ഗായിക അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷ് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അമൃതയുടെ രസകരമായ ഹ്രസ്വ വിഡിയോ പങ്കിട്ടാണ് അഭിരാമി ആശംസ അറിയിച്ചത്. വിഡിയോയ്ക്കൊപ്പം ഗായിക കുറിച്ച വാക്കുകൾ ഇങ്ങനെ:
‘ആശംസ അറിയിക്കാൻ അൽപം വൈകി. പക്ഷേ ഒരിക്കലും ഒരുപാട് വൈകില്ല. ആകാശത്തിനു കീഴിൽ എനിക്കേറ്റവും പ്രിയപ്പെട്ട ആൾ ആണിത്. ജന്മദിനാശംസകൾ. ഈ സ്ത്രീ രത്നത്തെ എന്റെ രക്തത്തിന്റെ ഭാഗമാക്കിയതിനു സർവശക്തനായ ദൈവത്തിനു നന്ദി പറയുന്നു. ഒരു തൂൺ പോലെ ശക്തയും ഒരു പുഷ്പം പോലെ മൃദുവും ആണ് അവൾ. അതിഗംഭീരമായ ഈ യാത്ര ഇനിയും തുടരട്ടെ. എന്നും എന്റെ സഹോദരിയും ഉറ്റസുഹൃത്തും ആയിരിക്കുക. നാം ഒരുമിച്ചുള്ള രാപകലുകൾ ഇനിയുമൊരുപാട് ഉണ്ടാകട്ടെ’.
അഭിരാമിയുടെ ആശംസാകുറിപ്പിനു പിന്നാലെ നിരവധി പേരാണ് അമൃതയ്ക്കു ജന്മദിനാശംസകൾ നേര്‍ന്നു രംഗത്തെത്തിയത്. ഓഗസ്റ്റ് 2നാണ് അമൃത 32ാം പിറന്നാൾ ആഘോഷിച്ചത്. ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ അമൃതയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടു പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒരുമിച്ചതിനു ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാളാണിത്.