ശ്രീപത്മനാഭനു മുന്നിൽ പാടി മതിവരാതെ വാനമ്പാടി

lata-mangeshkar-padmanabhaswamy-temple
SHARE

മലയാളത്തിൽ ഒറ്റ പാട്ട് മാത്രം പാടിയിട്ടുള്ള ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ കേരളത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുണ്ടോ? മാധ്യമങ്ങളിൽ പോലും ഇടം പിടിക്കാത്ത അത്തരമൊരു സ്വകാര്യ സന്ദർശനം ലതയും സഹോദരങ്ങളും നടത്തിയിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തുകയാണ് തിരുവിതാകൂർ രാജ കുടുംബാഗമായ പൂയം തിരുനാൾ ഗൗരി പാർവതി ബായിയും ഭർത്താവ് സി.ആർ.ആർ.വർമയും.

കവടിയാർ കൊട്ടാരത്തിലെത്തി അവസാനത്തെ നാടുവാഴിയായ ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെയും അമ്മ സേതു പാർവതി ഭായിയേയും കണ്ട ലതയും സഹോദരങ്ങളും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി മനമുരുകി പാടുകയും ചെയ്തു. ദക്ഷിണേന്ത്യൻ തീർഥാടനത്തിന്റെ ഭാഗമായിട്ടായിരുന്നു അവർ തലസ്ഥാനത്ത് എത്തിയത്. ‘1960കളുടെ ആദ്യമാണ് അവർ വന്നതെന്നാണ് ഓർമ. കൊട്ടാരത്തിൽ അവർ വന്നതാണ് മനസിലുള്ള ചിത്രം. ഏക സഹോദരനും മൂന്നു സഹോദരിമാരും അവർക്കൊപ്പമുണ്ടായിരുന്നു. ഒരു വൈകുന്നേരമായിരുന്നു സന്ദർശനം.

കൊട്ടാരത്തിന്റെ പൂമുഖത്തിരുന്ന് വലിയമ്മാവനോടും (ശ്രീചിത്തിര തിരുനാൾ) അദ്ദേഹത്തിന്റെ അമ്മയോടും അവർ സംസാരിക്കുമ്പോൾ ഞങ്ങൾ മുകളിൽ നിന്നു നോക്കി നിൽക്കുകയായിരുന്നു. ചായയൊക്കെ കുടിച്ച് കുറേ സമയം കഴിഞ്ഞാണു മടങ്ങിയത്. ഇന്നത്തെ പോലെ പെട്ടെന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമൊന്നും അന്നില്ലാത്തിനാൽ ആ സന്ദർശനത്തിന്റെ ചിത്രങ്ങളൊന്നുമില്ല. പിന്നീടാണ് അവർ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തിയത്. ആ സമയം കൊട്ടാരത്തിൽ നിന്നാരും അവിടുണ്ടായിരുന്നില്ല. ഏറെക്കാലം ക്ഷേത്ര ജീവനക്കാരനായിരുന്ന അന്തരിച്ച നീലകണ്ഠൻ നായർ പറഞ്ഞ അറിവാണ് ഞങ്ങൾക്കുള്ളത്.

ക്ഷേത്രത്തിൽ ദർശനം നടത്തിയ അവർ ഒറ്റക്കൽ മണ്ഡപത്തിൽ നിന്നാണ് പാടിയത്. ഒരുമിച്ചല്ല, ഓരോരുത്തരും പ്രത്യേകം പ്രത്യേകം ഭജൻ പാടുകയായിരുന്നുവത്രേ. കുറേ സമയം പാടി കഴിഞ്ഞ് ഞങ്ങൾക്കു നിർത്താൻ കഴിയുന്നില്ലെന്നും പാടി മതിയാവുന്നില്ലെന്നും അവർ പറഞ്ഞതായി ജീവനക്കാർ പറഞ്ഞറിഞ്ഞു. ഇന്നത്തെ പോലെ ക്ഷേത്രത്തിൽ വലിയ തിരക്കൊന്നുമുള്ള കാലമല്ലത്. മനം നിറഞ്ഞാണ് അവർ ക്ഷേത്രത്തിൽ നിന്നു മടങ്ങിയത്.’– പൂയം തിരുനാൾ ഓർക്കുന്നു.

ലതയും കുടുംബവും അന്ന് മുംബൈയിൽ നിന്നു കാറിലായിരുന്നു വന്നതെന്നും ഇവിടെ മാസ്ക്കറ്റ് ഹോട്ടലിൽ ആയിരുന്നു താമസിച്ചതെന്നും സി.ആർ.ആർ.വർമ പറയുന്നു. ‘അന്ന് മാസ്‌ക്കറ്റ് ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന കേരള ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. കാറുകളോട് വലിയ ഹരമുണ്ട്. ഒരു ദിവസം അവിടെ ഞങ്ങളുടെ ഓഫിസിസിനു മുന്നിൽ ഒരു ഷെവൽലെ ഇംപാല കാർ പാർക്ക് ചെയ്തിരിക്കുന്നതു കണ്ടു. മുംബൈ റജിസ്ട്രേഷനാണ്.

ഹോട്ടൽ സ്റ്റാഫിനോട് തിരക്കിയപ്പോഴാണ് ലതയും കുടുംബവും ആണെന്ന് മനസിലായത്. സംഗീത ദേവത പോലെ കരുതുന്ന ഗായികയെ നേരിട്ടു കാണണമെന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല. ഓഫിസ് കഴിഞ്ഞ് വൈകിട്ട് കൊട്ടാരത്തിൽ എത്തിയപ്പോഴാണ് ലതയും കുടുംബവും വൈകിട്ട് അവിടെ വന്നിരുന്നതായും പിന്നീട് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയെന്നും അറിയുന്നത്. അടുത്ത ദിവസം അവർ കന്യാകുമാരിയിലേക്കു പോവുകയും ചെയ്തു. അന്ന് കണ്ടില്ലെങ്കിലും പിന്നീട് വർഷങ്ങൾക്കു ശേഷം ഡൽഹി അശോക ഹോട്ടലിൽ വച്ച് അവരെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചു’– വർമ ഓർക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA