സത്യം, ശിവം, സുന്ദരം സംഗീതം; സ്വരം കൊള്ളില്ലെന്നു പറഞ്ഞ് മടക്കിയയച്ച പെൺകുട്ടി പാട്ടിലൂടെ കവർന്നത് ഇന്ത്യയുടെ ഹൃദയം

lata-siblings
ലത മങ്കേഷ്കർ സഹോദരങ്ങളായ ഹൃദയനാഥ്, മീന, ഉഷ,ആശ എന്നിവർക്കൊപ്പം.
SHARE

കശ്‌മീർ നിങ്ങളെടുത്തോളൂ, പകരം, നിങ്ങളുടെ ലതയെ ഞങ്ങൾക്കു തരൂ എന്നു പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോ പറഞ്ഞതായി ഒരു കഥയുണ്ട്. അതു ശരിയാണെങ്കിലും ഇല്ലെങ്കിലും ഒന്നുറപ്പ്, ഏതുതരം വിദ്വേഷത്തിന്റെയും അതിരുകളെ മായ്ച്ചുകളയാനുള്ള കരുത്ത് ലത മങ്കേഷ്കറുടെ മാന്ത്രിക സ്വരത്തിനുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും ആ സ്വരപുണ്യത്തെ നമിച്ചത്. 

പാടിപ്പാടി ഗിന്നസ്ബുക്കിന്റെ താളിൽവരെ ഇടം നേടിയ ഈ ശബ്ദം ഏഴുപതിറ്റാണ്ടിലേറെയായി ഏതൊരു ഇന്ത്യക്കാരന്റെയും ഇടനെഞ്ചിന്റെ ഈണമായിരുന്നു. നമ്മുടെ പ്രണയങ്ങൾക്കും വിരഹങ്ങൾക്കും സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കുമെല്ലാം പിന്നണിയിൽ ഈ സ്വരമുണ്ടായിരുന്നു. തലമുറകളിൽ നിന്നു തലമുറകളിലേക്ക് പകർന്നൊഴുകിയ സ്വരത്തിനുടമയെ നമ്മൾ വാനമ്പാടിയെന്നു വിളിച്ചു ലാളിച്ചതും അതുകൊണ്ടുതന്നെ. 

ലത  മങ്കേഷ്കർക്കു ജലദോഷം പിടിച്ചാൽ തുമ്മുന്നത് ചലച്ചിത്രനിർമാതാക്കളാണെന്ന് എൺപതുകളിൽ  പറയുമായിരുന്നു.  സ്വരം കൊള്ളില്ലെന്നുപറഞ്ഞ് ഒരിക്കൽ, കണ്ണീരോടെ പറഞ്ഞയച്ച പെണ്ണിന്റെ മുന്നിൽ ബോളിവുഡിനെ ഓച്ഛാനിച്ചു നിർത്തിച്ചത് കാലത്തിന്റെ കാവ്യനീതി !  ലതാജിയെന്നും ദീദിയെന്നും ലോകം സ്നേഹാദരപൂർവം വിളിച്ച ലത മങ്കേഷ്‌കർ കണ്ണീരു തുടച്ചാണ് സപ്തസ്വരങ്ങൾ മൂളിയതെന്നത് ആ ജീവിതം അടുത്തറിയുമ്പോഴേ മനസ്സിലാവൂ.

പതിമൂന്നിന്റെ പാട്ട്

രാജ്യം സ്വാതന്ത്ര്യം തേടുന്നതിനുമുൻപ്,  1942 ൽതന്നെ ലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കു പിച്ചവച്ചിരുന്നു. 1929 സെപ്‌റ്റംബർ 28ന് മധ്യപ്രദേശിലെ നാട്ടുരാജ്യമായ ഇൻഡോറിൽ, പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തവളായി ജനിച്ച ലതയ്ക്ക് 13 വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പാട്ടുകാരനും നാടക നടനുമായിരുന്ന അച്ഛന്റെ മരണത്തോടെ വരുമാനം നിലച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്തം മൂത്തവളുടെ ചുമതലയായി. അച്ഛനുള്ളപ്പോഴേ ലത സിനിമയിൽ ചെറിയതോതിൽ പാടാനും അഭിനയിക്കാനും തുടങ്ങിയിരുന്നു. ശബ്ദചിത്രങ്ങളുടെ വരവോടെ ദീനനാഥിന്റെ നാടകസംഘം പിടിച്ചുനിൽക്കാനാവതെ പൂട്ടിയപ്പോൾ മാസം 60 രൂപയ്ക്ക് ലത വിനായകറാവു കമ്പനിയിൽ ചേർന്നു. അക്കാലത്ത് സ്ഥിരം അഭിനേതാക്കളും ഗായകരുമായിരുന്നു ചലച്ചിത്ര കമ്പനികൾക്ക്. 

1942ൽ ‘കിതി ഹസൽ’ എന്ന മറാഠി സിനിമയ്ക്കുവേണ്ടി പാടി. ‘നാച്ചു യാ ഗാദേ,ഖേലു സാനി മാനി ഹൗസ് ഭാരി’ എന്ന ആ ഗാനം അവസാനനിമിഷം ചിത്രത്തിൽനിന്നൊഴിവാക്കപ്പെട്ടു. അതേവർഷം തന്നെ ‘പഹിലി മംഗലാ ഗൗർ’ എന്ന മറാഠി ചിത്രത്തിനുവേണ്ടിയും പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ ലത അഭിനയത്തിലേക്കു ചുവടുമാറി. എന്നാൽ പാട്ടാണു തന്റെ വഴിയെന്നു വേഗംതന്നെ ലത തിരിച്ചറിഞ്ഞു. 

മറാഠിയുടെ ഇത്തിരിവട്ടത്തിൽ ഒതുങ്ങേണ്ടവളല്ല ലതയെന്നു തിരിച്ചറിഞ്ഞ കുടുംബസുഹൃത്തും നവയുഗ് ചിത്രപത് മൂവി കമ്പനി ഉടമയുമായ  മാസ്റ്റർ വിനായക് ആണ് ലതയെ സംഗീതസംവിധായകൻ ബസന്ത് ദേശായിക്കു പരിചയപ്പെടുത്തുന്നത്. 1945 ൽ ചിത്രപത് മൂവി കമ്പനി ആസ്‌ഥാനം മുംബൈയിലേക്കു മാറ്റിയപ്പോൾ ലതയും മുംബൈയിലേക്കു പോന്നു. തുടർന്ന് ഉസ്‌താദ് അമാനത്ത് അലി ഖാൻ, അമാനത് ഖാൻ ദേവാസ്വലേ എന്നിവരുടെ കീഴിൽ ഹിന്ദുസ്‌ഥാനി സംഗീതം അഭ്യസിച്ചു. 

1948ൽ വിനായകിന്റെ മരണം ലതയെ വീണ്ടും അനാഥയാക്കി. പിൽക്കാലത്ത് ലത തന്നെ ‘ഗോഡ്ഫാദർ’ എന്നു വിശേഷിപ്പിച്ച സംഗീതസംവിധായകൻ ഗുലാം ഹൈദർ തന്റെ ‘ഷഹീദ്’ എന്ന സിനിമയിൽ ലതയെ പാടിക്കാൻ ശ്രമിച്ചത് അക്കാലത്തായിരുന്നു. പക്ഷേ, നിർമാതാവ് ശശാങ്കർ മുഖർജി സമ്മതിച്ചില്ല. ലതയുടെ ശബ്ദം വളരെ നേർത്തതാണെന്നും തന്റെ നായികയ്ക്ക് ചേരില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു. കോപാകുലനായ ഗുലാം ഹൈദർ പറഞ്ഞു: ‘‘നിങ്ങൾ ഒരുകാലത്ത് ഇവളുടെ കാൽക്കൽവീണ് സ്വന്തം സിനിമകളിൽ പാടണമെന്ന് അപേക്ഷിക്കും. നോക്കിക്കോളൂ...’’

‘ദിൽ മേര തോഡ’

ലതയെക്കൊണ്ടു പാടിക്കുക എന്നതു ഗുലാം ഹൈദറിന്റെ വാശിയായിരുന്നു. അങ്ങനെയാണ് 1948ൽ ‘മജ്‌ബോർ’ എന്ന ചിത്രത്തിനുവേണ്ടി ഹൈദറിന്റെ ഈണത്തിൽ ‘ദിൽ മേര തോഡ’ എന്ന ഗാനം ലത ആലപിക്കുന്നത്.  ശബ്ദവും ആലാപനവും ശ്രദ്ധ നേടിയെങ്കിലും അക്കാലത്തെ പ്രസിദ്ധ ഗായിക നൂർജഹാന്റെ ശൈലി അനുകരിക്കുന്നുവെന്നും ഉർദു ഉച്ചാരണം ശരിയല്ലെന്നും വിമർശനമുയർന്നു. അതു ഗൗരവമായെടുത്ത ലത, ഉർദു പഠനത്തിനായി അധ്യാപകരുടെ സഹായംതേടി.  19‌49ൽ പുറത്തിറങ്ങിയ ‘മഹൽ’ എന്ന ചിത്രത്തിലെ ‘ആയേഗ ആനേവാല’ എന്ന ഗാനം കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായതോടെ ലതയ്ക്കു പിന്നീട്  തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 

അൻപതുകളിൽ മധുബാലയും ദുഃഖപുത്രിയായ മീനാകുമാരിയും   ലതയുടെ പാട്ടുകൾ പാടി തെളിഞ്ഞുകത്തിയത് തിരശ്ശീലയിലായിരുന്നില്ല, ജനഹൃദങ്ങളിലായിരുന്നു. ലതയുടെ സ്വരത്തിന്റെ മാന്ത്രികതയിൽ സിനിമകൾ വിജയിക്കുന്ന സ്ഥിതിയായി. ‘അനാർക്കലി’, ‘നാഗിൻ’ എന്നിവ ഉദാഹരണം. നൗഷാദ്– ലത കൂട്ടുകെട്ട് ‘ബൈജു ബാവ്‌ര’, ‘മുഗൾ എ അസം’, ‘കോഹിനൂർ’ തുടങ്ങിയ ചിത്രങ്ങളിൽ  വിസ്മയമൊരുക്കിയതും ഇക്കാലത്തുതന്നെ. പ്രശസ്‌ത സംഗീത സംവിധായകരെല്ലാം ലതാജിയെക്കൊണ്ട് പാടിക്കാൻ മത്സരിച്ചു.  അറുപതുകളിൽ ലതയുടെ ശബ്ദം ഉപയോഗിച്ചവരിൽ പ്രധാനികൾ സി.രാമചന്ദ്ര, എസ്.ഡി.ബർമൻ. ശങ്കർ -ജയ്കിഷൻ, മദൻ മോഹൻ, ജയ്ദേവ്, സലിൽ ചൗധരി, ഉഷ ഖന്ന, ഹേമന്ത് കുമാർ, അനിൽ ബിശ്വാസ് എന്നിവരായിരുന്നു. ഇവരിൽ ലതയ്ക്കു പ്രിയങ്കരൻ ലക്ഷ്മികാന്ത് പ്യാരേലാൽ തന്നെ. 35 വർഷങ്ങൾക്കുള്ളിൽ ലക്ഷ്മികാന്ത് പ്യാരേലാലിന്റെ 700 ഗാനങ്ങളാണു ലത പാടിയത്. 

ഇന്ത്യയിലെ പ്രശസ്ത സിനിമാ നിർമാതാക്കളായ യാഷ് ചോപ്ര ഫിലിംസിന്റെ എല്ലാ സിനിമകളും ലതയുടെ ഗാനങ്ങളുമായാണ് ഇറങ്ങിയത്. പിൽക്കാലത്ത്, എ.ആർ.റഹ്‌മാൻ ഉൾപ്പെടെയുള്ള പുതിയ തലമുറ സംവിധായകരും ഈ ഗായികയുടെ മാന്ത്രികസ്വരം പ്രയോജനപ്പെടുത്തി.  സോളോയായും ഡ്യുവറ്റ് ആയും   എണ്ണമറ്റ ഗാനങ്ങൾ പാടി,  ലത  ആസ്വാദക മനസ്സുകളിൽ പെയ്തിറങ്ങി. പുരുഷാധിപത്യം നിലനിന്നിരുന്ന സിനിമയിൽ ഒരുപക്ഷേ, ആദ്യമായും അവസാനമായിട്ടുമാകും ഇന്ത്യയിൽ ഇങ്ങനൊരു താരോദയം.

പിൽക്കാലത്ത് ലത പാട്ടുകളുടെ എണ്ണം വളരെക്കുറച്ചു. യാഷ് ചോപ്രയ്‌ക്കോ ഗുൽസാറിനോ സൂരജ്‌ബർജാത്യക്കോ വേണ്ടി മാത്രം ചിലപ്പോൾ അവർ പാടി. അതും താൻ പാടേണ്ടതാണെന്ന് ഉത്തമബോധ്യം തോന്നിയതു മാത്രം. 2005–06 ൽ ‘ബേവഫാ’, ‘ലക്കി: നോ ടൈം ഫോർ ലവ്’, ‘രംഗ് ദേ ബസന്തി’ തുടങ്ങിയ സിനികൾക്കുവേണ്ടി മാത്രമാണു ലത പാടിയത്. 2013ൽ ‘ക്ഷണ അമൃതച്ചേ’ എന്ന മറാഠി ഭജൻ ആൽബത്തിനുവേണ്ടിയും എ.ആർ.റഹ്മാൻ ഈണം നൽകിയ ‘യാ റബ്ബാ’ എന്ന ആൽബത്തിനു വേണ്ടിയും  2015ൽ ‘ദുന്നോ വൈ 2’  എന്നീ ചലച്ചിത്രത്തിനു വേണ്ടിയും പാടി. അനാരോഗ്യം കാരണം രണ്ടു വർഷമായി വിശ്രമത്തിലായിരുന്ന അവർ 2017ൽ രാംരക്ഷാ സ്തോത്രത്തിലെ രണ്ടു ശ്ലോകങ്ങൾ പാടിയതാണ് അവസാനമായി റിക്കോർഡ് ചെയ്യപ്പെട്ടതെന്നു കരുതുന്നു.

സംഗീതവല്ലരി

ലതയുടെ അമ്മ  ശിവന്തി മങ്കേഷ്കർ  ദീനനാഥ് മങ്കേഷ്കറുടെ രണ്ടാമത്തെ ഭാര്യയായിരുന്നു. ആദ്യ ഭാര്യ മരിച്ചപ്പോൾ ദീനനാഥ് അവരുടെ അനിയത്തിയെ വിവാഹം കഴിക്കുകയായിരുന്നു. സംഗീതജ്ഞനായ അദ്ദേഹത്തിന്റെ കുടുംബവല്ലരിയിൽ വിരിഞ്ഞതെല്ലാം സ്വരമലരുകൾ ആയതു സ്വാഭാവികം. 

ലതയുടെ സഹോദരിമാരിൽ ഏറ്റവും പ്രശസ്ത ആശാ ഭോസ്‌ലെയാണ്. ആയിരത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ പാടി സ്വന്തം ഇടം കണ്ടെത്തിയ ആശ കഴിഞ്ഞാൽ  ഉഷ മങ്കേഷ്കറാണു പ്രശസ്ത. 

ലോ ബജറ്റ് ചിത്രങ്ങളിലെ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീടു പിന്നണിഗാന രംഗത്തും ഹിറ്റായി.  മറ്റൊരു സഹോദരി മീന ഖാദികർ മറാഠി, ഹിന്ദി പിന്നണി ഗായികയും സംഗീത സംവിധായികയുമായിരുന്നു. സഹോദരൻ ഹൃദയനാഥ് മങ്കേഷ്കർ മറാഠി, ഹിന്ദി സിനിമകൾക്കായി പാട്ടുകൾ ചിട്ടപ്പെടുത്തി. ധ്യാനേശ്വർ മൗലി തുടങ്ങിയ ആൽബങ്ങളും ദൂരദർശനുവേണ്ടിയുള്ള ഫൂൽവന്തി സംഗീതനാടകവും ശ്രദ്ധിക്കപ്പെട്ടു. 

സംഗീതത്തെ മാത്രം വരിച്ച്, മുംബൈ പെഡർ റോഡിലെ ‘പ്രഭുകുഞ്ച്’ എന്ന ഫ്ലാറ്റിൽ ലളിതജീവിതം നയിച്ച ലത മങ്കേഷ്കർ സങ്കടപ്പെട്ടത് ഒരുകാര്യത്തെക്കുറിച്ചുമാത്രം. ശാസ്‌ത്രീയ സംഗീതത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാൻ കഴിഞ്ഞില്ലെന്നതായിരുന്നു ആ ദുഃഖം.

പിഴയ്ക്കുന്ന പാട്ടുകണക്കുകൾ

ലത മങ്കേഷ്കർ എത്ര ഗാനം പാടിയിട്ടുണ്ടാവും എന്നതിനു കൃത്യമായ കണക്കില്ല. കണക്കു സൂക്ഷിച്ചുവയ്ക്കാറില്ലെന്ന് ലത തന്നെ പറഞ്ഞിട്ടുണ്ട്. 1948നും 1974നുനിടയിൽ 20 ഇന്ത്യൻ ഭാഷകളിലായി  25,000 ഓളം പാട്ടുകൾ പാടിയതിന്റെ പേരിലാണ് 1974ൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലതയുടെ പേര് ഇടം പിടിച്ചത്. എന്നാൽ താൻ 28,000 ഗാനങ്ങൾ പാടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുഹമ്മദ് റഫി ഇതിനെ എതിർത്ത് രംഗത്തുവന്നിരുന്നു. റഫിയുടെ മരണശേഷം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 1984 പതിപ്പിൽ ലതയുടെ ഗാനങ്ങളുടെ എണ്ണം 30,000 ആയി പുതുക്കി.

എന്നാൽ, ചലച്ചിത്രേതര ഗാനങ്ങൾ കൂടി കണക്കാക്കുമ്പോൾ ലത അരലക്ഷത്തിലേറെ പാട്ടുകൾ പാടിയതായി ആസ്വാദകർ ചൂണ്ടിക്കാട്ടുന്നു. ഇതേസമയം, എല്ലാം ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് മറ്റു ചിലർ വാദിക്കുന്നു.

ഇതിനിടെ, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2011 പതിപ്പിൽ 20 ഇന്ത്യൻ ഭാഷകളിലായി 11,000 ഗാനങ്ങൾ ആലപിച്ചതിന്റെ പേരിൽ ലതയുടെ സഹോദരി ആശാ ഭോസ്‌ലെയുടെ പേരും ഇടംപിടിച്ചു. എന്നാൽ 6 ഭാഷകളിലായി 17,695 പാട്ടുകൾ പാടിയ പി.സുശീലയുടെ പേരിലാണ് നിലവിൽ ഗിന്നസ് റെക്കോർഡ്.

ഒറ്റദിവസത്തെ പഠനം

ഒരേയൊരു ദിവസമേ ലത സ്കൂളിൽ പോയിട്ടുള്ളു. ആദ്യദിനം തന്നെ അവൾ സഹോരി ആശയെക്കൊണ്ട് കുട്ടികളെ സംഗീതം പഠിപ്പിച്ചു. അധ്യാപിക വഴക്കുപറഞ്ഞു. അതോടെ എന്നെന്നേക്കുമായി സ്കൂൾ വിട്ടു. 

സംഗീത സംവിധാനം

1955ൽ ലത സംഗീത സംവിധായികയായി. മറാഠി ചിത്രമായ ‘റാംറാം പവ്ഹന’ എന്ന ചിത്രത്തിനുവേണ്ടി. 

സിനിമാ നിർമാണം

ലത 4 സിനിമകൾ നിർമിച്ചിട്ടുണ്ട്. വാഡൈ (മറാഠി 1953), ഛാൻഛാർ (ഹിന്ദി 1953), കഞ്ചൻ (ഹിന്ദി 1955), ലേകിൻ (1990) 

തിരശ്ശീലയിലെ ലത

1942–48 ൽ ലത 8 ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ‘ഗജഭാവു’, ‘ചിമുക്‌ലാ സംസാർ’ (മറാഠി) ‘ബഡീമാ, ‘സുഭദ്ര’ , ‘ജീവൻയാത്ര’, ‘മന്ദിർ’ (ഹിന്ദി) തുടങ്ങിയവ അതിൽപെടുന്നു.

വജ്രക്കയറ്റുമതി

ഇടക്കാലത്ത് ലത  വജ്രക്കയറ്റുമതി സ്ഥാപനം തുടങ്ങി. പേര് അഡോറാ (adora). സ്വരാഞ്ജലി എന്നു പേരിട്ട അഞ്ചുപീസ് കലക്ഷൻ വൻതുകയ്ക്ക് ലേലത്തിൽ പോയി. ഈ തുക, 2005ലെ കശ്മീർ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലത സംഭാവന ചെയ്തു. 

വിഷബാധയേറ്റ ലത

1963ൽ അജ്ഞാതൻ ലതയ്ക്കു വിഷം നൽകി. ഒരുമാസത്തോളം കിടപ്പിലായ ലത ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്.  ‘ഐസാ കഹാൻ സി ലാവോൻ’ എന്ന പുസ്തത്തിന്റെ രചനയ്ക്കിടെ പത്മ സച്ച്ദേവിനോട് ലതതന്നെ വെളിപ്പെടുത്തിയതാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS