വിവാഹവീട്ടിലെ കലവറയിൽ നടന്ന ആഘോഷ വിഡിയോ വൈറൽ ആകുന്നു. ആഹാരം പാകം ചെയ്യുന്നവരും വിളമ്പുന്നവരും ചേര്‍ന്നു താളത്തിൽ ചുവടുവയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍. വധുവിന്റെ വീട്ടിൽ നിന്നുള്ള രംഗമാണിത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലെ ‘ഉയ്യാരം പയ്യാരം’ എന്ന കല്യാണപ്പാട്ടിനൊപ്പമാണ് സംഘത്തിന്റെ രസകരമായ നൃത്തച്ചുവടുകൾ.
കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ഈ വിഡിയോ. എല്‍.ജി.എം. വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്കു വേണ്ടി ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറായ ഷിജില്‍ വിഡിയോ ചിത്രീകരിച്ചു. ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു വിവാഹം. വിവാഹ വിഡിയോ പുറത്തിറങ്ങിയതോടെ കലവറയിലെ ആഘോഷക്കാഴ്ചയുടെ ഭാഗത്ത് പാട്ട് കൂടി ചേർത്ത് ഷിജില്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. പതിവ് ആഘോഷക്കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഈ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.