ADVERTISEMENT

ഒരു കുഞ്ഞു വിഡിയോയിലൂടെ കണ്ണൂരിലെ നാട്ടുകാരും കല്യാണപ്പുരകളും ഇപ്പോൾ വൈറലാണ്. കലവറക്കാർ അറിയാതെ പകർത്തിയ ആ നൃത്തവിഡിയോയുടെ കഥയറിയുമ്പോൾ ആരായാലും പറയും, Wow,Real!

 

‘‘എല്ല ചന്ദ്രാട്ടാ... ഇങ്ങള് വൈറലായിന്നൊക്കെ കേട്ടിനല്ലാ... ഒള്ളതാന്ന്..?

– ആയീറ്റ് എത്ര കാലായപ്പാ.. ഫോണെടുത്ത് നോക്കറോ ഇങ്ങക്ക്. നമ്മള് മാത്രല്ലപ്പാ, നമ്മടെ കല്യാണപ്പൊരകളും ഇപ്പെ വൈറലാന്ന്!

 

വെറും മുപ്പത് സെക്കൻഡിൽ താഴെ മാത്രമുള്ള ഒരൊറ്റ വിഡിയോയിലൂടെ കണ്ണൂരിലെ നാട്ടുകാരും കല്യാണപ്പുരകളും ഇപ്പോൾ വൈറലാണ്. ആറുമാസം മുൻപു നടന്ന ഒരു കല്യാണത്തിന്റെ തലേന്നത്തെ വിഡിയോയാണ്‌ ലോകമാകെ അലയടിച്ചത്. ഏതാനും നിമിഷം കൊണ്ടു മനസ്സിലാകെ സന്തോഷം നിറയ്ക്കുന്ന എന്തോ ഒരു മാജിക് ഈ വിഡിയോയിലുണ്ടെന്നതു സത്യം. അപ്രതീക്ഷിതമായി സൂപ്പർ താരങ്ങളായി മാറിയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കണ്ണൂർ കക്കാട് പള്ളിപ്രം എന്ന സ്ഥലത്തെ നാട്ടുകാർ.

 

സന്തോഷക്കലവറ

 

കഴിഞ്ഞ ഡിസംബർ 13ന് ആയിരുന്നു പനയൻ ഹൗസിൽ ഷമീർ ബാബുവിന്റെയും സീമയുടെയും മകൾ സ്നേഹയുടെ വിവാഹം. കല്യാണത്തലേന്നു രാത്രി ബിരിയാണി വിളമ്പുന്നതിനിടെ പാട്ടിനൊപ്പം കലവറയിലെ കാരണവന്മാർ ചുവടുവയ്ക്കുന്നതിന്റെ വിഡിയോയാണ് തരംഗമായത്. അന്നു വീട്ടിൽ നടന്ന ഗാനമേളയിൽ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയിലെ ഊയാരം പായ്യാരം എന്ന പാട്ട് അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനൊത്താണു നാട്ടുകാർ ചുവടുവച്ചത്. വ്യക്തതയ്ക്കായി ഒറിജിനൽ പാട്ടു ചേർത്ത് എഡിറ്റ് ചെയ്ത് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് കളി മാറിയത്. പ്രദേശവാസികളായ ദ്വാരകനാഥ്‌, ചന്ദ്രബാബു, ശരത്, ശ്രീജിത്ത്‌, അഭിലാഷ്, ഡുഡു, ശംജിത് എന്നിവരെയാണു വിഡിയോയിൽ കാണുന്നത്.

 

‘‘സുഹൃത്തിന്റെ മോളുടെ കല്യാണമായിരുന്നു. ഏത് കല്യാണത്തിനു പോയാലും ഇതേരീതിയിൽ ജോളിയായിട്ടാണു നിക്കാറുള്ളത്. ഇവിടത്തെ കല്യാണത്തിനു വന്നാ നിങ്ങക്ക് അറിയാ, നാട്ടുകാരും വീട്ടുകാരുമൊക്കെ ചേർന്നാണു ഭക്ഷണം വയ്ക്കലും കൊടുക്കലുമൊക്കെ. അങ്ങനെ നിക്കുമ്പോൾ പാട്ടൊക്കെയായി ഒന്ന് ഡാൻസ് കളിച്ചതാണ്’’–  ബിരിയാണിപ്പാത്രം കൈമാറുന്നതിനൊപ്പം അപാര സ്റ്റെപ്പിട്ട് താളത്തിൽ ചുവടുവച്ച ജോൾഡ് എന്ന ദ്വാരകനാഥ് പറയുന്നു. ക്യാമറയിൽ പകർത്തുന്നത് അറിഞ്ഞിരുന്നെങ്കി‍ൽ ഈ ഡാൻസൊന്നും വരില്ലായിരുന്നെന്നു കൂട്ടത്തിലെ മൂപ്പൻ ചന്ദ്രബാബു പറഞ്ഞു.

കലവറയിലെ ഡാൻസ് ആരും അറിയാതെ എച്ച്ഡി ക്വാളിറ്റിയോടെ പകർത്തിയത് എൽജിഎം വെഡിങ് സ്റ്റുഡിയോയ്ക്കു വേണ്ടി ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ ഷിജിലാണ്. ഷിജിൽ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തതും.‘‘ ഭക്ഷണം കഴിക്കാൻ കലവറയ്ക്കു സമീപം വന്നപ്പോഴാണ് ഡാൻസ് കണ്ടത്.  ഒരുപാടു കല്യാണങ്ങൾ എടുത്തിട്ടുണ്ടെങ്കിലും ഇതുപോലെ വൈറലായി മറ്റൊന്നുമില്ല. ഇതുപോലൊരു ഡാൻസും വേറെ എവിടെയും കണ്ടിട്ടില്ല. എല്ലാരും നല്ല വൈബായിരുന്നു.’’ – ഷിജിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com