2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പ്രണയകാലം പറയുന്ന ‘പൊൻ മലരേ’ എന്ന മനോഹര മെലഡിയാണ് പ്രേക്ഷകർക്കരികിലെത്തിയത്. സാം മാത്യു എ.ഡി വരികൾ കുറിച്ച പാട്ടിന് ശ്രീചരണ്‍ പക്കാല ഈണം പകർന്നു. യുവഗായകൻ അയ്‌റാൻ ആണ് ഗാനം ആലപിച്ചത്.
ഹൃദയം തൊടും വരികളും മനോഹര ഈണവും പാട്ടിനെ വേഗത്തിൽ ശ്രദ്ധേയമാക്കി. അതിസുന്ദരപ്രണയ നിമിഷങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘പൊൻ മലരേ’ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേജർ’. യുവതാരമായ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണൻ ആയി വേഷമിടുന്നു. ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണു മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടൈൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്‌ഷൻസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരുക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിച്ചത്.