ADVERTISEMENT

ലോകവേദികളെ പാട്ടിലാക്കി ഒടുവിൽ അപ്രതീക്ഷിത ഇടവേളയിലൂടെ ലോകത്തെ ഞെട്ടിച്ച ബിടിഎസാണ് ഇപ്പോഴും സംഗീതലോകത്തെ ചർച്ച. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽനിന്നു കഠിനാധ്വാനത്തിലൂടെ വളർ‌ന്നുവന്നതാണ് ഈ ഏഴംഗ കൊറിയൻ പട. ഒറ്റ രാത്രി കൊണ്ടുണ്ടായതല്ല അവരുടെ ഈ വിസ്മയിപ്പിക്കും വിജയം. ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് കമ്പനി 2010 ൽ രൂപീകരിച്ച ബാൻഡ് ആണ് ബിടിഎസ്. അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഓഡിഷൻ നടത്തി. ആയിരക്കണക്കിനു മത്സരാർഥികളിൽനിന്ന് ഒടുവില്‍ 7 പേർ തിരഞ്ഞെടുക്കപ്പെട്ടു. അവരാണ് പിന്നീട് ലോകവേദികളെ അടക്കി വാണ ആ ‘കൊറിയൻ പയ്യന്മാർ’ ആയി പേരെടുത്തത്. വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽനിന്നു വന്ന അവർ ഓരോരുത്തർക്കും പറയാനുണ്ട് ഓരോ കഥ. 

 

ആർഎം

 

ബിടിഎസിന്റെ നായകൻ ആണ് റാപ് മോൺസ്റ്റർ ആർഎം. അമേരിക്കൻ ഹാസ്യ സീരീസ് ആയ ‘ഫ്രണ്ട്സ്’ കണ്ട് ഇംഗ്ലിഷ് പഠിച്ചു. ഐക്യു 148 ഉള്ള സമർഥൻ. കവിതകൾ എഴുതുന്ന, സംഗീതം ഇഷ്ടപ്പെടുന്ന മകൻ പാട്ടിന്റെ വഴിയേ പോകുന്നതിനെ മാതാപിതാക്കൾ എതിർത്തിരുന്നു. താൻ എഴുതിയ പാട്ടിന്റെ വരികൾ ആരും കാണാതെ ഒളിപ്പിച്ചുവച്ചെങ്കിലും ഒരു ദിവസം അമ്മ പിടികൂടി എല്ലാം നശിപ്പിച്ചു. 13 ാം വയസ്സിൽ അമച്വർ ഹിപ് ഹോപ് കൂട്ടായ്മകളിൽ ആർഎം സജീവമായി. ഇതിനെയെല്ലാം പക്ഷേ അമ്മ കർശനമായി എതിർത്തു. എന്നാൽ ‘അമ്മയുടെ മകൻ ഒന്നാം നമ്പർ റാപ്പ‍ർ ആകണോ അതോ ആയിരം വിദ്യാർഥികളിൽ ഒരുവൻ ആകണോ’ എന്ന ആർഎമ്മിന്റെ ചോദ്യം അമ്മയുടെ മനസ്സ് മാറ്റി. ഒടുവിൽ പാട്ടിൽ പയറ്റി ആർഎം ലോകവേദികളിലെത്തി, ബിടിഎസിന്റെ നായകനായി.

 

വി

 

കർഷക കുടുംബത്തിലാണ് വി ജനിച്ചത്. മകന്റെ കലാജീവിതത്തിനു പിന്തുണയുമായി മാതാപിതാക്കൾ ഒപ്പം നിന്നു. ചെറുപ്പം മുതൽ വി സാക്സോഫോൺ പരിശീലിച്ചു തുടങ്ങി. 9 ാം ക്ലാസിൽ പഠിക്കവേ ദ് ബിഗ് ഹിറ്റിന്റെ ഓഡിഷനിൽ പങ്കെടുത്ത് ബിടിഎസിൽ എത്തി, അങ്ങനെ ലോകം കീഴടക്കിയ ആ ഏഴ് പയ്യന്മാരിൽ ഒരുവനായി മാറി. 

 

ജെ ഹോപ്

 

കുട്ടിക്കാലം മുതൽ നൃത്തത്തിൽ മികവ് തെളിയിച്ചവനാണ് ജെ ഹോപ്. സ്കൂൾ കാലത്തുതന്നെ വാരിക്കൂട്ടിയത് നിരവധി സമ്മാനങ്ങൾ. ഡാൻസ് കരിയർ ആക്കുന്നതിനെ അച്ഛൻ എതിർത്തെങ്കിലും അമ്മ ഒപ്പം നിന്നു. പിന്നീട് നൃത്തവുമായി ജീവിതം മുന്നോട്ട് നീങ്ങി. ബിടിഎസില്‍ എത്തിയതോടെ ലോകം ജെ ഹോപ്പിന്റെ ചുവടുകളെ വിസ്മയത്തോടെ കണ്ടിരുന്നു. മകനെ ഓർത്ത് പിന്നീട് അച്ഛനും വാനോളം അഭിമാനിച്ചു. 

 

ഷുഗ

 

ശമ്പളം പോലുമില്ലാതെ റെക്കോർഡിങ് സ്റ്റുഡിയോയിൽ ജോലി ചെയ്യേണ്ടി വന്ന ഒരു ഭൂതകാലമുണ്ട് ഷുഗയ്ക്ക്. അതെല്ലാം പാട്ടിനോടുള്ള അഭിനിവേശം കൊണ്ടു മാത്രമായിരുന്നു. കഷ്ടപ്പാടും കഠിനാധ്വാനവും കൊണ്ട് ഒടുവിൽ ബിടിഎസിലൂടെ ലോകം വാഴ്ത്തിയ സംഗീതജ്ഞനായി ഷുഗ വളർന്നു. 

 

ജിൻ

 

മാധ്യമപ്രവർത്തകൻ ആകാൻ മോഹിച്ചു നടന്ന ബാല്യമായിരുന്നു ജിനിന്റേത്. ജൂനിയർ ഹൈസ്കൂളിൽ ആയിരുന്ന കാലത്ത് ഒരു കെ പോപ് ഏജൻസി ജിനിനെ കൂടെ കൂട്ടാൻ ശ്രമിച്ചു. എന്നാൽ അവസരം വേണ്ടെന്നു വച്ച് ജിൻ അഭിനയം പഠിക്കാൻ പോയി. അതിനിടയിൽ അപ്രതീക്ഷിതമായാണ് ബിടിഎസിന്റെ ഒഡീഷനിൽ പങ്കെടുത്തത്. ഏഴംഗസംഘത്തിൽ ഒരുവനായതോടെ ജീവിതം മാറിമറിഞ്ഞു. 

 

ജിമിൻ

 

ബിടിഎസിന്റെ ഓഡിഷനിൽ വെറുതെയൊന്നു പങ്കെടുക്കൂ എന്നു പറഞ്ഞ് ജിമിനെ നിർബന്ധിച്ച് അയച്ചത് അധ്യാപികയാണ്. ആ നിർബന്ധം പാഴായില്ല. വി തിരഞ്ഞെടുക്കപ്പെട്ടു. ബിടിഎസിൽ എത്തിയതോടെ തലവര തെളിഞ്ഞു. കൂട്ടത്തിൽ ആഭരണങ്ങളുടെ വമ്പൻ ശേഖരം ഉള്ളതും ജിമിനാണ്. ജിമിന്റെ കമ്മലുകളും മാലയുമെല്ലാം പ്രകടനങ്ങള്‍ക്കൊപ്പം ട്രെൻഡ് ആയി മാറി. 

 

ജങ് കുക്

 

ബിടിഎസിലെ ഓൾ‌റൗണ്ടർ ആണ് ജങ് കുക്. അത്‌ലറ്റിക്സ്, പെർഫോമിങ് ആർട്സ്, കംപോസിങ്, വിഡിയോഗ്രഫി തുടങ്ങി എല്ലാത്തിലും സമർഥൻ. ബിടിഎസിന്റെ ഭാഗമായതോടെ ലോകമെമ്പാടും ആരാധകരെ വാരിക്കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com