ADVERTISEMENT

ദേശീയ പുരസ്കാരം ലഭിച്ചതിനെത്തുടര്‍ന്ന് ഗായിക നഞ്ചിയമ്മയ്ക്കെതിരെ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ അൽഫോൻസ് പുത്രൻ. നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്നും യഥാർഥത്തിൽ ആ പാട്ടിന്റെ സംഗീതസംവിധായികയും ഗായികയും ഗാനരചയിതാവും നഞ്ചിയമ്മയാണെന്നും അൽഫോൻസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിമർശകർക്ക് അതിനുള്ള അർഹതയില്ലെന്നും അവർക്ക് നഞ്ചിയമ്മ പാടിയ പാട്ടിനെ മനസ്സിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

അൽഫോൻസ് പുത്രന്റെ കുറിപ്പിന്റെ പൂർണരൂപം:

 

നഞ്ചിയമ്മ ദേശീയ പുരസ്‌കാരത്തിന് അർഹയാണ്. അതിനെ എതിർക്കുന്നവർ, അവരുടെ സംഗീതം മനസ്സിലാകാക്കുന്നില്ല. അവർക്ക് ഞാൻ എതിരാണ്. കർണാടക സംഗീതം ചലച്ചിത്ര സംഗീതത്തിലെ ഒരു വിഭാഗം മാത്രമാണ്. പ്രാചീന വിഭാഗങ്ങൾ മുതൽ ഇന്നത്തെ വിഭാഗങ്ങൾ വരെ ലോകത്തിലെ ഏത് സംഗീത വിഭാഗത്തെയും ചലച്ചിത്ര സംഗീതത്തിൽ ഉൾപ്പെടുത്താം. അതുകൊണ്ട് നഞ്ചിയമ്മയെ വിമർശിക്കുന്നവർ അതിന് യോഗ്യരല്ല എന്നു മനസ്സിലാക്കണം. 

 

പിന്നെ, നഞ്ചിയമ്മ പാടിയ രാഗം എനിക്കറിയാം. ആ രാഗം പക്ഷേ വിമർശകർക്ക് അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. യഥാർഥത്തിൽ ആ പാട്ടിന്റെ സംഗീതസംവിധായികയും ഗായികയും ഗാനരചയിതാവും നഞ്ചിയമ്മയാണ്. പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ സംഗീത പ്രോഗ്രാമറും സംഗീത പ്രേമിയുമാണ് ജേക്സ് ബിജോയ്. അതുകൊണ്ട് കർണാടക സംഗീതത്തിൽ മാത്രം അറിവുള്ള ഒരാൾക്ക് നഞ്ചിയമ്മയെ വിലയിരുത്താൻ കഴിയില്ല. കർണാടകത്തേക്കാൾ പഴക്കമുള്ള പാൻ സംഗീതമാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. ഏത് മേളകർത്താ രാഗമാണ് ഗാനം എന്ന് പറയാൻ വിമർശകരെ ഞാൻ വെല്ലുവിളിക്കുന്നു. 

 

ഇളയരാജ സർ, എ.ആർ റഹ്മാൻ സർ, ശരത് സർ, ലിഡിയൻ നാദസ്വരം തുടങ്ങിയ ചുരുക്കം ചില സംഗീതസംവിധായകർക്കു മാത്രമേ ഇത് അറിയൂ എന്ന് എനിക്ക് ഉറപ്പുണ്ട്. ജേക്സിനു രാഗം അറിയാമായിരുന്നു. ചില സംഗീത പ്രേമികളോ അധ്യാപകരോ അതിന് ഉത്തരം പറഞ്ഞേക്കാം. 

 

അങ്ങനെ വീണ്ടും ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു, നഞ്ചിയമ്മയെയും സച്ചി ഏട്ടനെയും അയ്യപ്പനും കോശിയും ടീമിനെയും ഓർത്ത് അഭിമാനിക്കുന്നു’, അൽഫോൻസ് പുത്രൻ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com