ADVERTISEMENT

പ്രശസ്തിയുടെ മറവിൽ അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലി ചെയ്ത കുറ്റകൃത്യങ്ങൾ കേട്ടാൽ കോടതി വിധിച്ച ശിക്ഷ കുറഞ്ഞു പോയെന്നേ മനഃസാക്ഷിയുള്ളവർ പറയൂ. 55 കാരനായ കെല്ലിയുടെ കൊടും ക്രൂരതയ്ക്ക് ഇരയായത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ നിരവധി പേർ. അവസരങ്ങൾ വാഗ്ദാനം ചെയ്ത് ആരാധികമാരെ പാട്ടിലാക്കിയ കെല്ലി വർഷങ്ങളോളം അവരെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കി. ശുചിമുറി സൗകര്യം പോലുമില്ലാത്ത കൊച്ചുമുറികളിൽ ദിവസങ്ങളോളം പൂട്ടിയിട്ട്, ആഹാരമോ വെള്ളമോ കൊടുക്കാതെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു. ഒടുവിൽ, വർഷങ്ങൾക്കിപ്പുറം പീഡനം സഹിക്കവയ്യാതെ ഒരു ഇരയുടെ ശബ്ദമുയർന്നു. പിന്നാലെ സമാന അനുഭവങ്ങൾ പങ്കിട്ട് നിരവധി പേർ എത്തി. ഇരകൾ ശബ്ദിച്ചു തുടങ്ങിയതോടെ അഴിക്കാൻ പറ്റാത്ത കുരുക്കിലായി ലോകസംഗീതജ്ഞരിൽ പ്രധാനിയായ കെല്ലിയുടെ ജീവിതം. ഇനിയുള്ള 30 വർഷങ്ങള്‍ കെല്ലി ജയിലിൽ! പാട്ടിനപ്പുറം റോബർട്ട് കെല്ലി സജീവ ചർച്ചയാകുമ്പോൾ ഗായകന്റെ പൂർവകാലം തിരയുകയാണ് ലോകം. 

 

കയ്പേറിയ ജീവിതം

 

1967 ജനുവരി 8ന് ഷിക്കാഗോയിലാണ് റോബർട്ട് സിൽവസ്റ്റർ കെല്ലി എന്ന ആർ. കെല്ലി ജനിച്ചത്. അമ്മ ജൊവാൻ കെല്ലി അധ്യാപികയായിരുന്നു. കെല്ലിയുടെ പിതാവ് ആരെന്നു വെളിപ്പെടുത്താൻ അമ്മ തയാറായിരുന്നില്ല. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത പിതാവ് കെല്ലിയുടെ ജീവിതത്തിലെ ഒരു അടഞ്ഞ അധ്യായമാണ്, അന്നും ഇന്നും. കെല്ലിക്ക് 5 വയസ്സുള്ളപ്പോൾ അമ്മ പുനർവിവാഹിതയയായി. ആ ബന്ധത്തിൽ മൂന്നു മക്കളുണ്ട്. സഹോദരങ്ങളുമായി കെല്ലി ‌സ്നേഹത്തിലാണു കഴിഞ്ഞത്. കുട്ടിക്കാലം മുതൽ പള്ളി ക്വയറിൽ കെല്ലി സജീവമായി. കുടുംബത്തിലുള്ള പ്രായമായ ഒരു സ്ത്രീ 6 വർഷത്തോളം കെല്ലിയെ ലൈംഗികമായി പീഡിപ്പിച്ചത് അവന്റെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവായി നീറിക്കൊണ്ടിരുന്നു. ഒരുകുടുംബസുഹൃത്തിൽ നിന്നുണ്ടായ പീഡനവും കെല്ലിയെ തളർത്തി. ഇക്കാര്യം ആത്മകഥയിൽ കെല്ലി വിവരിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ശാരീരിക മാനസിക പീഡനങ്ങൾക്കിടയിൽ ആശ്വാസമായത് സംഗീതമായിരുന്നു. 13 ാം വയസ്സിൽ സംഗീതം പഠിക്കാൻ തുടങ്ങി. അധ്യാപികയുടെ നിർദേശപ്രകാരം മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ഹൈസ്കൂൾ കാലത്ത് ഡിസ്‌ലെക്സിയ എന്ന പഠനവൈകല്യം ബാധിക്കുകയും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഷിക്കാഗോയുടെ തെരുവീഥികളില്‍ പാട്ടും പാടി നടന്നു. 

 

കെല്ലി എന്ന ക്രിമിനൽ

 

1992 ൽ ജൈവ് റെക്കോർഡ്സുമായി സഹകരിച്ച് ‘ബോൺ ഇൻടു ദ് നയന്റീസ്’ എന്ന ആൽബം കെല്ലി പുറത്തിറക്കി. പാട്ട് പ്രേക്ഷകർ ഏറ്റെടുത്തു. തൊട്ടടുത്ത വര്‍ഷം ‘12 പ്ലേ’ എന്ന സ്വതന്ത്ര സംഗീത ആൽബത്തിലൂടെ കെല്ലി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 1995ൽ ആദ്യ ഗ്രാമി നോമിനേഷൻ നേടി. 1998ൽ മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ വാരിക്കൂട്ടി ലോകത്തെ കയ്യടിപ്പിച്ചു. തുടർച്ചയായ ആൽബം റിലീസുകളിലൂടെ ലോകത്തെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായി കെല്ലി വളർന്നു. 

 

ഇതിനിടയിലാണ് വിവാദങ്ങളിൽ അകപ്പെട്ടത്. പീഡന ആരോപണങ്ങൾ തുടർച്ചായി പുറത്തുവന്നപ്പോഴും പണക്കൊഴുപ്പുകൊണ്ട് കെല്ലി അവയെ നേരിട്ടു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇരകളുടെ കൂട്ടത്തോടെയുള്ള ആരോപണങ്ങൾ കെല്ലിക്കു തിരിച്ചടിയായി. വർഷങ്ങളായി ഉയർന്നുവന്ന പീഡന പരാതികളിൽ കെല്ലി കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ ശിക്ഷാവിധി കുറിക്കപ്പെട്ടു. കെല്ലിയുടെ പീഡനപരമ്പര അക്കമിട്ടു നിരത്തിയ ശേഷം, മുതിർന്ന അഭിഭാഷക ഗ്ലോറിയ ആൾറെഡ് പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ ലോകത്തെ ഞെട്ടിച്ചു. ‘‘47 വർഷം നീണ്ട അഭിഭാഷകവൃത്തിയിൽ ആയിരക്കണക്കിനു പീഡന കേസ് പ്രതികളെ കണ്ടിട്ടുണ്ട്. എന്നാൽ അവരിലാരും കെല്ലിയുടെ അത്ര നീചന്മാർ അല്ല, ഇത്ര ക്രൂരമായി പെരുമാറാൻ ആർക്കും കഴിയില്ല.’’

 

വിവാഹം, വിവാദം

 

27 ാം വയസ്സിലാണ് കെല്ലി 15 കാരിയായ അലിയയെ വിവാഹം ചെയ്തത്. അതീവ രഹസ്യമായി നടത്തിയ ചടങ്ങ് പുറംലോകം അറിഞ്ഞത് വർഷങ്ങൾക്കിപ്പുറം. വിവാഹിതനാണെന്ന് ഒരിക്കൽപ്പോലും തുറന്നുപറയാൻ കെല്ലി തയാറായില്ല. അലിയയ്ക്കു പ്രായപൂർത്തിയായ ശേഷമായിരുന്നു വിവാഹമെന്നു സ്ഥാപിക്കാൻ സുഹൃത്തിന്റെ സഹായത്തോടെ കെല്ലി വ്യാജരേഖയുണ്ടാക്കി. ഇരുവരും വർഷങ്ങളോളം ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു. അലിയ തന്റെ അടുത്ത സുഹൃത്ത് ആണെന്നു പലപ്പോഴും കെല്ലി പറഞ്ഞിട്ടുണ്ടെങ്കിലും വിവാഹത്തെക്കുറിച്ചു സംസാരിക്കാൻ വിസമ്മതിച്ചു. 2001 ൽ ഉണ്ടായ വിമാനാപകടത്തിൽ അലിയ കൊല്ലപ്പെട്ടു. പിന്നീട് ഒരിക്കലും അലിയയെക്കുറിച്ചു കെല്ലി സംസാരിച്ചിട്ടില്ല. കെല്ലിയുടെ ആത്മകഥയിൽപ്പോലും അലിയയെക്കുറിച്ച് യാതൊന്നും പരാമർശിക്കപ്പെട്ടില്ല. സങ്കീർണമായ കാര്യങ്ങൾ ആത്മകഥയിൽ ഉൾപ്പെടുത്താനാകില്ല എന്നായിരുന്നു അതിനു കെല്ലി നൽകിയ വിദശീകരണം. 

 

കണ്ണില്ലാത്ത ക്രൂരത

 

1996 ൽ ആണ് കെല്ലിക്കെതിരെ ആദ്യ ലൈഗിംക പീഡന ആരോപണം ഉന്നയിക്കപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 3 വർഷം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. 1998 ൽ വൻ തുക നഷ്ടപരിഹാരമായി നൽകി കെല്ലി കേസ് ഒതുക്കിത്തീർത്തു. 2001 ൽ കെല്ലിക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി രംഗത്തെത്തി. 17 ാം വയസ്സിൽ തന്നെ കെല്ലി ലൈംഗികവൈകൃതത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം. തന്റെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിച്ചിരുന്നത് കെല്ലി ആണെന്നും യുവതി ആരോപിച്ചു. എന്നാൽ ഭീമമായ തുക നൽകി കോടതിക്കു പുറത്തുവച്ചു കെല്ലി കേസ് ഒതുക്കിത്തീർത്തു. തൊട്ടടുത്ത വർഷവും കെല്ലിയെ ആരോപണങ്ങൾ വേട്ടയാടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നും നിർബന്ധപൂർവം ഗർഭച്ഛിദ്രം നടത്തിയെന്നുമായിരുന്നു പരാതി. അതേ വർഷം തന്നെ മറ്റൊരു യുവതിയുമായി കെല്ലി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും വിഡിയോ പകർത്തി അത് കസെറ്റ് ആക്കി വിറ്റഴിക്കുകയും ചെയ്തു. പരാതികൾ ഉയർന്നെങ്കിലും അതൊന്നും കോടതിയിൽ എത്താത്തവിധം കെല്ലി പണമൊഴുക്കി തടഞ്ഞു. 

 

2002 ൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് അശ്ലീല വിഡിയോകൾ നിർമിച്ചതിന് കെല്ലിക്കു മേൽ 21 കേസുകൾ ചുമത്തപ്പെട്ടു. തുടർന്ന് അറസ്റ്റിലായ കെല്ലി 6 കോടി രൂപയുടെ ജാമ്യത്തിൽ പുറത്തിറങ്ങി. പീഡനത്തിനിരയായ പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്നു തെളിയിക്കാൻ സാധിക്കാതെ വരികയും ആറ് വർഷത്തിനൊടുവിൽ കോടതി കേസ് തള്ളിക്കളയുകയുമുണ്ടായി. തൊട്ടടുത്ത ദിവസം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് ചാനൽ ചർച്ചയിൽ കെല്ലി പറഞ്ഞത് വൻ പ്രതിഷേധങ്ങൾക്കു വഴിവച്ചു. 2002–2004 കാലയളവിൽ പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതിനും നഗ്നദൃശ്യങ്ങൾ വിറ്റഴിച്ചതിനും കെല്ലിക്കെതിരെ നിരവധി കേസുകൾ ചുമത്തപ്പെട്ടു. എന്നാൽ അതിൽ നിന്നെല്ലാം പണത്തിന്റെ സ്വാധീനത്താൽ തലയൂരി. 

 

2017–19 കാലയളവിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവഗായകരെ പീഡിപ്പിച്ചെന്നു പരാതിയുയർന്നു. പ്രണയം നടിച്ചു യുവതികളെ പാട്ടിലാക്കിയ കെല്ലി, അവരെ നിയന്ത്രിക്കുകയും വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നുമുൾപ്പെടെ അകറ്റിയെന്നും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും നിരന്തര പീഡനങ്ങൾക്ക് ഇരയാക്കിയെന്നും ആരോപിക്കപ്പെട്ടു. 2019 ൽ ഓട്ടോഗ്രാഫ് ചോദിച്ചെത്തിയ 17കാരിയെ പണം വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ച് നഗ്നയാക്കി നൃത്തം ചെയ്യിച്ചെന്ന് പെൺകുട്ടി പരാതിപ്പെട്ടെങ്കിലും ‘അസംബന്ധമായ ആരോപണം’ എന്നു ചൂണ്ടിക്കാട്ടി കേസ് തള്ളി. 

 

വർഷങ്ങളായി ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ, പെൺകുട്ടികളെയും സ്ത്രീകളെയും വാഗ്ദാനങ്ങൾ നല്‍കി വലയിൽ വീഴ്ത്തി, അവരെ ലൈംഗികമായി ദുരുപയോഗം ചെയ്തു, പീഡനത്തിന് ഒത്താശ ചെയ്തു, സെക്സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവായി പ്രവർത്തിച്ചു, ഇരകളെ ഭീഷണിപ്പെടുത്തി തുടങ്ങി ഒന്‍പതോളം കേസുകളില്‍ കെല്ലി കുറ്റക്കാരൻ ആണെന്ന് 2021 സെപ്റ്റംബറിൽ കോടതി കണ്ടെത്തി. ഒടുവിൽ 2022 ജൂൺ 29ന് 30 വർഷത്തെ തടവിന് കോടതി വിധിച്ചു. 

 

ലോകം കണ്ട ഏറ്റവും വലിയ പീഡന പരമ്പരയാണ് കെല്ലിയുടെ പേരിലുള്ളത്. കെല്ലി എന്ന കൊടുംകുറ്റവാളിയുടെ ഭീഷണിക്കു മുന്നിൽ സ്തബ്ധരായി, നിശബ്ദരായിപ്പോയ ഇരകൾക്കുള്ള നീതി കൂടിയാണ് ഈ 30 വർഷത്തെ ജയിൽ വാസം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com