ADVERTISEMENT

‘‘ബദാം ബദം ദാദാ കച്ചാ ബദം..

അമർ കഛേ നേതോ ബുബു വാസാ ബദാം..

അമർ കഛേ പബേ സുധു വാസാ ബദം’’

 

കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയെ മുഴുവൻ ഇളക്കിമറയ്ക്കുന്ന പാട്ടാണിത്. ഇൻ‍സ്റ്റായിലും യൂട്യൂബിലും ഫെയ്സ്ബുക്കിലുമെന്നുവേണ്ട, എല്ലായിടത്തും കച്ചാ ബദം വൈറലാണ്. ലോകമൊട്ടുക്കും വൈറലായി മാറിയ കച്ചാബദം പാട്ടിനൊത്ത് ചുവടുവയ്ക്കാത്ത താരങ്ങൾ ഇല്ലെന്നുതന്നെ പറയാം. 3.5 ലക്ഷത്തിലധികം റീൽസാണ് ലോകമെങ്ങും ഈ പാട്ടുമായി പുറത്തിറങ്ങിയതെന്നാണ് കണക്കാക്കപ്പെടുന്നത്.

‘ഏതു സിനിമയിലെ പാട്ടാണിത്?, പഴയകാലത്തെ പാട്ടാണോ?’ എന്നൊക്കെ അന്വേഷിച്ച് പലരും നടക്കുന്നുണ്ട്. എന്നാൽ ഈ പാട്ടിന്റെ പിന്നിലുള്ള കൗതുകകഥ കേട്ട് മൂക്കത്തുവിരലുവയ്ക്കുകയാണ് എല്ലാവരും.

 

ഭൂപന്റെ ബദാംവിൽപന

 

ബംഗാളിലെ കരാൾജൂർ എന്ന ഗ്രാമവാസിയാണ് ഭൂപൻ ഭട്യാകർ. ബദാം വിൽപനയാണ് കക്ഷിയുടെ വരുമാനമാർഗം. ഒരു ചാക്കുനിറയെ ബദാം ബൈക്കിനുപിന്നിൽ കെട്ടിവച്ച് കക്ഷി രാവിലെത്തന്നെ യാത്ര തുടങ്ങും. ഗ്രാമങ്ങളിൽ ചെന്ന് ബദാം വിൽക്കും. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമൊക്കെയാണ് പകരം വാങ്ങുന്നത്. തന്റെ ബദാം വിൽപനയിലേക്ക് ആളുകളെ ആകർഷിക്കാനാണ് കക്ഷി പാട്ടുപാടി തുടങ്ങിയത്. ബദാമിനെക്കുറിച്ചുള്ള പാട്ട് കേൾക്കുന്നവരെ എളുപ്പത്തിൽ വീഴ്ത്തും. 

 

ആരോ ഒരാൾ ഈ പാട്ട് മൊബൈലിൽ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. പാട്ട് കേറിയങ്ങു കൊളുത്തി. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയതോടെ കച്ചാബദം വേറെ ലെവലായി മാറി. ബോളിവുഡ് മുതൽ മലയാളസിനിമയിലെ താരങ്ങള്‍ വരെ കച്ചാബദം പാട്ടിനു ചുവടുവച്ചു റീൽസുണ്ടാക്കുന്ന തിരക്കിലാണ്. ഇതിനിടെ പാട്ടിന് ഉർഫി ജാവേദ് ബാക്ക്‌ലെസ് ടോപ്പണിഞ്ഞ് അൽപവസ്ത്രധാരിണിയായി ചുവടുവച്ചത് സമൂഹമാധ്യമങ്ങളിൽ വിവാദമാവുകയും ചെയ്തു.

 

പൊലീസ് ഇടപെടട്ടെ...

 

സംഗതി ഹിറ്റാണ്. പാട്ടൊക്കെ ഹിറ്റാണ്. പക്ഷേ ഇത് നമ്മുടെ കഥാനായകൻ ഭൂപൻ അറിഞ്ഞത് ഏറെ വൈകിയാണ്. താൻ പാടിയ പാട്ട് ഉപയോഗിച്ച് നാട്ടിലെ കണ്ണിൽക്കണ്ട വ്ലോഗർമാരെല്ലാം പണമുണ്ടാക്കുന്നതറിഞ്ഞതോടെ കക്ഷി വിഷമത്തിലായി. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. എന്നാൽ ഒരാഴ്ചയ്ക്കകം ഏക്താരാ എന്ന യൂട്യൂബ് ചാനലിൽ ഭൂപൻ തന്നെ ചുവടുവച്ച റാപ് വേർഷൻ പുറത്തിറങ്ങി. ഇതോടെ ഭൂപനും ഹിറ്റ്, ഭൂപന്റെ ബദാമും ഹിറ്റ്!

 

പാട്ട് ഹിറ്റായതോടെ ബിസിനസ് വർധിച്ചുവെന്ന് ഭൂപൻ പറയുന്നു. എന്നാൽ പാട്ടിന്റെ കഥ കേൾക്കാനാണ് എല്ലാവർക്കും താൽപര്യം. തന്റെ കഷ്ടപ്പാട്ടുകളെക്കുറിച്ച് ആരും മിണ്ടുന്നില്ല. സർക്കാർ എന്തെങ്കിലും സഹായം നൽകിയാൽ കുടുംബത്തിനു വലിയ ആശ്വാസമാവുമെന്നാണ് ഭൂപന് പറയാനുള്ളത്. 

 

പെർഫക്ട് ഓക്കേ പോലെ കച്ചാബദം

 

ഏകദേശം സമാനമായ കഥയാണ് കോഴിക്കോട് പന്നിയങ്കരയിലെ ഓട്ടോഡ്രൈവർ നൈസൽ ബാബുവിന്റേതും. കോവിഡ് ലോക്ഡൗൺ കാലത്ത് പെർഫക്ട് ഓകേ എന്ന പാട്ടിലൂടെ നാട്ടിലാകെ തരംഗം സൃഷ്ടിച്ചയാളാണ് നൈസൽ ബാബു. പിന്നീടിറങ്ങിയ അനേകം സിനിമകളിൽപ്പോലും പെർഫക്ട് ഓകെ അവതരിപ്പിക്കപ്പെട്ടു. നൈസൽ ബാബു അഭിനയിച്ച റാപ് വേർഷനും പുറത്തിറങ്ങിയിരുന്നു. ബംഗാളിലെ നൈസൽ ബാബുവാണ് ഭൂപൻ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com