹം മറിച്ചിട്ടു. ചിതറിവീണ പുസ്തകങ്ങൾക്കിടയിൽനിന്നും തുകൽ ചട്ടയിട്ട ഒരു പഴയ ബൈബിൾ വലിച്ചെടുത്തു. തറയിൽ ചടഞ്ഞിരുന്നുകൊണ്ട് തിടുക്കത്തോടെ പേജുകൾ മറിച്ചു. എവിടെയോ കണ്ണുകൾ തടഞ്ഞു.  ബൈബിൾ മടക്കിവച്ചു. കുറച്ചുനേരം ചിന്തയിൽ കഴിഞ്ഞതിനുശേഷം എഴുന്നേറ്റു വന്നു. ദേവരാജൻ മാസ്റ്ററുടെ മുന്നിലിരുന്ന  കടലാസ് കയ്യിലെടുത്തു. ഫൗണ്ടൻ പേനകൊണ്ട് ചരണത്തിലെ രണ്ടു വരികൾ വെട്ടി, പുതിയ വരികൾ എഴുതിച്ചേർത്തു-

 

'അന്നന്ന് ഞങ്ങൾ വിശന്നുവരുമ്പോൾ

അപ്പം നൽകേണമേ'.

 

പഴയ വരികളും പുതിയ വരികളും മാസ്റ്റർ താരതമ്യപ്പെടുത്തിനോക്കി. ആദ്യം എഴുതിയ വരികൾ രചനാഭംഗികൊണ്ടും പദസമൃദ്ധികൊണ്ടും മികച്ചതായി തോന്നി. അപ്പോൾ വയലാർ പറഞ്ഞു, 'അതൊന്നും നോക്കണ്ട. വിശന്നു വരുന്നവന് ഭക്ഷണം കൊടുക്കുന്നവനാണ് ദൈവം. അതിനെക്കാൾ വലിയ ദൈവസ്നേഹവും  ഇല്ല'. വയലാർ നയം വ്യക്തമാക്കിക്കഴിഞ്ഞു. ഇനി വർത്തമാനം  ആവശ്യമില്ല. മീറ്ററിൽ ചെറിയ വ്യത്യാസം കണ്ടെങ്കിലും അതിനു ചേർന്നതരത്തിൽ  മാസ്റ്റർ ഈണത്തിൽ മാറ്റം വരുത്തി, അതിനെ നമ്മൾ  ഇപ്പോൾ കേൾക്കുന്ന തരത്തിലാക്കി. ഗാനം  ജനപ്രിയമായി.

 

ഇതുപോലെ, ഷാജൂൺ കാര്യാൽ സംവിധാനം നിർവഹിച്ച  'സർ സി.പി' എന്ന ജയറാംചിത്രത്തിനുവേണ്ടി ഒരു ക്രൈസ്തവഗാനം എഴുതാൻ എനിക്കും അവസരമുണ്ടായി. സെജോ ജോൺ ഈണം നൽകി, സിതാര പാടിയ 'നിന്റെ നിഴൽകൊണ്ട് ഞങ്ങളെ സൃഷ്ടിച്ച നാഥാ'  എന്നു തുടങ്ങുന്ന ഗാനം ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.  പക്ഷേ ആ ഗാനത്തെച്ചൊല്ലി സെജോയും ഞാനും ഇന്നും അഭിമാനിക്കുന്നുണ്ട്. ധാരാളം ക്രൈസ്തവഭക്തിഗീതങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുള്ള  ജീവിതപങ്കാളി പുഷ്പ ഈ ഗാനം പലപ്പോഴും വളരെ ഭക്തിയോടെ പലപ്പോഴും പാടാറുണ്ട്.

 

ഒരിക്കൽ ബ്രോഡ് വേയിലെ  'ഭാരത്  കോഫി ഹൗസി'ൽ കാപ്പി കഴിച്ചുകൊണ്ടിരിക്കേ, ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. ഭാര്യയും കുഞ്ഞുമോളും കൂടെയുണ്ട്.  സെജോയുടെ സ്നേഹിതനാണെന്നും എന്നെ പരിചയമുണ്ടെന്നും 'സർ സി.പി'യിലെ ഗാനം  ഒരുപാടു  തവണ കേട്ടിട്ടുണ്ടെന്നും നല്ലവാക്കുകൾ പറഞ്ഞു. അതിനിടെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടന്ന ചില നിഗൂഢമായ ആശയവിനിമയങ്ങൾ ഞാൻ കണ്ടില്ലെന്നു  വച്ചു. ഒടുക്കം ആ യുവതിതന്നെ കഥ പറഞ്ഞുതുടങ്ങി. അതിങ്ങനെയായിരുന്നു.

 

ഏതോ ക്രിസ്മസ് മാസത്തിലെ ഞായറാഴ്ചദിവസം.  അവരുടെ പള്ളിയിൽ നടന്ന കുർബാനയുടെ  നടുവിൽ, നല്ലൊരു കലാസ്വാദകൻകൂടിയായ വികാരിയച്ചൻ ഒരു സിനിമാപ്പാട്ടിലെ ഏതാനും വരികൾ പാടി. പാടുന്നതിനുമുമ്പായി, 'ആരാണ് ക്രിസ്ത്യാനി' എന്ന വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പ ആയിടെ നടത്തിയ പ്രസ്താവന വിശദീകരിച്ചു- മാമോദീസാ മുങ്ങിയതുകൊണ്ടോ ക്രൈസ്തവസഭയിൽ അംഗത്വമെടുത്തതുകൊണ്ടോ  പള്ളിയിൽ കൃത്യമായി ഹാജരാവുന്നതുകൊണ്ടോമാത്രം ഒരാൾ ക്രിസ്ത്യാനിയാകുന്നില്ല. ക്രിസ്തുമതത്തിനു  വെളിയിലും  ബൈബിളിലെ  ആശയങ്ങൾ ഉൾക്കൊണ്ടു  ജീവിക്കുന്ന സാധാരണക്കാരുണ്ട്, കലാകാരന്മാരുണ്ട്. സത്യത്തിൽ അവരെയും ക്രിസ്ത്യാനികളായി കണക്കാക്കണം.  വികാരിയച്ചൻ ഈ ആശയത്തെ വിശ്വാസികളുടെ മുമ്പിൽ സോദാഹരണം  വിശദീകരിച്ചു. അതിനുശേഷം അദ്ദേഹം പാടി-

 

'നിന്റെ നിഴൽകൊണ്ട് ഞങ്ങളെ സൃഷ്ടിച്ച നാഥാ,

നിന്റെ ആകാശവും ഭൂമിയും നന്മയും പങ്കിട്ടുതന്ന പിതാവേ!'

 

അതിനു തുടർച്ചയായി  അദ്ദേഹം പറഞ്ഞ വരി ഇങ്ങനെയായിരുന്നു- 'നിങ്ങൾ ഇപ്പോൾ കേട്ട പാട്ട് എഴുതിയ മധു വാസുദേവൻ ഒരു ക്രിസ്ത്യാനി അല്ല,  പക്ഷേ  ക്രിസ്ത്യാനിയാണ്'.  സെജോയുടെ സ്നേഹിതന്റെ സഹധർമിണി നൽകിയ ഈ സാക്ഷ്യം എന്നെ പൊട്ടിച്ചിരിപ്പിച്ചു.  അടുത്തനിമിഷം ഞാനോർത്തു, ഇതിനെക്കാൾ വിശുദ്ധിയുള്ള വേറേ  ഏത് അംഗീകാരമാണ് ആ ഗാനത്തിനു  ലഭിക്കേണ്ടത് !

 

മഞ്ഞുകാലത്തിന്റെ അകമ്പടിയോടെ ഓരോ ക്രിസ്മസും കടന്നുവരുമ്പോൾ  ഈ അനുഭവകഥ ഞാൻ പ്രാർഥനയോടെ ഓർക്കും. ജീസസ് എന്നിൽ ഉയർത്തെഴുനേൽപ്പിച്ച  ഈ വരികളും ഓർക്കും-

 

'ആരുമില്ലാത്തവർക്ക്

ആശ്രയമായൊരു

വെള്ളിനക്ഷത്രം ഉദിച്ചെന്നു  കേട്ടനാൾ

യാത്ര തുടങ്ങിയനാഥരാം  ഞങ്ങൾക്ക്

പായും പങ്കായവുമായിരിക്കേണമേ.

ഈ മഴ തീമഴ തോരുകില്ലേ,

ഈ കൊടുങ്കാറ്റും അടങ്ങുകില്ലേ?'

 

തീർച്ചയായും, തീമഴകൾ തോരും, കൊടുങ്കാറ്റുകൾ അടങ്ങും. അതിനുവേണ്ട നന്മകളാലും നീതിബോധത്താലും നിറയട്ടെ, ഈ ക്രിസ്മസ്ദിനം.

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com