ADVERTISEMENT

രാമായണത്തിൽ, കുംഭകർണനെ ഉണർത്താൻ സംഗീതജ്ഞൻകൂടിയായ രാവണന്റെ നേതൃത്വത്തിൽ നിർമിച്ച വാദ്യോപകരണമാണ് തകിൽ എന്നാണ് ഐതിഹ്യം. സർഗാത്മകമായ താളക്കണക്കുകളിലൂടെ പുതിയൊരു ഫ്യൂഷൻ സംഗീതത്തിന്റെ തുയിലുണർത്തുകയായിരുന്നു കരുണാമൂർത്തി.

നാഗസ്വരത്തോടൊപ്പം നിന്ന തകിലിന് സ്വന്തമായൊരു ഇരിപ്പിടം സമ്മാനിച്ച കലാകാരൻ! തുകൽപ്പരപ്പിൽ കരുണാമൂർത്തി സൃഷ്ടിച്ച സർഗപരീക്ഷണങ്ങളാണു തകിലിനെ ലോകപ്രശസ്തമാക്കിയതെന്നു പറയാം. മട്ടന്നൂരിന്റെ ചെണ്ടയും ശിവമണിയുടെ ഡ്രമ്മും കരുണാമൂർത്തിയുടെ തകിലും ചേർന്നു കൊട്ടിക്കയറിയത് താളപ്രപഞ്ചത്തിന്റെ വിസ്മയപ്പടവുകളായിരുന്നു. 

 

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തകിൽത്താളത്തിനു ചെവിയോർത്തുനിന്ന ബാല്യത്തിൽനിന്നാണ് മൂർത്തിയുടെ തുടക്കം. ക്ഷേത്രത്തിലെ തകിൽ കലാകാരൻ കൊച്ചുനാരാണപ്പണിക്കരായിരുന്നു ആദ്യഗുരു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിട്ടും വഴങ്ങാതെ, പുതിയ ഗുരുവിനെ തേടിയുള്ള യാത്ര തഞ്ചാവൂരിലെ ബൃഹദേശ്വരക്ഷേത്രത്തിനു മുന്നിലാണ് അവസാനിച്ചത്. അവിടെ തഞ്ചാവൂർ ഗോവിന്ദരാജ് പുതിയ താളക്കണക്കുകൾ പരിശീലിപ്പിച്ചു 10 വർഷത്തെ ഗുരുകുലവിദ്യാഭ്യാസം കഴിഞ്ഞപ്പോൾ കൈപിടിച്ച് പുതിയൊരു ഗുരുവിനെ ഏൽപിച്ചു– തിരുവിടൈമരുതൂർ വെങ്കിടേശ്വരൻ. പുതിയ ഗുരുവിലൂടെയാണ് വളയപ്പെട്ടി സുബ്രഹ്മണ്യത്തിനരികിലെത്തുന്നത്. പുതിയ താളപ്രമാണങ്ങൾ പരീക്ഷിക്കാൻ ഗുരുകാരുണ്യം കരുത്തു നൽകി. അങ്ങനെ കരുണാമൂർത്തിയുടെ ജൈത്രയാത്ര ആരംഭിച്ചു. 

 

‘ശ്രുതി വേണ്ടാത്ത ഒരു വാദ്യോപകരണമാണു തകിൽ. വളരെ ഫ്ലെക്സിബിൾ. എവിടെയും ഏതു വാദ്യവൃന്ദത്തോടുമൊപ്പം ചേർക്കാം. ഇതു മനസ്സിലാക്കിയതോടെ ഞാൻ പുതിയൊരു കാലത്തിലേക്ക് സഞ്ചരിച്ചു.’–കരുണാമൂർത്തി ഒരു അഭിമുഖത്തിൽ പറഞ്ഞു. ലോക വേദികളിൽ ഫ്യൂഷന്റെ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്.  2002 ൽ ജർമനിയിൽ നടന്ന ലോക ഡ്രം ഫെസ്റ്റിവലിലും പങ്കെടുത്തു. സ്റ്റീവ് സ്മിത്ത് എന്നൊരു ശിഷ്യനെയും അവിടെനിന്നു കിട്ടി. തകിൽ പഠിക്കാനായി അദ്ദേഹം കേരളത്തിലുമെത്തി.

 

തകിലിനെ തല്ലിപ്പൊട്ടിക്കാതെ അതിനെ തഴുകിയാണ് കരുണാമൂർത്തി താളപ്പെരുക്കം തീർത്തതെന്ന് ഉറ്റ സുഹൃത്തും നാഗസ്വര വിദഗ്ധനുമായ കലാപീഠം മുരുകദാസ് കൂട്ടിച്ചേർക്കുന്നു.   ഇടക്കാലത്ത്, തഞ്ചാവൂരിലെ തപ്പാട്ടം കലാകാരന്മാരെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കരുണാമൂർത്തി. തെരുവോര കലാകാരന്മാരെ ഉൾപ്പെടുത്തി ‘ജേണി ഓഫ് റിഥം’ എന്ന ബാൻഡ് രൂപീകരിക്കാനും  മുൻകയ്യെടുത്തു.

 

 

മൂർത്തി: മായാത്ത സ്വരലയം

 

 

മട്ടന്നൂർ ശങ്കരൻകുട്ടി 

 

കേരളത്തിൽ ആദ്യമായി ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചതു കരുണാമൂർത്തിയുടെ നേതൃത്വത്തിലായിരുന്നു– ചെണ്ട, തകിൽ, മൃദംഗം, തിമില എന്നീ വാദ്യങ്ങളെ സമന്വയിപ്പിച്ച് 30 വർഷം മുൻപ് കൊല്ലം ടൗൺഹാളിൽ നടത്തിയ 3 മണിക്കൂർ നീണ്ട ലയവിന്യാസം കാണികളെ വിസ്മയിപ്പിച്ചു. അന്നു മുതൽ കരുണാമൂർത്തിയെ എനിക്കു പരിചയമുണ്ട്. 

കേരളത്തിലെ വാദ്യപ്രമാണിമാർക്കൊപ്പം വിദേശ വാദ്യകലാകാരന്മാരെക്കൂടി അണിനിരത്തിയപ്പോഴാണു മൂർത്തിയുടെ ഫ്യൂഷനു രാജ്യാന്തരശ്രദ്ധ ലഭിച്ചത്. തമിഴ്നാട്ടിൽ വളയപ്പെട്ടി, തഞ്ചാവൂർ ഗോവിന്ദരാജ് തുടങ്ങിയ വിദ്വാന്മാർ നിറഞ്ഞു നിന്നപ്പോഴും തകിലിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനും വിദേശികളായ ഒട്ടേറെപ്പേരെ വാദ്യം അഭ്യസിപ്പിക്കുന്നതിനും കരുണാമൂർത്തി മുന്നോട്ടു വന്നു. 

ഞങ്ങളൊരുമിച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ പര്യടനം നടത്തി. ഫ്യൂഷനു പുറമേ സ്പെയിനിലെ നർത്തകിയായ ബെറ്റിനിയുടെ ഫ്ലെമിംഗോ ഡാൻസിനു സംഗീതമൊരുക്കിയും ‍ഞങ്ങൾ ഒട്ടേറെ രാജ്യങ്ങളിൽ സഞ്ചരിച്ചു. 

സ്വന്തം അനുജനെപ്പോലെയായിരുന്നു എനിക്കു കരുണാമൂർത്തി. കലാകാരന്മാർ തമ്മിലുള്ള ബന്ധമല്ലായിരുന്നു അത്. രണ്ടു കുടുംബങ്ങളിലും എന്തു ചടങ്ങു നടന്നാലും ഞങ്ങൾ പങ്കെടുക്കും. വെള്ളിനേഴിയിൽ എന്റെ ഷഷ്‌ടിപൂർത്തി ചടങ്ങിനുമെത്തി. മൂർത്തിയുടെ ഭാര്യമാതാവിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കുടുംബങ്ങൾ സമീപകാലത്ത് ഒന്നിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com