ADVERTISEMENT

ഗായകൻ പി.ജയചന്ദ്രനു ദൈവം ഒരു ‘ടൈ’ സമ്മാനമായി കൊടുത്തയച്ചു. ജയചന്ദ്രൻ ടൈ നെറ്റിയോട് ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു പറഞ്ഞു; ‘‘ഇതു ദൈവം കൊടുത്തയച്ച ബഹുമതിയാണ്. എന്റെ അവസാനശ്വാസം വരെ ഇതു നെഞ്ചോടു ചേർത്തു വയ്ക്കും. ഇനി എനിക്കൊരു ബഹുമതിയും വേണ്ട’’.

പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുടെ കുടുംബം ജയചന്ദ്രനു നൽകിയതാണ് ഈ സ്നേഹോപഹാരം. കുടുംബ സുഹൃത്തായ എൻ.ആർ. വെങ്കിടാചലമാണു സ മ്മാനവുമായി എത്തിയത്. ‘‘എ നിക്കു റഫി ദൈവമാണ്. ഗുരുവായൂരപ്പനെ നമസ്കരിക്കുന്നതുപോലെ അദ്ദേഹത്തെയും ഞാൻ നമസ്കരിക്കും. റഫിയുടെ പാട്ടു കേട്ടും പാടിയുമാണു ഞാൻ ജീവിക്കുന്നത് ’’– ജയചന്ദ്രൻ പറഞ്ഞു. റഫിയുടെ കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള വെങ്കിടാചലമാണു ജയചന്ദ്രനെക്കുറിച്ചു റഫിയുടെ കുടുംബത്തോടു പറയുന്നത്. റഫിക്ക് അപ്പുറമൊരു ഗായകനില്ലെന്നു പല അഭിമുഖങ്ങളിലും ജയചന്ദ്രൻ പറയുന്നതു വെങ്കിടാചലം ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണു റഫിയുടെ ആരാധകനായ ഗായകനൊരു സമ്മാനം നൽകാൻ കുടുംബം തീരുമാനിച്ചത്. റഫിയുടെ ഒരു ഓട്ടോഗ്രഫെങ്കിലും കിട്ടാൻ ഭാഗ്യമുണ്ടാകണേ എന്നു ജയചന്ദ്രനും ആഗ്രഹിച്ചിരുന്നു. രാഷ്ട്രപതി എസ്.രാധാകൃഷ്ണനിൽ നിന്നു മുഹമ്മദ് റഫി പത്മശ്രീ ഏറ്റുവാങ്ങിയപ്പോൾ അണിഞ്ഞിരുന്ന ടൈ ആണ് കുടുംബം സമ്മാനിച്ചത്. റഫിക്കു ടൈകൾ വലിയ ഇഷ്ടമായിരുന്നു. 

 

മരുമകൻ പർവേശിന്റെ വിഡിയോ സന്ദേശവും ഇതോടൊപ്പമുണ്ടായിരുന്നു. താങ്കളെപ്പോലൊരു വലിയ ഗായകൻ ഇത്രയേറെ ആരാധനയോടെ റഫി സാഹിബിനെ ഓർക്കുന്നതു കുടുംബത്തിലെ എല്ലാവരെയും ഏറെ സന്തോഷിപ്പിക്കുന്നുവെന്നു പർവേശ് പറയുന്നുണ്ട്. റഫി ഓട്ടോഗ്രാഫ് ചെയ്ത ഫോട്ടോയും ഇതിനൊപ്പമുണ്ടായിരുന്നു. ഫോട്ടോയും ടൈയും ജയചന്ദ്രൻ ഏറ്റുവാങ്ങിയത് വികാരഭരിതനായാണ്. സമ്മാനപ്പൊതി തുറന്ന് ഇരു കണ്ണുകളിലും തൊട്ടു നെഞ്ചി‍ൽ  വച്ച  ശേഷം  അദ്ദേഹം വെങ്കിടാചലത്തിന്റെ കാൽ തൊട്ടു. എൻജിനീയറായ വെങ്കിടാചലം തൃശൂർ സ്വദേശിയാണ്. പല ബഹുരാഷ്ട്ര കമ്പനികളുടെയും ഉന്നത പദവികൾ വഹിച്ച ഇദ്ദേഹത്തിന് ഏറെക്കാലമായി റഫി കുടുംബവുമായി ബന്ധമുണ്ട്. റഫി സ്മാരക ട്രസ്റ്റ് സ്ഥാപക ട്രസ്റ്റി കൂടിയാണ് മുംബൈയിൽ സ്ഥിര താമസമാക്കിയ വെങ്കിടാചലം. ഭാര്യയും ജയചന്ദ്രന്റെ പാട്ടുകളുടെ ആരാധികയുമായ എസ്.ഗീതയ്ക്കൊപ്പമാണ് അദ്ദേഹം മുംബൈയിൽ നിന്നു സമ്മാനവുമായി എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com