വെടിയേറ്റു മരിച്ച പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ അവസാനത്തെ പാട്ട് സൂപ്പർ ഹിറ്റായതിനു പിന്നാലെ യൂട്യൂബ് നീക്കം ചെയ്തു. വിവാദ സത്‌ലജ്–യമുന ലിങ്ക് (എസ്‌വൈഎൽ) കനാലിനെക്കുറിച്ച് അതേ പേരിലുള്ള പാട്ട് വെള്ളിയാഴ്ചയാണു നിർമാതാക്കൾ സമൂഹമധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയത്. 2.7 കോടി വ്യൂസും 33 ലക്ഷം ലൈക്കുകളും നേടിയിരുന്നു. കനാൽ പദ്ധതിയുടെ പേരിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ പരസ്പരം ഇടഞ്ഞു നിൽക്കുകയാണ്.
കഴിഞ്ഞ മാസമാണ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാല കൊല്ലപ്പെട്ടത്. മാൻസയ്ക്കു സമീപമുള്ള മൂസവാല ഗ്രാമത്തിൽ നിന്നുള്ള സിദ്ദുവിന്റെ ഗാനങ്ങൾ ഗ്രാമീണ മേഖലകളിൽ പ്രശസ്തമാണ്. എസ്‌വൈഎൽ പാട്ടും ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. പാട്ട് പിന്‍വലിച്ചതിനെതിരെ നിരവധി പേരാണു വിമർശനവുമായി രംഗത്തെത്തിയത്. എസ്‌വൈഎൽ ഗാനത്തിന് ഇന്ത്യയിൽ മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ ഇത് ലഭ്യമാകും.