ADVERTISEMENT

നമ്മുടെ സിനിമാകലാസാഹിത്യസാംസ്കാരിക രംഗത്തെ അതുല്യപ്രതിഭയായിരുന്ന ദിവംഗതനായ ജോൺ പോൾ എന്റെ ഒരു പുസ്തകത്തിന്റെയും സംഗീതാൽബത്തിന്റെയും പ്രകാശനവേളയിൽ എറണാകുളത്തു ചെയ്ത പ്രസംഗത്തിന്റെ പ്രസക്തമായ ഒരു ഭാഗം എല്ലാവർക്കുമായി ഞാനിവിടെ പങ്കുവയ്ക്കട്ടെ. 

 

അദ്ദേഹത്തിന്റെ സ്വന്തം വാക്കുകൾ: ‘‘ജോൺ പിച്ചാപ്പിള്ളി അച്ചന്റെ പുതിയ പുസ്തകമായ ‘ലിവ് ഇൻസ്പയേഡ് ഓൾവേയ്സ് (Live Inspired Always)’ വായിക്കുകയും, അച്ചൻ രചിച്ച് ശ്യാം സംഗീതം നൽകി നമ്മുടെ ദാസേട്ടൻ പാടിയ ‘ആത്മദീപ്തി’ എന്ന സംഗീതാൽബത്തിലെ ഗാനങ്ങൾ കേൾക്കുകയും ചെയ്തു. 

 

john-paul1
ലീലാമേനോൻ, ജോൺ പോൾ, ബിഷപ്പ് എബ്രഹാം മാർ ജൂലിയോസ്, ക്യാപ്റ്റൻ രാജു, ഡോ. കെ. ജെ. യേശുദാസ്, ഫാദർ ജോൺ പിച്ചാപ്പിള്ളി, ഫാദർ ജോ എരുപ്പക്കാട്ട്.

പെട്ടെന്ന് എന്റെ ഓർമയിൽ വന്നത് ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ വിക്രം സാരാഭായിയുടെ ജീവിതത്തിലെ ഒരു സന്ദർഭമാണ്. അദ്ദേഹം ഒരിക്കൽ സബർമതിയുടെ തീരത്തുള്ള തന്റെ വീടിന്റെ മുമ്പിലെ ആൽത്തറയിൽ ഇരുന്നു കൊണ്ട് ചുറ്റുമുള്ള ശിഷ്യന്മാരോട് ഒരു ചോദ്യം ചോദിച്ചു. ആ ശിഷ്യന്മാരുടെ കൂട്ടത്തിൽ നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമും ഉണ്ടായിരുന്നു. 

 

വിക്രം സാരാഭായി ചോദിച്ച ചോദ്യമിതാണ്. ‘‘In which area is arithmetic most precisely and accurately applied- കണക്ക് ഏത് ധാരയിലാണ് ഏറ്റവും കൃത്യതയോടും വ്യക്തതയോടും കൂടി പ്രയോഗിക്കപ്പെടുന്നത്?’’

 

പലരും പല ഉത്തരങ്ങൾ പറഞ്ഞപ്പോൾ വിക്രം സാരാഭായി പറഞ്ഞു: ‘‘കണക്ക് ഏറ്റം കൃത്യതയോടെ പ്രയോഗിക്കേണ്ട രണ്ടു മേഖലകളുണ്ട്. അതിലൊന്ന് സാഹിത്യവും മറ്റേത് നൃത്തവുമാണ്. രണ്ടിടത്തും ദശാംശങ്ങളുടെ മറവിൽ നമുക്ക് ശിഷ്ടഭാഗങ്ങളെ ഒളിപ്പിച്ചു വയ്ക്കാനാവില്ല. ശിഷ്ടം വന്നാൽ സാഹിത്യത്തിന്റെ, സംഗീതത്തിന്റെ താളം തെറ്റും, നൃത്തത്തിന്റെ ചുവടു പിഴയ്ക്കും.’’ ഇതു കേട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ പ്രിയപത്നി ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ നർത്തകി മലയാളിയായ മൃണാളിനി സാരാഭായി പറഞ്ഞു: ‘‘വിക്രം, മൂന്നാമതൊരു മേഖലകൂടിയുണ്ട്, അതിനു ജീവിതം എന്നാണ് പേര്.’’

 

അതെ, ജീവിതത്തിലും കണക്കുകള്‍ തെറ്റരുത്, ശിഷ്ടബാക്കികൾ വരരുത്. ജീവിതത്തെ ഗൗരവപൂർവം സമീപിക്കുന്നവർക്ക് ശിഷ്ടബാക്കികൾ വരാതിരിക്കാനുള്ള ഒരുപാട് കൈവിളക്കുകൾ ഫാദർ ജോൺ പിച്ചാപ്പിള്ളിയുടെ പുസ്തകത്തിലും പാട്ടുകളിലുമുണ്ട്. അനേക വർഷത്തെ പഠനത്തിന്റെയും അനുഭവത്തിന്റെയും ഉപാസനയുടെയും ഫലമാണ് ഇവ രണ്ടും. 

 

‍‍‍ജോൺ പോൾ ഈ ചെയ്തത് മഹത്തായ ഒരു അധ്യാപനമാണ്. കലാസൃഷ്ടാക്കൾക്കും കലാസ്വാദകർക്കും ജീവിതരചയിതാക്കൾക്കും ഓർമയിൽ സൂക്ഷിക്കാനൊരു പാഠം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com