സമ്പാദ്യം മുഴുവൻ ചിലവിട്ട് ലതാജിക്ക് സമ്മാനം ഒരുക്കിയ ചായക്കടക്കാരൻ

Lata Mangeshkar.(photo:Twitter)
SHARE

സംഗീതരംഗത്തു ലത മങ്കേഷ്‌കർക്കു ലഭിക്കാത്ത പുരസ്‌കാരങ്ങളില്ല. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം (2001) രണ്ടാമതു സ്വന്തമാക്കുന്ന ഗായിക ലതയാണ്. (ആദ്യം എം.എസ്. സുബ്ബുലക്ഷ്‌മിക്ക് ). പത്മഭൂഷൺ (1969), പത്മവിഭൂഷൺ (1999), ദാദാ സാഹേബ് പുരസ്‌കാരം(1989), മൂന്നു ദേശീയ അവാർഡുകൾ, എട്ട് ഫിലിം ഫെയർ അവാർഡുകൾ, ഫിലിം ഫെയർ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്(1993),1974 മുതൽ 1991 വരെ ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്‌തതിനുള്ള ഗിന്നസ് റെക്കോർഡ്, ഒട്ടേറെ സംസ്‌ഥാന പുരസ്‌കാരങ്ങൾ... അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ബഹുമതികളുടെ നിര. 

ഇനി സംസ്‌ഥാന, ദേശീയ പുരസ്‌കാരങ്ങൾക്കു തന്നെ പരിഗണിക്കരുതെന്നു ഭാരതരത്നം ലഭിച്ചശേഷം അവർ ആവശ്യപ്പെട്ടിരുന്നു. പുതിയ തലമുറയ്‌ക്കായി പുരസ്‌കാര വഴിയിൽനിന്നു താൻ മാറുകയാണെന്നായിരുന്നു അവരുടെ വിശദീകരണം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അറുപതാം വർഷം സിനിമാ മേഖലയിലെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരത്തിനും അവർ തിരഞ്ഞെടുക്കപ്പെട്ടു. ലതയ്‌ക്കൊപ്പം ദിലീപ് കുമാർ, തപൻ സിൻഹ, സരോജാദേവി എന്നിവർക്കാണ് അന്നു പുരസ്‌കാരം ലഭിച്ചത്. ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ‘നൈറ്റ് ഓഫ് ദ് ലീജിയൻ ഓഫ് ഓണർ’ സമ്മാനമാണ് വിദേശത്തുനിന്നു ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇന്ത്യയിൽ നിന്നു മുമ്പ് സത്യജിത് റേക്കു മാത്രമേ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളൂ. 

ലതയുടെ ജന്മനാടായ മധ്യപ്രദേശിലെ സർക്കാർ അവരുടെ പേരിൽ സംഗീതത്തിലെ സമഗ്ര സംഭാവനയ്‌ക്കു പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തുന്നത് അപൂർവമാണ്. പക്ഷേ, ഇതിൽനിന്നെല്ലാം വേറിട്ടു നിൽക്കുന്ന, മറ്റാർക്കും ലഭിക്കാത്ത ഒരു സമ്മാനം ലതയ്‌ക്കു ലഭിച്ചിട്ടുണ്ട്. അത് എൺപതാം പിറന്നാളിനാണ്. അവരുടെ ജന്മനാടായ ഇൻഡോറിൽ ഒരു മ്യൂസിയം– ‘ലതാ മങ്കേഷ്‌കർ ഗ്രാമഫോൺ റെക്കോഡ് മ്യൂസിയം’! ലതയുടെ ഗാനങ്ങളുടെ 28,322 ഗ്രാമഫോൺ റെക്കോഡുകളാണ് ഈ മ്യൂസിയത്തിൽ ഉള്ളത്. സമ്മാനിച്ചത് അവരുടെ കടുത്ത ആരാധകനായ സുമൻ ചൗരസ്യ. ആരാണ് ഈ സുമൻ ചൗരസ്യ ? ഇൻഡോർ റയിൽവേ സ്‌റ്റേഷനുമുന്നിൽ ചായക്കട നടത്തുന്നയാൾ. തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ചെലവാക്കിയാണ് അയാൾ തന്റെ പ്രിയ ഗായികയ്‌ക്ക് ഈ അമൂല്യ സമ്മാനം നൽകിയത്.! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA