ADVERTISEMENT

സംഗീതജീവിതത്തിന്റെ തുടക്കം മുതലേ വിവാദങ്ങൾ വാനമ്പാടിക്കു കൂട്ടുണ്ടായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ എസ്.ഡി ബർമനോട് മുതൽ ചലച്ചിത്രലോകത്തെ ഏറ്റവും മാന്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദ് റഫിയോടുവരെ ലത പലപ്പോഴായി ഇടഞ്ഞു. ചില കലഹങ്ങൾ ചലച്ചിത്ര ലോകത്തെ സ്തംഭിപ്പിച്ചു. ചിലരുടെ സംഗീതജീവിതംതന്നെ തുലച്ചു. ആസ്വാദകലോകത്തിനാവട്ടെ, മികച്ച ഒരുപിടിഗാനങ്ങൾ എന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു. ആ സംഭവങ്ങളിലൂടെ.

 

 

1949– ജി.എം. ദൂറാനി

 

പ്രശസ്‌തിയുടെ കൊടുമുടിയിൽനിന്ന് ഗായകൻ ജി.എം.ദൂറാനിയെ പട്ടിണിയിലേക്കും പ്രാരബ്ധത്തിലേക്കും തള്ളിയിട്ടത് ലതയുടെ വാശിയായിരുന്നു. ലതയുടെ തുടക്കകാലത്ത് 1949ലായിരുന്നു ആ സംഭവം. ‘ചാന്ദ്‌നി രാത്തി’ലെ ‘ഹായേ ചോരി കി ജാത് ബഡി’ എന്ന യുഗ്മഗാനത്തിന്റെ റിക്കോർഡിങ് ആണു സന്ദർഭം. ലതയ്ക്കൊപ്പം പാടുന്നത് ദൂറാനി. റിക്കോർഡിങ്ങിനിടയ്ക്ക് ദൂറാനി ഒരുനിമിഷം ലതയുടെ കഴുത്തിലെ മാലയെപ്പറ്റി എന്തോ പറഞ്ഞു. അടുത്തനിമിഷം ലത പൊട്ടിത്തെറിച്ചു. ദൂറാനിയെ മാറ്റാതെ താൻ പാടില്ലെന്നു ലത വാശിപിടിച്ചു. ഒടുവിൽ നൗഷാദിനു വഴങ്ങേണ്ടിവന്നു. ദൂറാനിയെ ഒഴിവാക്കി സദാത്‌ഖാൻ എന്നൊരു പുതിയ ഗായകനെ നിയോഗിച്ചു അദ്ദേഹം. അക്കാലത്തെ തിരക്കേറിയ ഗായകനായിരുന്ന ജി.എം. ദൂറാനിയുടെ പതനം അതോടെ തുടങ്ങി.

 

 

1952– ഓംകാർ പ്രസാദ് നയ്യാർ

 

തന്റെ സംഗീതലോകത്തുനിന്ന് ആയുഷ്‌കാലം മുഴുവൻ ലതയെ ഒഴിച്ചു നിർത്തിയ ഒരേയൊരു സംഗീത സംവിധായകനേയുള്ളു-ഓംകാർ പ്രസാദ് നയ്യാർ എന്ന ഒ.പി.നയ്യാർ. പിണക്കത്തിനെക്കാൾ ശത്രുതയായിരുന്നു ഇരുവരും തമ്മിലെന്നു പറയാം. നയ്യാർ സ്വതന്ത്ര സംഗീത സംവിധായകനായ ആദ്യ ചിത്രം ‘ആസ്‌മാനി’ൽ പാടാൻ കരാറായെങ്കിലും നയ്യാരും പശ്‌ചാത്തല സംഗീതവാദകരും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ലത എത്തിയില്ല. മേലിൽ തന്റെ ഒരു ചിത്രത്തിലും ലത പാടില്ലെന്ന് നയ്യാർ പ്രഖ്യാപിച്ചു. ലതയുടെ സഹോദരി ആശയെക്കൊണ്ടാണ് അദ്ദേഹം ഹിറ്റുകൾ സൃഷ്‌ടിച്ചത്. ലതയുടെ പേരിൽ മധ്യപ്രദേശ് സർക്കാർ നൽകിയ പുരസ്‌കാരം പോലും നയ്യാർ നിരസിച്ചു. 

 

 

1958– എസ്.ഡി.ബർമൻ

 

തും നാ ജാനേ...(സാസ), ദിൽസെ മിലാ കെ ദിൽ... (ടാക്‌സി ഡ്രൈവർ ), ഠണ്ഡി ഹവായേ...(നൗജവാൻ),   ചാന്ദ് ഫിർ നികലാ...(പേയിങ് ഗെസ്‌റ്റ് ) തുടങ്ങി തുടക്കംമുതലേ ലതയ്ക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകനായിരുന്നു സച്ച് ദേവ് ബർമൻ എന്ന എസ്.ഡി ബർമൻ. 

‘സിതാരോം സെ ആഗെ’ എന്ന ചിത്രത്തിലെ ‘ പഗ് തുമക് ചലത്...’ എന്ന ഗാനം ലത പാടിത്തീർന്നപ്പോൾ ഒന്നുകൂടി പാടാൻ ബർമൻ ആവശ്യപ്പെട്ടു. ലത പാടി. അടുത്ത ദിവസം പാട്ടു കേട്ട ബർമനു സംശയം, ശബ്‌ദം കൂടുതൽ മൃദുലമായിപ്പോയോ? വീണ്ടും വന്നു പാടാൻ ലതയോടാവശ്യപ്പെട്ടു. വിദേശയാത്രയ്ക്ക് ഒരുങ്ങുകയായിരുന്ന ലത അസൗകര്യം അറിയിച്ചതു ബർമന് ഇഷ്ടപ്പെട്ടില്ല.  തിരിച്ചുവരുമ്പോൾ ആദ്യ റിക്കോർഡിങ് തന്റെ പാട്ടായിരിക്കണം എന്നു ബർമൻ നിർദേശിച്ചപ്പോൾ  ഉറപ്പു പറയാൻ പറ്റില്ലെന്നു ലതയും തിരിച്ചടിച്ചു.  

 

ബർമനു വാശിയായി. ലതയുടെ സഹോദരി ആശയെക്കൊണ്ട് അദ്ദേഹം ആ പാട്ടു പാടിച്ചെങ്കിലും തൃപ്തിയായില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെ ലത രണ്ടാമതു പാടിയ ട്രാക്ക് തന്നെ അദ്ദേഹം സിനിമയിൽ ഉപയോഗിച്ചു. എങ്കിലും പിന്നീട് 5 വർഷം ലതയെ പൂർണമായി അദ്ദേഹം ഒഴിവാക്കി. ഒടുവിൽ എസ്.ഡിയുടെ മകൻ ആർ.ഡി. ബർമൻ മുൻകൈ എടുത്താണ് 1963ൽ ‘ബന്ധിനി’ എന്ന ചിത്രത്തിലൂടെ ഇരുവരെയും ഒന്നിപ്പിച്ചത്. ലതയെ സ്റ്റുഡിയോയിൽ കണ്ട ബർമൻ വികാരാധീനനായി പറഞ്ഞു. ‘നീ ആണ്‌ എന്റെ ഫസ്‌റ്റ് സേർവ്. ആശ സെക്കൻഡ് സേർവ് മാത്രം’ പിന്നീടങ്ങോട്ട് ഇരുവരും ചേർന്നു വീണ്ടും ഹിറ്റുകളൊരുക്കി.

 

 

1960– മുഹമ്മദ് റഫി

 

റോയൽറ്റിയെ ചൊല്ലിയുള്ള തർക്കമാണ് ലതയെയും റഫിയെയും അകറ്റിയത്. സിനിമാ നിർമാതാക്കൾ സംഗീതസംവിധായകർക്ക് നൽകുന്ന 5 ശതമാനം റോയൽറ്റിയുടെ പകുതി, ഗായകർക്കുകൂടി അവകാശപ്പെട്ടതാണെന്നു പറഞ്ഞ് ലതയുടെ നേതൃത്വത്തിൽ പിന്നണിഗായകർ രാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ റഫി ഒപ്പുവയ്ക്കാഞ്ഞതാണു പ്രശ്നമായത്. ഒരിക്കൽ പ്രതിഫലം വാങ്ങിക്കഴിഞ്ഞാൽ പിന്നെ ഗായകനു കൂടുതൽ പ്രതിഫലത്തിന് അവകാശമില്ല എന്നായിരുന്നു റഫിയുടെ നിലപാട്.  കിഷോർ കുമാർ, മുകേഷ്, തലത് മഹ്‌മൂദ്, മന്നാഡേ എന്നിവർ ലതയ്‌ക്കൊപ്പം നിന്നപ്പോൾ ലതയുടെ സഹോദരി ആശാ ഭോസ്‌ലേ റഫിയെ പിന്തുണച്ചു. പിണക്കത്തെ തുടർന്ന് 1963 മുതൽ 1967 വരെ നാലു വർഷം ലതയും റഫിയും ഒരുമിച്ചു പാടിയില്ല. 

അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ സമയം ഹിന്ദിസിനിമ രണ്ടു ചേരിയിലായി നിലയുറപ്പിച്ചു. ലതയുടെ ആരാധകരായ നിർമാതാക്കൾ റഫിയെപ്പോലെ പാടുന്ന മഹേന്ദ്രകപൂറിനെ കൊണ്ടുവന്നു. റഫിയുടെ അനുചരർ ലതയുടെ ശബ്ദംപോലെ തോന്നിപ്പിക്കുന്ന സുമൻ കല്യാൺപൂറിനെയും. ആർ.ഡി.ബർമൻ മുൻകൈ എടുത്താണ് പിണക്കം മാറ്റിയത്.

 

 

1963– സി. രാമചന്ദ്ര

 

ഗായികയും സംഗീത സംവിധായകനും തമ്മിലുള്ള ബന്ധത്തിനപ്പുറത്തേക്കു വളർന്ന സൗഹൃദമായിരുന്നു ലതയുടേതും രാമചന്ദ്രയുടേതും.  എന്നിട്ടും ഇടയ്‌ക്കെവിടെയോ വച്ച് ലതയും രാമചന്ദ്രയും വഴിപിരിഞ്ഞു. വിവാഹാഭ്യർഥന ലത നിരസിച്ചതിലുള്ള നിരാശയും രോഷവുമാണ് രാമചന്ദ്രയെ ശത്രുവാക്കി മാറ്റിയതെന്നു കഥയുണ്ട്. എന്തായാലും ആ അകൽച്ച തകർത്തത് രാമചന്ദ്രയുടെ സംഗീത ഭാവിയാണ്. ലതയുടെ ശത്രുവായി മാറിയതോടെ, രാമചന്ദ്രയെ തേടി നിർമാതാക്കൾ വരാതെയായി. 

 

 

 

1986– രവീന്ദ്ര ജെയിൻ

 

മുംബൈ താജ് ഹോട്ടലിൽ ‘രാം തെരി ഗംഗാ മൈലി’ എന്ന രാജ് കപൂർ ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ എച്ച്എംവി. സംഘടിപ്പിച്ച ചടങ്ങാണു വേദി. ചിത്രത്തിൽ ലത പാടിയ ‘സുൻ സാഹിബാ സൂൻ’ എന്ന ഗാനം രവീന്ദ്ര ജെയിനിനു ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത സമയമായിരുന്നു. പ്രസംഗത്തിനിടെ ലത പറഞ്ഞു: ’രാജ് കപൂർ ചിത്രങ്ങളിൽ സംഗീത സംവിധായകന് പ്രസക്‌തിയില്ല. അന്നും ഇന്നും സ്വന്തം സിനിമകളിലെ പാട്ടുകൾ ചിട്ടപ്പെടുത്തുന്നത് രാജ്‌കപൂർ തന്നെ. ആ പാട്ടുകൾ മറ്റുള്ളവരുടെ പേരിൽ അറിയപ്പെടുന്നു എന്നു മാത്രം.’ 

കാഴ്ചശക്തിയില്ലെങ്കിലും രവീന്ദ്ര ജെയിൻ പുറംലോകത്തിന്റെ പരിഹാസം നിറഞ്ഞനോട്ടം ഉള്ളിലറിഞ്ഞു.  ബോളിവുഡ് സംഗീത ലോകത്ത് മങ്കേഷ്‌കർ സഹോദരിമാർ കത്തിജ്വലിച്ചു നിൽക്കുന്ന കാലത്ത്, 1977 ൽ, ‘ചിത്‌ചോറി’ലെ ‘തൂജോ മേരി സുർ മേ’ എന്ന ഗാനത്തിലൂടെ ഹേമലതയ്ക്ക് ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തതിന്റെ പക തീർക്കുകയാണ് ലതയെന്ന് രവീന്ദ്ര ജെയിന് ഉറപ്പായിരുന്നു. 

 

1947– ദിലീപ് കുമാർ

 

1947 ജൂലൈയിലാണു സംഭവം. മുംബൈയിലെ അന്ധേരി റയിൽവേസ്റ്റേഷനിൽനിന്നു ബോംബെ സെൻട്രൽ സ്റ്റേഷനിലേക്ക് പതിനേഴുകാരിയായ ലതയും അക്കാലത്തെ പ്രശസ്ത സംഗീതസംവിധായകൻ അനിൽ ബിശ്വാസും ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. അതേ കംപാർട്ട്മെന്റിൽ മറ്റൊരു ഗായകനുമുണ്ടായിരുന്നു-യൂസഫ് ഖാൻ.  ദിലീപ് കുമാർ എന്ന പേരിൽ അദ്ദേഹം നടനായി പേരെടുത്തുതുടങ്ങുന്നതേയുള്ളൂ. ലതയെ അനിൽ ബിശ്വാസ്, ദിലീപ്കുമാറിനു പരിചയപ്പെടുത്തിയെങ്കിലും അദ്ദേഹം അത്ര താൽപര്യം കാട്ടിയില്ല.

‘‘മറാഠിക്കാരുടെ ഉർദു ഉച്ചാരണം വികലമാണ്. ഉർദു നന്നായി പറയാൻ കഴിയാത്തവർ ഹിന്ദി പാടി വിജയിക്കില്ല. ഈ പെൺകുട്ടി വിജയിക്കുന്നകാര്യം സംശയമാണ്.’’ ദിലീപ് കുമാറിന്റെ വാക്കുകൾ ലതയെ ചൊടിപ്പിച്ചു. 

 

‘അനിൽദാ, ഞാനിതിനു പകരം വീട്ടും.’–സീറ്റിലേക്കു മടങ്ങുമ്പോൾ ലത വാശിയോടെ പറഞ്ഞു. അന്നുമുതലാണ് ലത വാശിയോടെ ഉർദു പഠിച്ചത്. പ്രതികാരത്തിന് അവസരം കിട്ടി. സലിൽ ചൗധരിയാണ് അതിന് അവസരം ഒരുക്കിയത്. ‘മുസാഫിർ’ എന്ന സിനിമയിൽ യൂസഫ് ഖാനെക്കൂടി  പാടിക്കണമെന്ന് സലിൽദാ തീരുമാനിച്ചു. ചിത്രത്തിനുവേണ്ടി തയാറാക്കിയ 6 ഗാനങ്ങളിൽ ‘ലഗി നഹി ഛൂട്ടേ രാമാ, ചാഹേ ജിയേ ജായേ’ എന്നുതുടങ്ങുന്ന യുഗ്മഗാനമാണ് ലതയ്ക്കും ദിലീപിനുമായി കരുതിവച്ചത്. റെക്കോർഡിങ് തുടങ്ങിയതോടെ ദിലീപ് കുമാറിന്റെ ആത്മവിശ്വാസം തകർന്നു. ലതയോടു യാത്രപോലും പറയാതെയാണ് ദിലീപ് സ്റ്റുഡിയോ വിട്ടുപോയത്. സൗന്ദര്യപ്പിണക്കം രണ്ടു ദശാബ്ദത്തിലേറെ നീണ്ടു. ആ സംഭവത്തോടെ പിന്നണിഗാനത്തോടു വിടപറഞ്ഞ് ദിലീപ്കുമാർ ശോകാഭിനയ ചക്രവർത്തിയായി മാറി. പിന്നീട് സൈരാബാനുവിനെ വിവാഹം കഴിച്ചശേഷം 1970 ജൂണിൽ പാലിഹില്ലിലെ തന്റെ വസതിയിൽ നടത്തിയ വിരുന്നുസൽക്കാരത്തിൽ ലത പങ്കെടുത്തതോടെയാണ് മഞ്ഞുരുകിയത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com