ADVERTISEMENT

ശുദ്ധസംഗീതത്തിന്റെ സംശുദ്ധി ജീവിതത്തിലും പകര്‍ന്നൊരാള്‍. സംഗീതത്തിന്റെ വിശാല ലോകത്തെ അടുത്തറിയാന്‍ ശ്രമിക്കുമ്പോഴും ആ ജ്ഞാനം സിനിമാസംഗീതത്തിലേക്ക് കലര്‍ത്തിയില്ല. ലളിതസുന്ദരമായ താളങ്ങളോടെ ആര്‍ദ്രതമായ അനുഭൂതിയായിരുന്നു ആ ഗാനങ്ങള്‍.  അങ്ങനെ പിറന്ന ഗാനങ്ങള്‍ ഇന്നും ആസ്വാദകനില്‍ നിറഞ്ഞു തുളുമ്പുന്നത് അതുകൊണ്ടു തന്നെ. കൈതപ്രം വിശ്വനാഥന്‍ സംഗീതലോകത്ത് വ്യത്യസ്തനായി തീര്‍ന്നത് ഇങ്ങനെയൊക്കെയായിരുന്നു. ചെയ്ത ഗാനങ്ങളൊക്കെയും കാലാതീതമായി ഒഴുകും. എണ്ണത്തേക്കാള്‍ അത് ആസ്വാദനത്തില്‍ എത്രയോ മുന്നിലാണ്. അവസരങ്ങള്‍ക്കുവേണ്ടി എങ്ങും കൈനീട്ടിയില്ല. കിട്ടിയ അവസരങ്ങളിലൊക്കെ പിറന്നത് മലയാളിയുടെ ഹൃദയത്തില്‍ പൂകൊണ്ടു തഴുകുന്ന സുഖം പകര്‍ന്ന ഗാനങ്ങളും. 

 

മലയാള സിനിമ വേണ്ടവിധത്തില്‍ വിശ്വനാഥനെ ഉപയോഗിക്കാതെ പോയി എന്ന പരിഭവം പറയാത്ത സംഗീതപ്രേമികളുണ്ടോ? പുഴ തഴുകി ഉണര്‍ത്തുന്ന സുഖമായിരുന്നു ആ ഗാനങ്ങള്‍ക്കൊക്കെയും. മെലഡി കൊണ്ട് ആസ്വാദകരെ പുണരുമ്പോള്‍ മാത്രമാണ് ആസ്വാദനത്തിന്റെ പരകോടിയിലെത്തുന്നതെന്ന വിശ്വാസം വിശ്വനാഥന്‍ തന്റെ സംഗീതയാത്രയിലുടനീളം പിന്‍തുടര്‍ന്നു. അതുകൊണ്ടാകാം സംഗീത പ്രധാനമായ സിനിമകളിലേക്ക് ആ സാന്നിധ്യമെത്തിയതും.

 

ജ്യേഷ്ഠനായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീതയാത്രയില്‍ എക്കാലത്തും കൂട്ടായി വിശ്വനാഥനുമുണ്ടായിരുന്നു. അദ്ദേഹം സംഗീതം ചെയ്ത സിനിമകളില്‍ സഹായി ആയി പ്രവര്‍ത്തിച്ചുകൊണ്ട് സിനിമാലോകത്ത് തുടക്കംകുറിച്ചു. അക്കാലം മുതല്‍ സംവിധായകന്‍ ജയരാജുമായുള്ള സൗഹൃദമാണ് വിശ്വനാഥനേയും സിനിമാലോകത്തേക്ക് എത്തിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചിത്രത്തിലൂടെ വിശ്വനാഥനെന്ന സംഗീതസംവിധായകന്‍ അരങ്ങേറ്റം കുറിക്കുന്നതും.

 

നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിനടുത്തുള്ള  ചെറിയൊരു മുറിയിലായിരുന്നു കണ്ണകിയിലെ പാട്ടൊരുക്കം. പാട്ടെഴുതാന്‍ സഹോദരന്‍ കൈതപ്രം, സംവിധായകന്‍ ജയരാജ് എന്നിവരൊക്കെ ചുറ്റും അണിനിരന്നപ്പോഴും വിശ്വനാഥന് ആദ്യ സിനിമയുടെ ലവലേശം ആധിയൊന്നുമില്ല. എന്തിന് അസ്വസ്ഥത തോന്നണം? ചുറ്റുമുള്ളവരൊക്കെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവര്‍... ധന്വന്തരിയെ തൊഴുത് വിശ്വനാഥന്‍ പാട്ടൊരുക്കത്തിന് തയാറായി. സന്ദര്‍ഭങ്ങള്‍ ഓരോന്നും ജയരാജ് പറയുമ്പോള്‍ വിശ്വനാഥന് ഒരുപാട് ആലോചിക്കേണ്ടിയും വന്നില്ല. ധന്വന്തരി മൂര്‍ത്തിയുടെ ദീപാരാധനയ്ക്ക് മണിമുഴങ്ങുമ്പോഴേക്കും നാലു പാട്ടുകളൊരുക്കി വിശ്വനാഥനും സംഘവും പോകാന്‍ എഴുന്നേറ്റു. വേഗതയും സംഗീതത്തിലെ ശാസ്ത്രീയ അവബോധവും വിശ്വനാഥനെ വേഗത്തില്‍ പാട്ടൊരുക്കുന്ന സംഗീത സംവിധായകനാക്കി മാറ്റിയിരുന്നു.

 

കൊച്ചിയിലെ ലാല്‍ മീഡിയയിലാണ് റെക്കോര്‍ഡിങ്. ഒരു പാട്ടുകൂടി ബാക്കി ചെയ്യാനുള്ളതിനാല്‍ എല്ലാവരും അതിരാവിലെ സ്റ്റുഡിയോയിലെത്തി. നമുക്കൊരു പാട്ട് എഴുതി ചെയ്യാമെന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നത് വിശ്വനാഥന്‍ തന്നെയാണ്. എങ്കിലങ്ങനെയാകട്ടെ എന്ന് ജയരാജും പറഞ്ഞതോടെ കൈതപ്രത്തിനുണ്ടോ ആലോചന... കയ്യിൽ കിട്ടിയ പേപ്പറില്‍ അതിവേഗത്തില്‍ വരികളെഴുതി...ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം... ആദ്യ വായനയില്‍ തന്നെ ജയരാജിന് വരികള്‍ നന്നെ ബോധിച്ചു. എങ്കിലിനി സമാധാനമായി ഇരുന്ന് കമ്പോസിങ് നടക്കട്ടെ, ഞങ്ങളൊരു ചായ കുടിച്ചു വരാം എന്നു പറഞ്ഞ് കൈതപ്രം മറ്റുള്ളവരേയുംകൂട്ടി പുറത്തേക്കു നടന്നു. 

 

എല്ലാവരും പോയതോടെ കൈതപ്രം ആ വരികളില്‍ ആദ്യം തോന്നിയ ട്യൂണ്‍ മൂളി നോക്കി. ട്രാക്ക് പാടാന്‍ വന്ന കല്ലറ ഗോപന്‍ ആദ്യ ആസ്വാദകനായി. കൊള്ളാമെന്ന അഭിപ്രായം ഗോപനില്‍ നിന്നും വന്നതോടെ വിശ്വനാഥനും പ്രതീക്ഷയായി. ചായ കുടിച്ച് ജയരാജും സംഘവും മടങ്ങി വന്നപ്പോഴേക്കും വിശ്വനാഥന്‍ പാടി തുടങ്ങി...ഇനിയൊരു ജന്മമുണ്ടെങ്കില്‍......അഭിപ്രായം പറയും മുന്നേ ജയരാജ് വിശ്വനാഥനെ കെട്ടിപിടിച്ചു...

 

വിശ്വനാഥന്റെ ഹിറ്റുകളേറെയും പിറന്നത് കൈതപ്രത്തിന്റെ വരികളിലും യേശുദാസിന്റെ ആലാപനത്തിലുമാണ്. കണ്ണകിയിലെ ‘എന്നു വരും നീ’ എന്ന ഗാനം ആലപിച്ച ശേഷം യേശുദാസ് ഒരു നിമിഷം നിശബ്ദനായി. സ്റ്റുഡിയോയില്‍ നിന്നും മടങ്ങും മുന്‍പ് വിശ്വനാഥന്റെ കൈകളെ ചേര്‍ത്തു പിടിച്ച് കണ്ണുകളിലേക്ക് നോക്കി... എന്താ ദാസേട്ടാ.. എന്ന വിശ്വനാഥന്റെ ചോദ്യത്തിന് യേശുദാസിന്റെ മൗനമായിരുന്നു മറുപടി. പോകും മുന്‍പ് യേശുദാസ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയോട് വൈകാരികമായി മനസ്സു തുറന്നു. അസ്സല്‍ പാട്ടെന്നു പറഞ്ഞാല്‍ പോരാ.... 

 

എന്നാല്‍ സിനിമയില്‍ വന്നത് ചിത്ര പാടിയ പാട്ടായിരുന്നു. പിന്നീട് കണ്ടുമുട്ടുമ്പോള്‍ യേശുദാസ് ആ പരിഭവം വിശ്വനാഥനോട് മറച്ചുവച്ചില്ല.  പുഞ്ചിരിയോടെ യേശുദാസിനെ കെട്ടിപിടിച്ചു. ആ പരാതിക്കുള്ള മറുപടിയായിരുന്നു തിളക്കത്തിലെ എനിയ്‌ക്കൊരു പെണ്ണുണ്ട് എന്ന ഗാനം

 

ചെയ്ത ഗാനങ്ങളിലൊക്കെയും പ്രേക്ഷകരെ ചേര്‍ത്തു നിര്‍ത്തുന്ന ഇന്ദ്രജാലം വിശ്വനാഥന് വശമുണ്ടായിരുന്നു. നീയൊരു പുഴയായും, കൈയെത്തു ദൂരെ, ഏഴാം ബഹറിന്റെ തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടി. സാറേ സാറേ സാമ്പാറേപോലെയുള്ള ഗാനങ്ങള്‍ ഒരുക്കുമ്പോഴും കൈതപ്രം തന്റെ മെലഡിയുടെ വഴി മറന്നില്ല. 

 

ഹിറ്റുകള്‍ പിറന്നിട്ടും വിശ്വനാഥനെ തേടി എത്തുന്ന അവസരങ്ങള്‍ കുറഞ്ഞപ്പോഴും ആരോടും അപ്പോഴും പരാതി പറഞ്ഞില്ല. തന്റെ ഉള്ളിലെ സംഗീതത്തെ ഉപാസിച്ചുകൊണ്ട് നല്ല പാട്ടുകള്‍ക്കായി കാത്തിരുന്നു. മരണ വാതില്‍ കടന്ന് ആ സംഗീതഞ്ജന്‍ യാത്രയാകുമ്പോഴും നമുക്ക് പാടാന്‍ എത്രയോ നല്ല ഗാനങ്ങള്‍...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com